“ഇപ്പൊ എന്റെ മക്കൾക്ക് തോന്നുന്നുണ്ടാവും ഞാൻ എങ്ങനെയാ ഇതിൽ ഇടപെട്ടത് എന്ന് അല്ലേ?” അമ്മയുടെ ആ ചോദ്യം കേട്ട് ഞാനും നയനയും അറിയാതെ തന്നെ തല കുലുക്കി.
“പറയാം.. ഞാൻ വിനയയെയും ആമി മോൾടെ അച്ഛനെയും ആമി മോളെയും കൂട്ടി നയനമോൾടെ വീട്ടിൽ പോയി. എന്തിനാണെന്നോ. നിനക്ക് വേണ്ടി നയനമോളെ പെണ്ണ് ചോദിക്കാൻ.” ഇനി ഞാൻ ഞെട്ടാൻ ഒന്നും ബാക്കി ഇല്ലായിരുന്നു. നയന അവിടെ കിടന്ന കസേരയിലേക്കും ഞാൻ നിലത്തേക്കും ഇരുന്നുപോയി.
“അമ്മയും ബാക്കി എല്ലാവരും കൂടി വീട്ടിൽ വന്നു അതുവരെ ഉണ്ടായത് എല്ലാം ഈ എന്നോട് പറഞ്ഞു. നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് ഞങ്ങൾ എല്ലാവർക്കും ഉറപ്പായിരുന്നു. പക്ഷേ രണ്ട് പേരും അത് ഇനിയും തമ്മിൽ പറയാതെ ഇരുന്നാൽ ശെരിയാവില്ല എന്ന് ഞങ്ങൾക്ക് തോന്നി. അതിനായി ഞങ്ങൾ കണ്ടുപിടിച്ച ഒരു നാടകം മാത്രം ആണ് ആ പെണ്ണുകാണൽ. എന്നിട്ടും ഞങ്ങൾക്ക് അത് നടക്കും എന്ന് വല്യ ഉറപ്പ് ഇല്ലായിരുന്നു. പക്ഷേ ഒന്ന് പയറ്റി നോക്കാൻ ഞങ്ങളും തീരുമാനിച്ചു.
വേറൊന്നും കൊണ്ടല്ല, ഞാനായിട്ട് കൊണ്ടുവരുന്ന എല്ലാ ആലോചനയും ഇവൾ തന്നെ എന്തെങ്കിലും കാരണം പറഞ്ഞു മുടക്കും. എന്നാൽ ഇവൾ കൊണ്ടുവരുന്ന ആലോചന നോക്കാം എന്ന് ഞാനും കരുതി. അങ്ങനെയാണ് നയനയെ പ്രഷർ ചെയ്യാനായി ഞാൻ ഒരു കൂട്ടർ പെണ്ണ്കാണാൻ വരുന്ന കാര്യം പറഞ്ഞത്. അത് അവൾ ആദ്യം പറയുന്നത് അരവിന്ദിനോട് ആവും എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. അത്പോലെ തന്നെ നടന്നു. നഷ്ടമാവും എന്നൊരു പേടി നിങ്ങൾക്ക് രണ്ടുപേർക്കും ഉണ്ടാക്കുക അത്രേ ഞങ്ങൾ ഉദ്ദേശിച്ചുള്ളൂ. അങ്ങനെ ഒരു പേടി വന്നാൽ എന്തായാലും മനസ്സിലെ സ്നേഹം മറ നീക്കി പുറത്ത് വരും. അത് വിജയിച്ചു.” അച്ഛൻ പറഞ്ഞത് കേട്ട് നയന വിതുമ്പിപോയി.
“മോള് എന്തിനാ കരയണേ, ഞങ്ങൾക്ക് ഒരു വിഷമോം ഇല്ല കേട്ടോ.” അമ്മ അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു. അൽപനേരം ആരും ഒന്നും മിണ്ടിയില്ല. വീണ്ടും അമ്മ സംസാരിക്കാൻ തുടങ്ങി നയനയെ ചേർത്ത് പിടിച്ചുകൊണ്ട് തന്നെ.
“അന്ന് രാത്രി നീ വന്നിട്ട് കുളിക്കാൻ കേറിയപ്പോൾ ആമിമോൾ പതിവുപോലെ നിന്റെ ഫോൺ എടുത്തു നോക്കി. അത് കഴിഞ്ഞു നീ എന്നോട് വന്ന് നയനയെ പെണ്ണ് കാണാൻ പോകുന്നതിനെ പറ്റി സംസാരിക്കും എന്ന് ഞാൻ വിചാരിച്ചു. പക്ഷേ നീ വളഞ്ഞ വഴി നോക്കി. അതിനു പകരം നേരിട്ട് എന്നോട് പറഞ്ഞിരുന്നേൽ ഇതിലും പെട്ടെന്ന് കല്യാണം നടന്നേനെ അറിയുവോ.” ഞാൻ ആകെ ചൂളി പോയി. എനിക്ക് അപ്പോഴും ഇതൊന്നും വിശ്വസിക്കാൻ പറ്റിയില്ല.