പത്രം വായിച്ചു ഇരിക്കുമ്പോൾ പതിവ് പോലെ നയനയുടെ ഗുഡ്മോർണിംഗ് മെസ്സേജ് എത്തി. വീണ്ടും ഒരുവട്ടം കൂടി എല്ലാം പറഞ്ഞു ഉറപ്പിച്ചു. ഞങ്ങൾ രണ്ട് പേർക്കും ടെൻഷൻ ഉണ്ടായിരുന്നു.
“എപ്പഴാ വല്യമ്മേ നിങ്ങൾ പോണത്?” അടുക്കളയിൽ നിന്ന് ആമിയുടെ ചോദ്യം എന്റെ കാതിൽ പതിഞ്ഞു. ഞാൻ പെട്ടന്ന് തന്നെ അവരുടെ സംസാരം ശ്രദ്ധിക്കാൻ തുടങ്ങി. എത്ര അടികൂടിയാലും ആമിക്ക് എന്റെ കാര്യത്തിൽ ഒക്കെ ഭയങ്കര ശ്രദ്ധ ആണ് അല്ലെങ്കിൽ അവൾ തന്നെ മുൻകൈ എടുത്തു ഇത് അമ്മയോട് ചോദിക്കില്ലലോ.
“പോവാം മോളെ ആദ്യം ഇവിടുത്തെ പണികൾ ഒക്കെ ഒന്ന് ഒതുക്കട്ടെ. നീ പോയി അവനോട് നേരത്തും കാലത്തും ഒക്കെ ഒരുങ്ങി നിക്കാൻ പറ.” അമ്മ അത് പറഞ്ഞതും ആമി സിറ്റ് ഔട്ടിലേക്ക് നടന്നു.
“ആ പിന്നേ… അവന്റടുത്തു പോയി രണ്ടും കൂടെ അടി ഉണ്ടാക്കരുത്. രണ്ടിനേം ഞാൻ ഓടിക്കും പറഞ്ഞേക്കാം.” അമ്മ അടുക്കളയിൽ നിന്ന് ആമിയോട് വിളിച്ചു പറഞ്ഞു.
അവൾ വരുന്നത് കണ്ടതും ഞാൻ ഒന്നും അറിയാത്ത പോലെ പത്രത്തിൽ തന്നെ നോക്കി ഇരുന്നു.
അവൾ വന്നു എന്നെ തന്നെ നോക്കി നിന്നു. ഞാൻ മൈൻഡ് ആക്കാൻ പോയില്ല. കുറച്ചു നേരം കഴിഞ്ഞും ആൾടെ അനക്കം ഒന്നുല്ല. ഞാൻ പതിയെ തല പൊക്കി നോക്കി. എളിയിൽ കയ്യും കുത്തി എന്നെ നോക്കി നിക്കുന്ന ആമിയെ ആണ് കണ്ടത്.
“മം..? എന്താണ്?” “എന്ത്?” “നീ എന്താ ഈ നോക്കി നിക്കണേ?” “ഞാൻ ഏട്ടന്റെ ആക്ടിങ് കണ്ട് അങ്ങനെ മതിമറന്നു നിക്കുവാരുന്നു.” “ആക്റ്റിംഗോ?? എന്തോന്ന് ആക്ടിങ്? ” “ദേ ദേ അധികം അങ്ങ് നല്ല പിള്ള ചമയല്ലേ. എനിക്കറിയാം ഏട്ടൻ ഞാനും വല്യമ്മയും സംസാരിക്കുന്നത് ഒളിഞ്ഞു കേട്ടില്ലേ സത്യം പറ.”
“പിന്നേ… എനിക്ക് അതല്ലേ ജോലി. നിങ്ങൾ അതിന് നാസ റോക്കറ്റ് വിടണ കാര്യം ഒന്നുമല്ലലോ ചർച്ച ചെയ്യണത്. നിങ്ങളുടെ പരദൂഷണം ഞാൻ എന്തിനാ ഒളിഞ്ഞു കേക്കണേ?”
“ഓഹോ… അഹങ്കാരം… ഒരു പെണ്ണിനെ കിട്ടിയപ്പോൾ നമ്മളോട് ഒക്കെ പുച്ഛം അല്ലേ… ശെരിയാക്കി തരാം. വല്യമ്മേ ഈ അരവിന്ദേട്ടൻ……..”