ഓരോന്ന് ആലോചിച്ചു ഫ്ലാറ്റിൽ എത്തിയപ്പോഴേക്കും സമയം 7 മണിയായി. സെക്യൂരിറ്റി കാർ ആദ്യം തടഞ്ഞെങ്കിലും എന്നെ കണ്ടതോടെ ബൂം barrier തുറന്നു തന്നു. ഫ്ലാറ്റിനു മുൻപിൽ ഇറങ്ങി കാശു കൊടുക്കുമ്പോൾ. ഫ്ളാറ്റിലെ ചൊറി ആന്റി മാർ എന്നെ നോക്കുന്നുണ്ടായിരുന്നു. അവരെ ഒന്നും മൈൻഡ് ചെയ്യാതെ ഫ്ലാറ്റിലേക്ക് പോയി.
ബെൽ അടിച്ചതും മണി ചേട്ടൻ വന്ന് വാതിൽ തുറന്നു.
“മോൾ വന്നോ ഞാൻ ലേറ്റ് ആയപ്പോൾ പേടിച്ചു പോയി. വിളിക്കാനായി ഫോൺ നമ്പറും ഇല്ല. അവരും എത്തിയിട്ടില്ല. വിളിച്ചിട്ട് കിട്ടുന്നുമില്ല “
അപ്പോൾ അവന്മാർ ഇത് വരെ എത്തിയില്ലേ. ക്ലാസ്സ് കഴിഞ്ഞപ്പോളെ ഓടി പോയതാണെല്ലോ. ഇനി ഞാൻ ഉള്ളത് കൊണ്ടാണോ ഇങ്ങോട്ട് വരാത്തത്. ഇവരുടെ അടുത്തേക്ക് വരേണ്ടായിരുന്നു. എങ്ങനെയെങ്കിലും ഒരു താമസ സ്ഥലം കണ്ട് പിടിച്ചു മാറണം. അപ്പച്ചിയുടെ അടുത്ത് പോയില്ലെങ്കിലും സ്റ്റീഫനെ കൂട്ടി ഒരു ഫ്ലാറ്റ് വാടകക്ക് എടുക്കണം.
“എന്താ മോളെ ലേറ്റ് ആയത്. സ്പെഷ്യൽ ക്ലാസ്സ് വല്ലതും ഉണ്ടായിരുന്നോ? മോള് അകെ വല്ലാതിരുക്കുന്നെല്ലോ ഞാൻ ഒരു കാപ്പി എടുക്കാം. “
“ഫ്രഷ് ആയിട്ടു വരാം മണിച്ചേട്ടാ. എന്നിട്ട് എടുത്താൽ മതി”
റൂമിൽ ചെന്ന് ഫ്രഷ് ആയി വന്നപ്പോഴേക്കും സമയം ഏഴര കഴിഞ്ഞിരിക്കുന്നു . മണി ചേട്ടൻ ചൂട് കാപ്പി തന്നു.
അവരിനിയും വന്നിട്ടില്ല അതിൻ്റെ ആതി മണി ചേട്ടൻ്റെ മുഖത്തു കാണാനുണ്ട്.
“അതികം താമസിക്കാതെ അവരെത്തും മണി ചേട്ടാ. “
അവർ എപ്പോൾ വരുമെന്ന് എനിക്ക് തന്നെ ഉറപ്പില്ലെങ്കിലും അന്നേരം അങ്ങനെ പറയാനാണ് തോന്നിയത്.
സമയം പിന്നെയും കടന്നു പോയി. പെട്ടന്നാണ് രാഹുൽ റൂമിലേക്ക് കയറി വന്നത്. അവൻ്റെ മുഖമൊക്കെ വല്ലാതിരിക്കുന്നു. അവനെ നോക്കി പുഞ്ചിരിച്ചു കാണിച്ച എന്നെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് മണി ചേട്ടനോടും പോലും ഒന്നും മിണ്ടാതെ റൂമിലേക്ക് കയറി പോയി. പിന്നാലെ മണി ചേട്ടനെ വിളിക്കുന്നതും കേട്ടു. പിന്നെ അതേ സ്പീഡിൽ ബാഗുമെടുത്തു കൊണ്ട് പോകുന്ന കണ്ടു.
മണി ചേട്ടനെ ആണെങ്കിൽ കാണാനുമില്ല. ഞാൻ പതിയെ റൂമിലേക്ക് ചെന്നു. മണി ചേട്ടൻ അവിടെ കട്ടിലിൽ ഇരിക്കുന്നു കണ്ണീർ തുടക്കുന്നു. കാര്യമായി എന്തോ സംഭവിച്ചിരിക്കുന്നു. എന്നെ കണ്ടതും കണ്ണൊക്കെ ഒന്ന് തുടച്ചു പുള്ളി എഴുന്നേറ്റു.