അടുത്ത ഊഴം നയനയുടെ ആയിരുന്നു. അമ്മയുടെയും അച്ഛന്റെയും കണ്ണുകൾ അവളിൽ എത്തി നിന്നു. ഇപ്പൊ എനിക്ക് ഉറപ്പായി ഈ കല്യാണം നടക്കും എന്ന്.
എനിക്ക് അമ്മയുടെ കാൽ തൊട്ട് മാപ്പ് പറയണം എന്ന് തോന്നി. അമ്മയെ പറ്റിച്ചു ഈ കല്യാണം ഉറപ്പിക്കാൻ നോക്കിയതിനു. എന്റെ സന്തോഷം ഒന്നും പുറത്തേക്ക് വന്നില്ല.
“നീ എന്താ മോളെ ഒന്നും പറയാത്തത്. മോളെ അച്ഛൻ നിര്ബന്ധിക്കില്ല. പക്ഷേ ഇതിലും നല്ലൊരു ബന്ധം മോൾക്ക് കിട്ടില്ല അത് അച്ഛന് ഉറപ്പാണ്.” അച്ഛൻ നയനയെ നോക്കി പറഞ്ഞു.
“അച്ഛന് സമ്മതം ആണെങ്കിൽ എനിക്കും സമ്മതം ആണ്.” നയന നാണത്തോടെ മൊഴിഞ്ഞു. അച്ഛന്റെയും അമ്മയുടെയും കണ്ണിൽ സന്തോഷത്തിന്റെ ഒരായിരം പൂത്തിരി കത്തിയ പോലെ തോന്നി. പക്ഷേ എനിക്ക് മനസ്സ് തുറന്നു സന്തോഷിക്കണം എങ്കിൽ അമ്മയോട് എല്ലാം തുറന്നു പറയണമായിരുന്നു.
അന്ന് ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ അമ്മയ്ക്ക് അവൾ മകൾ ആയി മാറിയിരുന്നു. ************************
പിന്നീട് ഉള്ള കാര്യങ്ങൾ ഒക്കെ നടന്നത് ഞങ്ങൾ രണ്ടാളും പ്രതീക്ഷിക്കാത്ത വേഗത്തിൽ ആയിരുന്നു. രണ്ടാഴ്ചക്ക് ഉള്ളിൽ തന്നെ നിശ്ചയം നടന്നു. എല്ലാം ഒരു സ്വപ്നം പോലെ തോന്നി ഞങ്ങൾക്ക്. എല്ലാത്തിനും ചുക്കാൻ പിടിക്കാൻ ആമി മുന്നിൽ തന്നെ ഉണ്ടായിരുന്നു. അമ്മയോട് പക്ഷേ ഈ കാര്യം മാത്രം എനിക്ക് തുറന്നു പറയാൻ പറ്റിയില്ല. അമ്മക്ക് എപ്പോഴും കല്യാണത്തിന്റെ പ്ലാനിങ്ങിന്റെ തിരക്ക് തന്നെ.
പിന്നെ പതുക്കെ ഞാനും ഓരോ തിരക്കുകളിലേക്ക് വീണ് തുടങ്ങി. മുന്നിട്ട് നിന്ന് ചെയ്യാൻ ഞങ്ങൾക്ക് അങ്ങനെ ആരും ബന്ധുക്കൾ ഇല്ലായിരുന്നു. അച്ഛന്റെ മരണശേഷം സ്വത്ത് തട്ടി എടുത്ത് ഞങ്ങളെ വഴിയാധാരം ആക്കിയ അച്ഛന്റെ കുടുംബക്കാരെ ഒന്നും തന്നെ അമ്മ അടുപ്പിച്ചില്ല. അത്കൊണ്ട് തന്നെ ഞങ്ങൾക്ക് ആകെ ഉണ്ടായിരുന്ന സ്വന്തം എന്ന് പറയാവുന്നത് ആമിയുടെ കുടുംബം മാത്രം ആയിരുന്നു.
വിനയേച്ചിയും ചേട്ടനും എല്ലാം എല്ലാ കാര്യങ്ങളും ഏറ്റെടുത്തു ചെയ്യാൻ തുടങ്ങി. ആമി പിന്നെ ഇത് ഉറപ്പിച്ചത് മുതൽ നിലത്ത് ഒന്നുമല്ല. ഡെയിലി എന്റെ ഫോണിൽ നിന്ന് നയനയെ വിളിക്കും. ഞാൻ അവളുമായി സൊള്ളാൻ നോക്കിയാൽ ആമി സമ്മതിക്കില്ല.