പതിവില്ലാതെ ചാനലിൽ നിന്നും ഒഴുകി വന്ന ആ ഗാനം ആ പഴയ പാവടക്കാരിയായ മീനൂട്ടിയുടെ ഓർമ്മകളെ ഉണർത്താൻ ശ്രമിക്കുന്ന ഈരടികൾ പോലെ മാധുര്യമേറിയതായിരുന്നു …
മീനാക്ഷി അവളുടെ ആ പഴയ മധുരം തുളുമ്പിയ, അതിനേക്കാൾ കയപ് നിറഞ്ഞ ആ ഓർമകളിൽ ഊളിയിട്ടു…
“കല്യാണി … എടി കല്യാണി ..” വീട്ടിലെ ചായ്പുരയിൽ കഴിയുന്ന പുറം പണിക്കാരിയെ വിളിച്ച് എന്തൊക്കയോ ശകാരം ചൊരിയുന്ന അമ്മയുടെ ഒച്ച കേട്ടിട്ടാണ് മീനൂട്ടി ഉണർന്നത്…
ചുവന്ന ചേല വാരി ചുറ്റി ,നെറ്റിയിൽ ചുവന്ന വട്ടപ്പൊട്ടിട്ട് കഴുത്തിൽ നിറയെ വിവിധ നിറത്തിലുള്ള മൂത്തു മാലകൾ അണിഞ്ഞ്, കൈനിറയെ കുപ്പിവളകളണിഞ്ഞ് അഴിഞ്ഞുലഞ്ഞ മുടികൾ പാറിപ്പറത്തിയിട്ട്,മുറുക്കി ചുവപ്പിച്ചചുണ്ടുമായി ഇരിക്കുന്ന കല്യാണി മീനുട്ടിക്കെന്നും ഒരു കൗതുകമായിരുന്നു ..
“എന്തിനാ അമ്മേ …കല്യാണിയെ ശകാരിക്കുന്നേ. … കല്യാണി പാവം ..ല്ലേ ..?” മീനുട്ടി അമ്മയോട് ചോദിച്ചു…
“മം.. പാവം .. വല്ലവൻ്റെ കൊച്ചിനെയും വയറ്റിലാക്കി നാടും വീടും ഏതാന്ന് അറിയാതെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഇവളാണോ പാവം .. ” സ്വന്തം മക്കളോട് ഇങ്ങനെ പച്ചക്കു മറ്റൊരു സ്ത്രീ യെ കുറിച്ച് പറയുന്നത് എന്ന് അറിയാതെ അമ്മ പറഞ്ഞു…
ഇതും പറഞ്ഞ് അമ്മ അകത്തേയ്ക്ക് കയറിപ്പോയി …
അലസമായി കിടക്കുന്ന മുടിക്കുള്ളിൽ വിരലുകൾ കടത്തി മാന്തി ചൊറിഞ്ഞു കൊണ്ട് ഏന്തൊക്കയോ പതം പറഞ്ഞ് ചിരിച്ച് കൊണ്ടിരിക്കുന്ന കല്യാണിയോട് അവൾക്ക് വല്ലാത്ത സഹതാപം തോന്നി …
“കല്യാണി എന്തിനാ ..ചിരിക്കണേ…?” മീനുട്ടിയുടെ ചോദ്യം…
“ഹ ഹ … ഞാൻ ചിരിച്ചോ .. ഇല്ലല്ലോ ഞാൻ ചിരിച്ചില്ലല്ലോ” എന്ന് ഉറക്ക പറഞ്ഞ് കൊണ്ട് പൊട്ടിപൊട്ടിച്ചിരിക്കുന്ന കല്യാണിയെ നോക്കി അവൾ ആശ്ചര്യത്തോടെ നിന്നു …
നേരം പാതിരാവായിട്ടും അമ്മയുടെയും അച്ഛൻ്റെയും നടുക്ക് കിടന്ന മീനൂട്ടിയ്ക്ക് ഉറക്കം വന്നതേയില്ല ..
“അമ്മേ … ആ കല്യാണിയ്ക്ക് ശരിക്കും ഭ്രാന്തുണ്ടോ .. അമ്മേ …” ഉറങ്ങി കിടന്നഅമ്മയെ തട്ടിയുണർത്തി അവൾ ചോദിച്ചു ..
“ഈ കുട്ടിക്കിത് എന്തിൻ്റെ കേടാ .. നേരം എത്രയായിന്നാ നീയിതു വരെ ഉറങ്ങീല്ലേ … ആവശ്യമില്ലാത്ത ഓരോചോദ്യങ്ങളാ … രാമനാമം ചൊല്ലി ഉറങ്ങാൻ നോക്ക് മീനൂട്ടി ..” ഉറക്ക ചടവോടെ പറഞ്ഞിട്ട് അവളുടെ അമ്മ തിരിഞ്ഞ് കിടന്നു ..