= = =
മഴ ചെറുതായി പെയ്തുകൊണ്ടിരുന്നു. റോഡിലെ തിരക്കുകൾക്ക് ഇടയിലൂടെ കാർ വേഗത്തിൽ നീങ്ങുകയാണ്. മുന്നിലുള്ള വാഹനങ്ങളെ മറികടന്ന് വിക്കി ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു. തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന സ്നേഹ ഫോണിൽ സംസാരിക്കുകയാണ്. പിറകിൽ തന്റെ മകൾക്കും , ്് മാളുവിനും ഒപ്പം മായ ഇരുന്നു. എല്ലാവരുടേയും മുഖത്ത് നിറഞ്ഞുനിന്നത് ടെൻഷൻ മാത്രമാണ്.
“ഏട്ടാ , വണ്ടി നിർത്ത്. റേഞ്ജില്ല” സ്നേഹ പറയുന്നത് കേട്ട് വിക്കി കാർ റോഡ് സൈഡിലേക്ക് ഒതുക്കി.
“ഹലോ സച്ചിയേട്ടാ , ഏത് ്് ഹോസ്പിറ്റലാ?. ഹലോ , ഹലോ” വിക്കി അവളുടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി പുറത്തിറങ്ങി.
“മോളേ എന്താ പറഞ്ഞേ?” മായ അൽപം മുന്നിലേക്ക് നീങ്ങിയിരുന്നുകൊണ്ട് ചോദിച്ചു.
“അറിയില്ല ആന്റി , ഒന്നും ക്ളിയറായില്ല”
അവർ നിരാശയോടെ സീറ്റിലേക്ക് ചാഞ്ഞു.
“ഈ ശ്രീ ഇതെവിടെപ്പോയിക്കെടക്കാ” പറഞ്ഞുകൊണ്ട് വിക്കി തിരികെ കയറി.
“ശ്രീയേട്ടൻ അവളെ കൊണ്ടാക്കാൻ പോയതാ” പിറകിൽ ഇരുന്ന മാളുവാണ് അത് പറഞ്ഞത്. കാർ വീണ്ടും മുന്നോട്ട് കുതിച്ചു.
“സച്ചി എന്താ പറഞ്ഞേ?” “എല്ലാം ശരിക്ക് കേട്ടില്ല. ഹോസ്പിറ്റൽ മനസ്സിലായി. അവനവിടെ ഉണ്ട്” മായ ചോദിച്ചതിന് അത്രമാത്രമെ അവൻ പറഞ്ഞുള്ളൂ.
റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വെളിച്ചം ഇടക്കിടെ കാറിന്റെ ഉള്ളിലേക്ക് വരുന്നുണ്ട്. അപ്പോഴാണ് ശ്രീലക്ഷ്മിയെ മാളു ശ്രദ്ധിക്കുന്നത്. വിന്റോ ഗ്ളാസിൽ തല ചാരി ഇരിക്കുകയാണ് അവൾ. എന്തോ ആലോചിച്ച് ഉറക്കത്തിൽ എന്നപോലെ ഇരിക്കുന്ന അവളുടെ കണ്ണുകൾ മാത്രം അപ്പോഴും പുറത്തെ മഴപോലെ നിർത്താതെ പെയ്തുകൊണ്ടിരുന്നു.
* * * * *
തന്റെ കൈയ്യിൽ ആരോ തൊടുന്നത് അറിഞ്ഞ് നവനീത് കണ്ണുകൾ തുറന്നു. മുന്നിൽ നിൽക്കുന്നവരെ കണ്ട് അവൻ ചെറുതായി ചിരിച്ചു.
“ഇപ്പോ എങ്ങനേണ്ട് കിച്ചൂ?” മായയുടെ ചോദ്യത്തിൽ ആശങ്ക ബാക്കിയായിരുന്നു.
“ഒന്നുമില്ല ആന്റി , ചെറിയൊരു ഫ്രാക്ചർ മാത്രമേ ഉള്ളു. ഈ കാണുന്ന വെച്ചുകെട്ടലിനുള്ളതൊന്നും ഇല്ലെന്നേ” നവി ചിരിച്ചു. അപ്പോഴും തന്നെ തന്നെ നോക്കിക്കൊണ്ടിരുന്ന ലച്ചുവിന്റേയും , മാളുവിന്റേയും വിഷമം അവന് കാണാമായിരുന്നു.
“ഓടിപ്പിടിച്ച് വരാൻ മാത്രം ഒന്നുമില്ലാന്ന് ഇവൻ നേരത്തെ വിളിച്ചപ്പോ പറഞ്ഞതാ” അപ്പുറത്തെ ബെഡ്ഡിനടുത്ത് നിന്ന് സൂരജിനോട് എന്തോ സംസാരിക്കുകയായിരുന്ന വിക്കിയേ നോക്കി അവൻ തുടർന്നു.