ഫോണിൽ സംസാരിച്ചുകൊണ്ട് ഹരിപ്രസാദ് അവരുടെ അടുത്തേക്ക് വന്നു. “ഏയ് ഇല്ലില്ല , കുഴപ്പമൊന്നുമില്ല. നിങ്ങൾ പതുക്കെ വന്നാമതി. ആ , ശരി” കാൾ കട്ട് ചെയ്ത് അയാൾ സൂരജിന്റെ ബെഡ്ഡിനടുത്ത് വന്നു.
“എന്തായി അങ്കിളേ?” “ഒന്നുമില്ല , പ്രൈവറ്റ് ഹോസ്പിറ്റലല്ലെ തൊട്ടതിനും പിടിച്ചതിനും കുറേ ബില്ലുകൾ ഉണ്ട്. അത്രയേ ഉള്ളൂ” സച്ചി ചോദിച്ചതിന് മറുപടിയായി അതും പറഞ്ഞ് ഹരി അവിടെ ഇരുന്നു.
വിക്കി നോക്കുമ്പോൾ കുറച്ച് ്് മാറിയുള്ള ്് ബെഡ്ഡിലെ ആൾക്ക് മരുന്നും കൊടുത്തിട്ട് പോകുന്ന ഒരു നേഴ്സിനെ തന്നെ നോക്കിയിരിക്കുന്ന സൂരജിനേയാണ് കാണുന്നത്. അവൻ പതുക്കെ ചെന്ന് സൂരജിന്റെ അടുത്തായി ഇരുന്നു. “എന്തണ്ണാ , കുറേ നേരമായല്ലോ?” അവന്റെ ശബ്ദം കേട്ട് സൂരജ് അങ്ങോട്ട് നോക്കി. “അതേയ് മോനിപ്പോ ആശുപത്രീലാ , അതുമല്ല നിങ്ങടെ കെട്ടിയോള് ഇപ്പം ലാന്റ് ചെയ്യും. ശ്രയേച്ചി വരുമ്പോ ഈ ലോലൻ ഫിഗറുമായി ഇരുന്നാ , ഇപ്പോ ആരുടേയോ ഭാഗ്യത്തിന് ഇത്രയേ പറ്റിയുള്ളൂ , മൂപ്പത്തി കണ്ടാ പിന്നെ കുറച്ച് പഞ്ഞീടെ ചെലവ് മാത്രേ കാണൂ”
“അനുഭവമായിരിക്കുമല്ലേ?” അങ്ങനെ ഒരു മറുചോദ്യമാണ് സൂരജ് പുറത്തെടുത്തത്. കുറച്ച് മാറി ഇരുന്നിരുന്നത് കൊണ്ട് ബാക്കിയുള്ളവർക്ക് അവരുടെ പതുക്കെയുള്ള സംസാരം കേൾക്കുമായിരുന്നില്ല. “എന്തോന്നാടാ രണ്ടാളും ബല്യ ചിരി?. നമ്മളും അറിയട്ടെ” നവി അവരെ നോക്കി. “ഏയ് , അതൊന്നൂല്ലാ. ഒരു സംശയം പറഞ്ഞുകൊടുത്തതാ. ല്ലേ?” സൂരജ് ചോദിച്ചപ്പോൾ വിക്കി തലകുലുക്കി.
പിന്നേ , ഒരു സംശയം , എന്തോ ഉടായിപ്പാണെന്ന് മനസ്സിലായി. പക്ഷേ രണ്ടുംകൂടി പറയുന്നത് കേൾക്കാത്തത് കൊണ്ട് സംഭവം മാത്രം പിടികിട്ടിയില്ല. കുറച്ച് കഴിഞ്ഞപ്പോൾ സൂരജേട്ടന്റെ വീട്ടുകാരും സുഹൃത്തുക്കളും എല്ലാം എത്തി. അച്ഛനും അമ്മയും എത്തിയത് പിന്നെയും കുറച്ച് നേരം കഴിഞ്ഞിട്ടാണ്. എന്തിന് പറയുന്നു എല്ലാവരും കൂടി ആയപ്പോൾ വിഷമം പറച്ചിലും , ആശ്വസിപ്പിക്കലും ഒക്കെയായി ആകെ ബഹളമായിരുന്നു. സൂരജേട്ടന്റെ ഒരു അമ്മായി ഉണ്ട് , പുള്ളിക്കാരി കാരണം നേരത്തെ പറഞ്ഞ നേഴ്സിന് ഒന്ന് രണ്ട് വരവ് കൂടി വരേണ്ടിവന്നു സീൻ ശാന്തമാക്കാൻ.