എന്നും എന്റേത് മാത്രം 6
Ennum Entethu Maathram Part 6 | Author : Robinhood
Previous Part
ഫ്രണ്ട്സ്
ഈ ഭാഗം ഇത്രയും വൈകിയതിൽ ആദ്യംതന്നെ ക്ഷമ ചോദിക്കുന്നു. മനപ്പൂർവം വൈകിച്ചതല്ല , പരീക്ഷ കഴിഞ്ഞ് ഉണ്ടായ ചില അപ്രതീക്ഷിത സംഭവങ്ങൾ കാരണം വിചാരിച്ചപോലെ എഴുതാൻ കഴിയുന്നില്ല. നിങ്ങളെ ഇനിയും മുഷിപ്പിക്കാൻ വയ്യാത്തതുകൊണ്ട് ഈ ഭാഗം പോസ്റ്റ് ചെയ്യുന്നു. പെട്ടന്ന് എഴുതിയതാണ് പോരായ്മകൾ കണ്ടേക്കാം. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാൻ കാത്തിരിക്കുന്നു ഇഷ്ടമാവുന്നുണ്ടെങ്കിൽ ഒരു ലൈക് തരാൻ മറക്കരുതേ
* എന്നും എന്റേത് മാത്രം *
നടുക്കത്തോടെ അവർ പരസ്പരം നോക്കി. ടീവിയിൽ അപ്പോഴും അപകടത്തിന്റെ ദൃശ്യങ്ങളും വാർത്തയും മാറിമാറി വന്നുകൊണ്ടിരുന്നു.
“ശ്രീജിത് , കേൾക്കാമോ , എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?”
“അപർണ , അൽപസമയം മുന്പാണ് ഇങ്ങനെ ഒരു അപകടം ഉണ്ടാവുന്നത്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല , എങ്കിലും വിമാനത്തിലെ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണം എന്നാണ് ്് പ്രാഥമിക വിലയിരുത്തൽ.”
“മുംബൈയിലേക്ക് യാത്രതിരിച്ച് നിമിഷങ്ങൾക്കകമാണ് ഈ ഒരു അപകടം സംഭവിച്ചിരിക്കുന്നത്” “ശ്രീജിത് , രക്ഷാപ്രവർത്തനം ഏത് രീതിയിലാണ് നടക്കുന്നത്?”
“ദൃശ്യങ്ങളിൽ കാണുന്നപോലെ സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പംതന്നെ നാട്ടുകാരും ഇപ്പോൾ അപകടത്തിൽ പെട്ടവരെ ആശുപത്രികളിൽ എത്തിക്കാനുള്ള ശ്രമങ്ങളിലാണ്. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരാനിരിക്കുന്നതേ ഉള്ളൂ. എന്താണ് അപകടകാരണം അതുപോലെയുള്ള വിവരങ്ങൾ വരും മണിക്കൂറുകളിൽ മാത്രമേ ലഭ്യമാവുകയുള്ളൂ അപർണ,”
തളർച്ചയോടെ ശ്രീലക്ഷ്മി സോഫയിലേക്ക് ഇരുന്നു. അപ്പോഴും അവളുടെ കണ്ണുകൾ സ്ക്രീനിലേക്ക് തന്നെ നോക്കുകയായിരുന്നു.
“എന്റീശ്വരാ , കിച്ചു” ഹരിപ്രസാദ് ധൃതിയിൽ മുറിയിലേക്ക് പോയി. നവിയുടെ നമ്പറിലേക്ക് ഡയൽ ചെയ്തെങ്കിലും കാൾ കണക്റ്റ് ആയില്ല. മുഖത്ത് നിറഞ്ഞ പരിഭ്രമത്തോടെ അയാൾ വീടിന് പുറത്തേക്കിറങ്ങി.
“എന്തേലും വിവരമുണ്ടോ ഏട്ടാ?” കാറിലേക്ക് കയറുകയായിരുന്ന ഹരിപ്രസാദ് ഭാര്യയുടെ ചോദ്യം കേട്ട് തിരിഞ്ഞ് നോക്കി.
“ഒന്നും അറിയില്ല. അവന് ഒന്നും പറ്റാതിരുന്നാ മതിയായിരുന്നു” “സൂരജിന്റെ വണ്ടിയിൽ തന്നല്ലേ അവൻ പോയേ?” “അതെ. എന്താ” “ഏയ്. ഞാൻ അവനേയും വിളിച്ചു , പക്ഷേ കിട്ടുന്നില്ല. ഏതായാലും ഞാൻ പോയിട്ട് വരാം” അതും പറഞ്ഞ് അയാൾ കാറും എടുത്ത് പുറത്തേക്ക് പോയി.