തുറന്ന് കിടന്ന ജാലക കമ്പികൾക്കിടയിലൂടെ പറന്ന് വന്ന മിന്നാമിനുങ്ങിൻ്റെ മിന്നിതിളങ്ങുന്നപ്രകാശം കണ്ട് അവൾ കിടക്കയിൽ നിന്ന് മെല്ലെഎണീറ്റ് ജാലകത്തിനരികിലെത്തി.. ആകാശത്ത് പൂനിലാപ്രഭ തുകി നിൽക്കുന്ന അമ്പിളിമാമനെ നോക്കി അവൾ പുഞ്ചിരി തൂകി .. ഒരായിരം നക്ഷത്രങ്ങൾ ആകാശത്ത് കൺചിമ്മി തുറക്കുന്നത് അവൾ നോക്കി നിന്നു …
പാടത്ത് നിന്ന് പണി കഴിഞ്ഞ് തുമ്പയുമായി വിയർത്തൊലിച്ച് വന്ന പണിക്കാരൻ കേളൻ വാല്യക്കാരി ജാനു വിളമ്പിക്കൊടുത്ത പഴം കഞ്ഞി ഉപ്പും മുളകും ചേർത്ത് ആർത്തിയോടെ വാരി കഴിക്കുന്നത് കണ്ട് നിന്ന മീനു ജാനുവിനോടായി പറഞ്ഞു ..
“ജാനു വേച്ചി … എനിക്കും വേണം കേളനു കൊടുത്ത മാതിരിയുള്ള കഞ്ഞി ..”
“അയ്യോ … മീനൂട്ടി അതൊന്നും വേണ്ടാ ട്ടോ : അമ്മ കണ്ടാൽ നല്ല തല്ലു കിട്ടും ..”
“എനിക്കും വേണം ജാനു വേച്ചി … ” അവൾ വാശി പിടിച്ച് വിമ്മി കരയാൻ തുടങ്ങി..
“മീനൂട്ടിയ്ക്ക് ഞാൻ തരാലോ കഞ്ഞി..” വിയർപ്പ് മണക്കുന്ന തോർത്ത് മുണ്ടിനാൽ ചിറി തുടച്ചിട്ട് കേളൻ പറഞ്ഞു ..
ഇറയത്തിരുന്ന കവിടി പാത്രത്തിൽ നിന്നും പ്ലാവില കുമ്പിളിലിനാൽ കോരിയെടുത്ത കഞ്ഞി മീനുവിൻ്റെ വായിലേയ്ക്ക് ഒഴിച്ച്ക്കൊടുക്കവേ ..
മീനൂട്ടീ …എന്നലറിക്കൊണ്ട് കേളൻ്റെ കൈയ്യിലെ കഞ്ഞി പാത്രം തട്ടി തെറിപ്പിച്ചിട്ട് പുളിയൻ കമ്പ് നീട്ടിപ്പിടിച്ച് അച്ഛൻ മീനൂനേം കൂട്ടി അകത്തേയ്ക്ക് പോയി … ഉച്ചത്തിൽ കരയുന്ന മീനുൻ്റെ എങ്ങലടി കേട്ടാണ് .. ജനലരികിൽ നിന്ന് കൈയ്യിൽ ഒതുക്കി പിടിച്ച മഷി പച്ച തണ്ടുമായി കേളൻ്റെ മകനും മീനുവിൻ്റെ കളി കൂട്ടുകാരനുമായ കുട്ടൻ പതിയെ മീനൂട്ടിയെ വിളിച്ചത് …
“മീനൂട്ടി കരയണ്ടാട്ടോ … പുറത്തേക്ക് ഇറങ്ങി വാ ഞാൻ കൈയ് നിറയെ മഷി പച്ച തരാലോ …”
കുട്ടനെ കണ്ടതും വിമ്മി വിമ്മി കരയുന്ന മീനുവിൻ്റെ കണ്ണിൽ സന്തോഷം തിരതല്ലി ..
ആരും കാണാതെ പതിയെ മുറിയിൽ നിന്നിറങ്ങി കുട്ടൻ്റെ ചുമലിലേറി പാട വരമ്പത്തേയ്ക്ക് പോയി …
വിളഞ്ഞ് പഴുത്ത് പാകമായ നെൽവയൽക്കരയിലിരുന്ന് കേളൻ്റെ പെണ്ണ് നാണി കൊണ്ടുവന്ന കപ്പയും ,ഉള്ളിയും കാന്താരിമുളകും കൂട്ടിയരച്ച ചമ്മന്തിയും വട്ടയിലയിൽ കുട്ടൻ സ്നേഹത്തോടെ വിളമ്പി നൽകിയപ്പോൾ പുളിയൻ കമ്പിൻ്റെ അടിയേറ്റ് തിണർത്ത പാടിലെ നീറ്റൽ മീനുവിന് അലിഞ്ഞ് ഇല്ലാതായി …