“അത് കഴിഞ്ഞു വീണ്ടും നയനാമോൾ ഹോസ്പിറ്റലിൽ വന്നപ്പോൾ നിങ്ങൾ തമ്മിൽ ഫോണിൽ സംസാരിക്കാൻ അവസരം കൊടുത്താൽ കൊറേ കൂടി നന്നായിരിക്കും എന്നെനിക്ക് തോന്നിയത്. അത്കൊണ്ടാണ് ഏതോ ഒരു മരുന്നിന്റെ പേര് പറഞ്ഞു നിന്നെ ഞാൻ മോളെ കൊണ്ട് വിളിപ്പിച്ചത്. അന്ന് ഞാൻ നയനാമോളോട് വേഗം തന്നെ വീട്ടിൽ പൊക്കോളാൻ പറഞ്ഞു. പക്ഷേ അവൾ കേട്ടില്ല. പിന്നേം അവിടെ തന്നെ ചുറ്റി പറ്റി നിന്നു. അന്നേ എനിക്ക് മനസിലായി ഇനി അധികം വൈകാതെ തന്നെ നിങ്ങൾ ഒരു വഴി ആകും എന്ന്. അവസാനം ഞാൻ നിര്ബന്ധിച്ചാണ് മോളെ നീ വരുന്നതിനു മുന്നേ വീട്ടിലോട്ട് വിട്ടത്. കാരണം വേറൊന്നും അല്ല എന്നാൽ അല്ലേ എനിക്ക് നിന്റെ മനസ്സിൽ എന്താണെന്നു മനസ്സിലാവു. എന്റെ ഊഹം തെറ്റിയില്ല, അന്ന് ഓടി കിതച്ചു റൂമിലേക്കു വന്ന നീ ആദ്യം തന്നെ തേടിയത് നയന മോളെ ആണ്.” അമ്മ ആ പറഞ്ഞത് കേട്ട് എന്റെ തൊലി ഉരിഞ്ഞു പോയി.
“വീണ്ടും ഞാൻ ചാര പണി തുടങ്ങി. അതിന്റെ ആദ്യത്തെ പടി ആയിട്ടാണ് ഏട്ടന്റെ ഫോൺ ലോക്ക് ഞാൻ കണ്ടു പിടിച്ചത്. അന്ന് ആ ഹോസ്പിറ്റലിൽ വെച്ച് ഫോൺ അൺലോക്ക് ചെയ്തു തന്നപ്പഴേ അതിൽ ഏട്ടൻ അവസാനം നോക്കിയത് ചേച്ചിയുടെ വാട്സാപ്പ് ഡി പി ആണെന്ന് മനസ്സിലായി. അത് ഞാൻ കണ്ടു എന്ന് ഏട്ടനും മനസ്സിലായി. അന്ന് ഏട്ടന്റെ മുഖത്ത് കണ്ട കള്ളത്തരം എനിക്ക് ഇപ്പഴും ഓർമയുണ്ട്. അങ്ങനെ ഇരുന്നപ്പോൾ ആണ് വല്യമ്മ പറഞ്ഞത് ഇനി അഥവാ നിങ്ങൾ തമ്മിൽ കോൺടാക്ട് ഒന്നും ചെയ്തില്ലെങ്കിലോ എന്ന്. അന്നേരം എന്റെ തലയിൽ ഉദിച്ച ഐഡിയ ആയിരുന്നു ഞാൻ തന്നെ ചേച്ചിയുമായി ഏട്ടന്റെ ഫോണിൽ നിന്ന് ചാറ്റ് ചെയ്യുക എന്നത്. അതാകുമ്പോൾ എങ്ങനെ പോയാലും നിങ്ങൾ ഞാൻ ചാറ്റ് ചെയ്തതിന്റെ വാലിൽ പിടിച്ചെങ്കിലും ചാറ്റ് ചെയ്യാതിരിക്കില്ല. എന്റെ ആ ഐഡിയ എന്തായാലും ഫലം കണ്ടു. നിങ്ങൾ ചാറ്റിങ് തുടങ്ങി. പിന്നെ ഞാൻ ഇടയ്ക്കു ഇടയ്ക്ക് ഏട്ടന്റെ ഫോൺ എടുക്കും ലോക്ക് തുറന്നു നിങ്ങളുടെ ചാറ്റ് നോക്കും. എല്ലാം വല്യമ്മ പറഞ്ഞിട്ട് ആയിരുന്നു. അങ്ങനെ അതൊക്കെ ഞാൻ വല്യമ്മയോട് പറഞ്ഞപ്പോൾ ആണ് വല്യമ്മ പറഞ്ഞത് നിങ്ങൾ ഇങ്ങനെ പോയാൽ ഉടനെ ഒന്നും തമ്മിൽ ഇഷ്ടം ആണെന്ന് പറയാൻ പോണില്ല എന്ന്. അങ്ങനെ വല്യമ്മ നേരിട്ട് ഇടപെട്ടു. അത് വല്യമ്മ തന്നെ പറയും.” ആമി പറഞ്ഞു നിർത്തി.