സിങ് ജി ഇറങ്ങി ഇന്നോവയിൽ കയറി പോയി. ഞാൻ സാരഥി സ്ഥാനം ഏറ്റെടുത്തു.
പാർകിങ്ങിലോട്ട് കയറിയപ്പോൾ അവിടെ സുമേഷും പോളും കാത്തു നിൽക്കുന്നുണ്ട്. അന്ന ഞങ്ങളുടെ ഒപ്പം കാറിൽ ആണോ വരുന്നത് എന്നറിയാനുള്ള നിൽപ്പാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായി. ഞങ്ങൾ ഇറങ്ങി കഴിഞ്ഞിട്ടും കാറിലേക്ക് തന്നയാണ് നോട്ടം.
“എന്താടാ ?”
ചുമലു കോച്ചിയതല്ലാതെ എൻ്റെ ചോദ്യത്തിന് മറുപടി ഒന്നും പറഞ്ഞില്ല.
ഞാനും രാഹുലും ക്ലാസ്റൂമിലെക്ക് നീങ്ങി. സുമേഷും പോളും ബെൽ അടിക്കാറാകുമ്പോൾ മാത്രമാണ് വരിക. അത് വരെ പതിവ് വായ്നോട്ടം.
ക്ലാസ്സിൽ കയറിയതും രാഹുൽ ജെന്നിയുടെ അടുത്തേക്ക് പോയി. ഞാൻ പതിവ് സീറ്റിലേക്കും. ടോണിയും രമേഷും മാത്യവും ഒക്കെ ഞങ്ങളുടെ പിന്നാലെ അന്ന വരുന്നുണ്ടോ എന്ന് നോക്കുന്നുണ്ട്.
ക്ലാസ്സ് എടുക്കാൻ മിസ്സ് കയറി 10 സെക്കൻഡ് കഴിഞ്ഞപ്പോളാണ് അന്ന ഓടി പിടിച്ചു വന്നത്. സോഫിയ മിസ്സ് അവളുടെ അടുത്ത് കയറിക്കോളാൻ പറഞ്ഞു. ചെറിയ ഒരു പുഞ്ചിരി ഉണ്ട്. നേരെ വന്ന് എൻ്റെ തൊട്ടരികിൽ തന്നെ ഇരുന്നു. കുറച്ചു ദിവസങ്ങളായി അവൾ ബാക്കിലെ കോർണർ സീറ്റിലാണ് ഇരിക്കാറുള്ളത്.
അവളുടെ ഈ പ്രവർത്തി കണ്ട് ക്ലാസ്സിൽ ഉള്ളവരെല്ലാം ഞങ്ങളെ തിരിഞ്ഞു നോക്കാൻ തുടങ്ങി. മിസ്സടക്കം സ്തംഭിച്ചു നിൽക്കുകയാണ്. ഇവര് വീണ്ടും തുടങ്ങിയോ എന്ന ഭാവമാണ് പലരുടെയും മുഖത്തു.
ഞാൻ അവളെ രൂക്ഷമായി നോക്കി. അവളുടെ മുഖത്തു അപ്പോഴും ആ പുഞ്ചിരിയുണ്ട്. രാവിലെ മുതൽ ഉള്ള ആ കൊലച്ചിരി.
“നോക്കേണ്ട ഇത് നിങ്ങളുടെ കാർ ഒന്നുമല്ലല്ലോ”
ഞാൻ മാത്രം കേൾക്കാവുന്ന ശബ്‌ദത്തിലാണ് അവൾ പറഞ്ഞത്
” Class Listen to me”
സോഫിയ മിസ്സ് വിളിച്ചു കൂകുന്നുണ്ട്.
ഞാൻ എൻ്റെ സീറ്റിൽ നിന്ന് എഴുന്നേറ്റ് അവൾ ഇരിക്കാറുള്ള കോർണർ സീറ്റിലേക്ക് നീങ്ങി.
“അർജ്ജുൻ!! ”
ക്ലാസ്സിൽ എഴുന്നേറ്റ് നടക്കുന്നത് കണ്ട് സോഫിയ മിസ്സ് ദേഷ്യത്തിൽ വിളിച്ചതാണ്. അന്നേരത്തെ ദേഷ്യത്തിൽ ഞാൻ മിസ്സിനെയും രൂക്ഷമായി നോക്കി. എൻ്റെ നോട്ടം കണ്ട് മിസ്സ് ചൂളി പോയ അവസ്ഥയിൽ ആയെന്ന് പറഞ്ഞാൽ മതി. പുള്ളിക്കാരി പിന്നെ ഒന്നും മിണ്ടിയില്ല.