“ഓ അവിടേം എനിക്ക് കുറ്റം അല്ലേ.” “നീ ചെലക്കാണ്ട് വണ്ടി ഓടിക്കാൻ നോക്ക് ഞാൻ അവിടെ ചെന്ന് എന്താ പറയണ്ടേ എന്നൊന്ന് ആലോചിക്കട്ടെ.” അമ്മ പറഞ്ഞത് കേട്ട് എനിക്ക് എന്തോ സങ്കടം തോന്നി. ഇങ്ങനെ ഉള്ള അമ്മയോട് ആണല്ലോ ഞാൻ ഈ കള്ളമൊക്കെ പറഞ്ഞു കൂട്ടികൊണ്ട് പോണത്. ഇപ്പൊ എനിക്ക് ഉറപ്പായി അമ്മ എന്തായാലും ഈ കല്യാണത്തിന് സമ്മതിച്ചേനെ എന്ന്. സത്യം തുറന്നു പറയാൻ എന്റെ ഉള്ളിൽ ഇരുന്നു ആരോ പറയുന്നുണ്ടാരുന്നു. പക്ഷേ സമയം ശെരിയല്ല. കാരണം നയനയുടെ വീടെത്താൻ ഇനി അധികം സമയം ഇല്ല. ഇപ്പൊ പറഞ്ഞു ഒരു സീൻ ആക്കണ്ട എന്ന് കരുതി.
പത്തുമിനിറ്റ് കൊണ്ട് തന്നെ ഞങ്ങൾ അവളുടെ വീടിന്റെ മുന്നിൽ എത്തി. വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ തന്നെ ജനലിന്റെ കർട്ടൻ മാറ്റി രണ്ട് ഉണ്ട കണ്ണുകൾ പുറത്ത് കണ്ടു. ഒരു നിമിഷം അതൊന്നു വിടർന്നു ചിമ്മി അടഞ്ഞു. ശേഷം കർട്ടൻ ഇട്ടു. എനിക്ക് ചിരി വന്നു. പാവം അവൾക്കും ടെൻഷൻ ഉണ്ട്. അമ്മ വണ്ടിയിൽ നിന്ന് ഇറങ്ങി ഗേറ്റ് തുറക്കാൻ പോയതും മുറ്റത്തു നിന്ന് നയനയുടെ അച്ഛൻ ഓടി വന്നു.
“അല്ല ഇതാരൊക്കെയാ…വാ വാ കേറി വാ.” അച്ഛന്റെ ഞങ്ങളെ അപ്രതീക്ഷിതമായി കണ്ടതിന്റെ എല്ലാ സന്തോഷവും കാണാൻ ഉണ്ടായിരുന്നു.
“ഓർമ്മയുണ്ടോ ഞങ്ങളെ ഒക്കെ?” “പിന്നെ മറക്കാൻ പറ്റുവോ..? ഇടയ്ക്ക് ഞാൻ മോളോട് പറയും നിങ്ങളുടെ കാര്യം. അന്ന് മോൻ ഇവളെ കൊണ്ടുവന്നു ആക്കിയ ശേഷം പിന്നൊരു വിവരവും ഇല്ലായിരുന്നു. ഞാൻ ആണെങ്കിൽ അന്ന് മോന്റെ നമ്പർ സേവ് ചെയ്യാനും മറന്നു. എന്താ അവിടെ തന്നെ നിന്ന് കളഞ്ഞത് വാ അകത്തേക്ക് ഇരിക്കാം. മോളേ… ഇതാരാ വന്നേക്കണേ എന്ന് നോക്കിയേ.” അച്ഛൻ അകത്തേക്ക് കേറികൊണ്ട് വിളിച്ചു പറഞ്ഞു.
“ദാ വരുന്നൂ….” വാതിലിന്റെ മറയിൽ നിന്നും എന്റെ പെണ്ണിന്റെ കിളിനാദം. വിളി കേട്ട് ഒരു 5 സെക്കന്റ് കഴിഞ്ഞാണ് ആള് പ്രത്യക്ഷപ്പെട്ടത്. ഉഫ്…. ആക്റ്റിംഗിൽ ഇവൾ എനിക്ക് ഒരു വെല്ലുവിളി ആകും എന്നെനിക്ക് മനസ്സിലായി. അഭിനയത്തിൽ സ്വാഭാവികത കൊണ്ടുവരാൻ ആയിരുന്നു ആ 5 സെക്കന്റ് കഴിഞ്ഞുള്ള പ്രത്യക്ഷപ്പെടൽ. എന്നാൽ അവളെ കണ്ടതും ഞാൻ നോക്കി നിന്ന് പോയി. സ്വർണ്ണ കസവിന്റെ സെറ്റ് സാരി ഉടുത്തു നെറ്റിയിൽ ചന്ദന കുറി അണിഞ്ഞു മുടിയിൽ മുല്ലപ്പൂ വെച്ചൊരു നാടൻ പെൺകൊടി.