“ങേ…” ഞാനും നയനയും ഒരുപോലെ വാ പൊളിച്ചുപോയി.
ഞങ്ങളുടെ ആ നിൽപ്പ് കണ്ട് അമ്മ പറഞ്ഞു തുടങ്ങി.
“ഡാ.. നയനമോളെ ആദ്യമായി കണ്ടപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചതാ ഇവൾ ആണ് എന്റെ മോളെന്നു. നിന്നോട് അത് അപ്പൊ പറഞ്ഞാൽ നീ ചാടി കടിക്കാൻ വരും അതാ ഞാൻ മിണ്ടാഞ്ഞത്. അന്ന് അവിടെ നിന്നു പോന്നു കഴിഞ്ഞ് പിന്നെ എങ്ങനെ നയനമോളെ കാണും എന്ന് കരുതി ഇരിക്കുവാരുന്നു ഞാൻ അപ്പോഴാണ് ആമിമോൾ കിടന്ന ഹോസ്പിറ്റലിൽ വെച്ച് അവിചാരിതമായി ഞാൻ വീണ്ടും മോളെ കാണുന്നത്. അത് എനിക്ക് ഒരു പിടിവള്ളി ആയിരുന്നു. പിന്നെ നിങ്ങളെ എങ്ങനെ ഒന്നിപ്പിക്കാം എന്നായിരുന്നു എന്റെ ചിന്ത. അന്ന് മോളെ കൊണ്ടുപോയി വീട്ടിൽ ആക്കാൻ പറഞ്ഞത് എന്തിനാരുന്നു എന്നാ നിന്റെ വിചാരം?” അമ്മ പറഞ്ഞു നിർത്തി.
എനിക്ക് തല കറങ്ങുന്ന പോലെ തോന്നി. നയന നാണം കൊണ്ടാണോ പേടി കൊണ്ടാണോ എന്നറിയില്ല ഇളിച്ചു തന്നെ നിക്കുന്നു.
“അന്ന് മോളെ വീട്ടിൽ കൊണ്ടുവന്നു സുരക്ഷിതമായി ആക്കിയപ്പോൾ എനിക്ക് അരവിന്ദിനോട് ഒരു ഇഷ്ടം തോന്നിയിരുന്നു. ഈ ഫസ്റ്റ് ഇമ്പ്രെഷൻ എന്നൊക്കെ പറയും പോലെ. പക്ഷേ അന്നൊന്നും ഞാൻ ഒരു കല്യാണം ആ രീതിയിൽ ഒന്നും ചിന്തിച്ചിരുന്നില്ല. എന്നാൽ എനിക്ക് അങ്ങനെ ചിന്തിച്ചു തുടങ്ങാൻ അധികം നാൾ വേണ്ടി വന്നില്ല.” അച്ഛൻ അച്ഛന്റെ ഭാഗം പറഞ്ഞു.
“ഇനി ഞാൻ പറയും…” ആമി തുടങ്ങി. ” ഏട്ടൻ നയനേച്ചിയെ വീട്ടിൽ ആക്കാൻ പോയപ്പോൾ തന്നെ ഞങ്ങൾ നിങ്ങളുടെ കല്യാണത്തിന് ഉള്ള പ്ലാനിങ് തുടങ്ങി ചെറുതായിട്ട്. അതിന് ആദ്യം വേണ്ടത് നിങ്ങൾ തമ്മിൽ അടുക്കണം. അതിന്റെ ആദ്യത്തെ പടി എന്നോണം ആണ് വല്യമ്മ ചേച്ചിയെ വീട്ടിൽ കൊണ്ട് വിടാൻ പറഞ്ഞത്. അന്ന് മഴ പെയ്യണെ എന്നാരുന്നു വല്യമ്മേടെ പ്രാർത്ഥന. അപ്പൊ നിങ്ങൾക്ക് കൊറച്ചു സമയം കൂടുതൽ സംസാരിക്കാൻ പറ്റുമല്ലോ. അങ്ങനെ ചേച്ചിയെ വീട്ടിൽ കൊണ്ടുപോയി വിട്ട് വന്ന ശേഷം ഈ ആമിമോൾ ചാര പ്രവർത്തനം തുടങ്ങി. ഏട്ടൻ അറിയാതെ തന്നെ ഏട്ടന്റെ എല്ലാ പരിപാടികളും ഞാൻ വീക്ഷിക്കാൻ തുടങ്ങി.” ആമിയും പറഞ്ഞു നിർത്തി.