ആര് എന്ത് പറഞ്ഞാലും എതിർത്തു പറയുന്ന ആമി നയനയുടെയും അമ്മയുടെയും മുന്നിൽ മാത്രം ഒരു പൂച്ച കുഞ്ഞിനെപോലെ ആയിരുന്നു.
അമ്മക്ക് നയനയോട് ഉള്ള സ്നേഹവും കരുതലും കണ്ടപ്പോൾ എന്റെ മനസ്സിലെ കുറ്റബോധം വീണ്ടും ഉണർന്നു. നയനയ്ക്കും അത് തന്നെ ആയിരുന്നു സങ്കടം. ഞങ്ങൾ ഒരു അവസരത്തിനായി കാത്തിരുന്നു.
അങ്ങനെ ആ ദിവസം വന്നെത്തി. ഒരു ഏറ്റുപറച്ചിലിന്റെ ദിവസം. അച്ഛൻ നയനയെ കാണാൻ വന്ന ഒരു ദിവസം ആണ് ഞങ്ങൾ അതിനു തിരഞ്ഞെടുത്തത്. അന്നൊരു ഞായറാഴ്ച ആയിരുന്നു. ഉച്ചക്കത്തെ ഭക്ഷണം ഒക്കെ കഴിഞ്ഞു എല്ലാവരും വിശ്രമിക്കുമ്പോൾ ഞാനും നയനയും പതിയെ ഈ വിഷയം എടുത്തിട്ടു. എല്ലാത്തിനും സാക്ഷിയായി ആമിയും വിനയേച്ചിയും ഉണ്ടായിരുന്നു.
“അച്ഛനോടും അമ്മയോടുമായി ഞങ്ങൾക്ക് ഒരു കാര്യം പറയാനുണ്ട്.” ഹാളിൽ കസേരയിട്ട് കഥ പറഞ്ഞ് ഇരുന്ന എല്ലാവരും ഞങ്ങളെ നോക്കി.
“എന്താടാ ഇതുവരെ കാണാത്ത ഒരു ബലം പിടുത്തം? എന്താ മോളെ? ” അമ്മ നയനയോട് സംശയത്തോടെ ചോദിച്ചു.
“അത്… പിന്നേ…” നയന ഒന്ന് വിക്കി. ആമിക്ക് മാത്രം കാര്യം മനസ്സിലായി. പക്ഷേ അവൾ ഒന്നും മിണ്ടിയില്ല. എല്ലാം കേട്ട് ഇരുന്നു.
“നിങ്ങൾ ഞങ്ങളോട് ക്ഷമിക്കണം. ഞങ്ങൾ തമ്മിൽ ആദ്യമേ ഇഷ്ടത്തിൽ ആയിരുന്നു. അടുപ്പം ഇല്ലാത്തതു പോലെ ഒക്കെ അഭിനയിച്ചത് ആണ്. അച്ഛൻ നയനയ്ക്ക് പെട്ടെന്ന് കല്യാണം ആലോചിക്കാൻ തുടങ്ങിയപ്പോ അത് മുടക്കാൻ ഉള്ള വെപ്രാളം കൊണ്ട് ആണ് ഞങ്ങൾക്ക് അതെല്ലാം മറച്ചു വെക്കേണ്ടി വന്നത്. ഒരുപക്ഷെ നിങ്ങളിൽ ആരെങ്കിലും ഈ ബന്ധത്തെ എതിർത്തലോ എന്ന് പേടിച്ചാണ് ഞങ്ങൾ ഇതൊരു സാദാരണ കല്യാണ ആലോചന പോലെ പ്ലാൻ ചെയ്തു നടത്തിയത്. പക്ഷേ അന്ന് മുതൽ ഇന്ന് വരെ അതിന്റെ കുറ്റബോധം ഞങ്ങളെ വിട്ട് പോയില്ല. കല്യാണത്തിന് മുന്നേ തന്നെ ഇത് പറയാൻ ഞാൻ പലവട്ടം തുനിഞ്ഞത് ആണ് പക്ഷെ നിങ്ങളുടെ സന്തോഷം ഒക്കെ കണ്ടപ്പോ ഞങ്ങൾ വീണ്ടും ഒന്ന് മടിച്ചു. പക്ഷേ ഇനിയും ഇത് പറയാതെ ഇരിക്കാൻ എനിക്ക് വയ്യമ്മേ. ഞങ്ങളോട് ക്ഷമിക്കണം.” ഒറ്റ ശ്വാസത്തിൽ ഞാൻ ഇത്രയും പറഞ്ഞു നിർത്തി.