ആമിക്ക് പറ്റിയ കൂട്ടായിരുന്നു നയന. രണ്ടും ഒന്നിനൊന്നു മെച്ചം.
നിശ്ചയം കഴിഞ്ഞു 2 മാസത്തിനു ഉള്ളിൽ കല്യാണം നടത്താൻ തീരുമാനിച്ചു. പിന്നെ അതിനു ഉള്ള ഓട്ടത്തിൽ ആയിരുന്നു. ബന്ധുക്കൾ ഒന്നും അങ്ങനെ ഇല്ലാത്തതു കൊണ്ട് വളരെ ചെലവ് ചുരുക്കിയ കല്യാണം മതി എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ************************ അങ്ങനെ ഇന്ന് എന്റെ കല്യാണം ആണ്. രാവിലെ 11 മണിക്ക് ആണ് മുഹൂർത്തം. ഞാൻ പറഞ്ഞത് പോലെ തന്നെ പ്രേമിച്ചു നടക്കാൻ ഒന്നും സമയം കിട്ടിയില്ല. എല്ലാം കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ആയിരുന്നു.
കതിർമണ്ഡപത്തിൽ അവളെ പ്രതീക്ഷിച്ചു ഇരിക്കുമ്പോൾ എനിക്ക് ലോകം വെട്ടിപ്പിടിച്ച സന്തോഷം ആയിരുന്നു. ചുവന്ന പട്ടുസാരി ഉടുത്തു ഒരു കൂട്ടം ചെറിയ കുട്ടികളുടെ അകമ്പടിയോടെ അവൾ വരുന്നത് ഞാൻ കണ്ണിമ വെട്ടാതെ നോക്കി നിന്നു.
കഴുത്തിൽ എന്റെ താലി വീണപ്പോൾ കണ്ണടച്ച് തൊഴുതു നിന്ന അവളെ കണ്ടപ്പോൾ അവളെ നെഞ്ചോടു ചേർത്ത് അണയ്ക്കാൻ എനിക്ക് തോന്നി. ********** എല്ലാം മംഗളകരമായി തന്നെ നടന്നു. അച്ഛനോട് യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നെനിക്ക് അറിയില്ലായിരുന്നു. പുറമെ സന്തോഷം അഭിനയിച്ചു എങ്കിലും അച്ഛന്റെ ഉള്ളിൽ തിരയടിക്കുന്ന സങ്കടം ഞാൻ മനസ്സിലാക്കി. കാറിൽ എന്റെ തോളിൽ തല ചായ്ച്ചു കിടന്നു കരഞ്ഞ നയനയെ ഞാൻ ചേർത്ത് പിടിച്ചു.
അമ്മ നൽകിയ നിലവിളക്ക് ഏന്തി എന്റെ വീടിന്റെ പടി അവൾ കയറി. അമ്മയുടെ മുഖത്ത് അന്ന് വരെ ഞാൻ കാണാത്ത ഒരു തെളിച്ചം അന്ന് ഞാൻ കണ്ടു. ******************
കല്യാണം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ നയന എന്റെ വീട്ടിൽ അല്ല ഞങ്ങളുടെ വീട്ടിൽ സെറ്റ് ആയി. എല്ലാ കാര്യങ്ങൾക്കും ആമി ഉണ്ടായിരുന്നു കൂടെ. ആമി അവളുടെ കൂട്ടുകാർക്ക് പോലും നയനയെ പരിചയപ്പെടുത്തുന്നത് അവളുടെ ചേച്ചി എന്ന് പറഞ്ഞാണ്. നയനയും അതേപോലെ തന്നെ ആയിരുന്നു അവളോട്.
ശാസിക്കേണ്ടിടത്തു ശാസിച്ചും, ചേർത്ത് നിർത്തേണ്ട സമയം ചേർത്ത് നിർത്തിയും ആമിക്ക് അവൾ ഒരു ചേച്ചി തന്നെ ആയിരുന്നു. ഞങ്ങൾ മൂന്ന് പേരും ഒറ്റ മക്കൾ ആയത്കൊണ്ട് തന്നെ ഞാനും നയനയും ഒരു പെങ്ങളുടെ കുറുമ്പും വാശിയും സ്നേഹവും ഒക്കെ കണ്ടെത്തുന്നത് ആമിയിൽ ആയിരുന്നു. അത്പോലെ തന്നെ അവളും ഞങ്ങളിൽ കണ്ടിരുന്നത് സ്വന്തം ചേട്ടനെയും ചേച്ചിയെയും തന്നെ ആയിരുന്നു.