ഞാൻ പലപ്പോഴും അപ്പച്ഛന്റെ കൂടെ കണ്ടിരുന്ന സുമുഖനും അധികായനുമായ ആ മനുഷ്യൻ ആരെന്നോ എന്തെന്നോ എനിക്കറിയില്ലായിരുന്നു.
ഇടയ്ക്കൊക്കെ അയാളെ അപ്പച്ചന്റെ കൂടെ വരുന്നതും പോകുന്നതുമൊക്കെ കണ്ടിട്ടുണ്ട് എന്നല്ലാതെ മറ്റൊന്നും എനിക്കറിയില്ല.
ആ സുഹൃത്തിന്റെ കുടുംബത്തെ കാര്യമായിട്ട് കൈയയച്ചു സഹായിച്ചതാണ് അപ്പച്ഛന് പറ്റിയ തെറ്റ് എന്ന് പലരും പിന്നീട് പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്.
അപ്പച്ഛന്റെ ഉറ്റ മിത്രമായ ആ വ്യക്തിയുടെ വേർപാടാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം.
ആ വ്യക്തിയുടെ വേർപാടിലും, അഭാവത്തിലും അപ്പച്ചൻ പലപ്പോഴും വളരെ ആസ്വസ്തനായിരുന്നു.
അതിന്റെ പേരിൽ അദ്ദേഹത്തിന്റെ സഹധർമിണിയെ സാമ്പത്തികമായും, അല്ലാതെയുമൊക്കെ സഹായിച്ചിരുന്നു എന്നത് സത്യമാണെന്ന് കേട്ടറിവിലൂടെ എനിക്കറിയാം.
പക്ഷെ അപ്പച്ഛൻ ഒരു കാരണവശാലും പരസ്ത്രീകളുമായി ബന്ധമുണ്ടെന്ന് ഞാൻ വിശ്വസിക്കില്ല… അത്തരം ഒരു വഴിവിട്ട ബന്ധത്തിൽ ചെന്നു ചാടുന്ന ആളല്ല മാത്യു എന്ന് മറ്റ് പലരും പറഞ്ഞിട്ടുണ്ട്…
അതിന്റെ പേരിൽ പാർട്ടിയിലെ ചിലർ തന്നെ അവരെ പറ്റി കഥകൾ മെനഞ്ഞു എന്ന് വേണം പറയാൻ.
“അമ്മയെ തല്ലിയാൽ രണ്ടുണ്ട് പക്ഷം”
എന്ന് പറഞ്ഞത് പോലെ, എന്തൊരു ഇഷ്യൂ വന്നാലും അതിന് രണ്ടു പക്ഷക്കാർ കാണും, എന്തെങ്കിലും പറയാൻ.
ആ വ്യക്തിയുടെ വേർപാടിന് ശേഷം അയാളുടെ ഭാര്യയുമായി അപ്പന് എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ, എന്നതിനെ കുറിച്ചും…
അയാളുടെ ഭാര്യക്ക് പിന്നീട് എന്ത് സംഭവിച്ചു എന്നും എനിക്കറിയില്ല.
അത് ചോദിച്ചറിയാനുള്ള ബുദ്ധിയും പക്വതയുമൊന്നും എനിക്കന്ന് ഉണ്ടായിരുന്നില്ല.
പക്ഷെ ഒരു സുപ്രഭാതത്തിൽ അപ്പച്ഛൻ ഒരു കൊച്ചു പെൺകുട്ടിയുടെ കൈയും പിടിച്ചു കൊണ്ട് ഞങ്ങളുടെ വീട്ടിൽ വന്നു കയറി…
ഈ കൊച്ച് ആരാണെന്ന് ഞാൻ ചോദിച്ചപ്പോൾ, “”ഇത് നിന്റെ അനിയത്തിയാണ് “” എന്ന് അപ്പച്ചൻ പരിചയപ്പെടുത്തിയത് എനിക്കോർമ്മയുണ്ട്…
കണ്ടവർ പലരും, വിധിയെഴുതി അത് മത്തായിച്ചന് വേറെ ബന്ധത്തിൽ ഉണ്ടായ മകൾ തന്നെയാണെന്ന്.
എനിക്കന്ന്, എഴോ എട്ടോ വയസ്സ് പ്രായം കാണും…