എല്ലാവരുടെയും ചിരി മാഞ്ഞു. ഗൗരവത്തിൽ ആയി. നയന എന്നോട് ചേർന്ന് തന്നെ നിന്നു. എന്തും നേരിടാൻ ഉള്ള മനസ്സ് ആയിരുന്നു അപ്പോൾ.
ആരും ഒന്നും മിണ്ടിയില്ല. നിശബ്ദത ആണ് ഏറ്റവും ഭയാനകം എന്ന് തോന്നിപ്പോയി. ഞാൻ വളരെ പണിപ്പെട്ട് അമ്മയുടെ മുഖത്തേക്ക് നോക്കി. ഞങ്ങളെ തന്നെ തുറിച്ചു നോക്കി ഇരിക്കുന്നു. അച്ഛനും അത് പോലെ തന്നെ. ആദ്യമായി ഞങ്ങൾക്ക് അവരെ നേരിടാൻ ബുദ്ധിമുട്ട് തോന്നി.
ഞങ്ങൾ നോക്കി നിൽക്കെ അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അത് പതിയെ അച്ഛനിലേക്കും ആമിയിലേക്കും വിനയേച്ചിയിലേക്കും പടർന്നു കയറി. അധികം വൈകാതെ തന്നെ ആ പുഞ്ചിരി ഒരു പൊട്ടിച്ചിരി ആയി മാറി. അവർ തമ്മിൽ തമ്മിൽ നോക്കുമ്പോഴൊക്ക ചിരിയുടെ പവർ കൂടി കൂടി വന്നു. ഒന്നും മനസ്സിലാവാതെ ഞാനും നയനയും കണ്ണ് മിഴിച്ചു നിന്നു.
ചിരി തെല്ലൊന്നു ഒടുങ്ങിയപ്പോൾ അമ്മ പറഞ്ഞു തുടങ്ങി.
“നിങ്ങൾ എന്താ പിള്ളേരെ ഞങ്ങൾ കാർന്നോന്മാരെ പറ്റി വിചാരിച്ചു വെച്ചേക്കുന്നേ? ഞങ്ങളൊക്കെ വെറും മണ്ടന്മാർ ആണെന്നോ? ങേ? ഞങ്ങൾ ഇതൊന്നും അറിയില്ല എന്നാണോ നിങ്ങളുടെ വിചാരം? നിന്നോട് ഞാൻ ഒരു ആയിരം വട്ടം ചോദിച്ചതാ നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്ന്. അല്ലേ?” അമ്മ എന്നെ നോക്കി ചോദിച്ചു. ഞാൻ അപ്പോഴും ചുറ്റും നടക്കുന്നത് മനസ്സിലാക്കി എടുക്കാൻ പാട് പെടുവായിരുന്നു.
“എന്റെ മോളെ, നിന്റെ ഏതെങ്കിലും ഇഷ്ടത്തിന് ഈ അച്ഛൻ എതിര് നിന്നിട്ടുണ്ടോ നിനക്ക് ഒരു വാക്ക് അച്ഛനോട് പറഞ്ഞൂടായിരുന്നോ? ഞങ്ങൾ നടത്തി തരില്ലേ ഇത്. ഈ നാടകത്തിന്റെ ഒക്കെ ആവിശ്യം ഉണ്ടായിരുന്നോ?” നയനയ്ക്കും ഉത്തരം ഇല്ലായിരുന്നു.
“അച്ഛാ ഞങ്ങൾ വേണോന്ന് വെച്ച് അല്ല ഈ നാടകം കളിച്ചത്.” നയന അത് പറഞ്ഞതും വീണ്ടും എല്ലാവർക്കും ചിരി പൊട്ടി.
“ആര് നാടകം കളിച്ചു എന്നാ എന്റെ മക്കൾ ഈ പറയുന്നേ?” അച്ഛന്റെ ചോദ്യത്തിന് മുന്നിൽ ഞങ്ങൾ ഒന്ന് കുഴങ്ങി.
“ഞ… ഞങ്ങൾ…” ഞാൻ വീണ്ടും സംശയത്തോടെ പറഞ്ഞു.
“ഉണ്ട…. ഇവിടെ ഇത്രനാളും നാടകം കളിച്ചതും ആളെ പറ്റിച്ചതും നിങ്ങൾ രണ്ടാളും അല്ല… അത് ഞങ്ങളാണ്!!!!” അത്ര നേരം എല്ലാം കേട്ട് ചിരിച്ചോണ്ട് ഇരുന്ന ആമി ഇടപെട്ടു.