പച്ച പരവതാനി വിരിച്ച നെൽപ്പാടത്തിനക്കരെ കളകളാരവം മുഴക്കി ശാന്തമായി ഒഴുകുന്ന പുഴക്കരയിൽ ചൂണ്ടലിട്ട് ഊത്ത മീൻ പിടിക്കുന്ന കുട്ടനൊപ്പം ഇരിക്കുമ്പോഴാണ് ചങ്ങല കിലുക്കി വെള്ളത്തിൽ ഇളകി മറിഞ്ഞ് കിടക്കുന്ന കൊമ്പനെ തേച്ച് കുളിപ്പിക്കുന്ന രാമൻ നായർ കൗതുകത്തോടെ നോക്കിയിരിക്കുന്ന മീനൂട്ടിയെ കണ്ടത് ..
“എന്താ മീനൂട്ടി ആനവാൽ വേണോ ..”?
വേണ്ടന്ന ഭാവത്തിൽ തലയാട്ടി കൊണ്ട് അവൾ പതിയെ പറഞ്ഞു “എനിക്ക് ആനെ നേ തൊടണം …”
“അതിനെന്താ തെട്ടോളുട്ടോ ..”
കുട്ടൻ്റെ കരം പിടിച്ച് പുഴയിലേയ്ക്കിറങ്ങി വെള്ളത്തിൽ കിടന്ന കൊമ്പനെ തൊട്ടു തലോടിയപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു മീനുട്ടിയ്ക്ക് …
അമ്പലകടവിലെ ചെന്താമര കുളത്തിൽ വിടർന്ന് നിന്ന ചുവന്ന താമര പൂവ് പൊട്ടിക്കവേ .. പൂമൊട്ടിൽ നിന്ന് പൂവായി വിരിഞ്ഞ ആദ്യ ആർത്തവത്തിൻ്റെ ആലസ്യതയിൽ തൊട്ടാവാടിയെപ്പോലെ തളർന്ന് വീണ മീനൂട്ടിയെ പരിഭ്രമത്തോടെ … കൈകളിൽ കോരിയേടുത്ത് മനക്കലെ തിണ്ണയിൽ കിടത്തുമ്പോൾ കുട്ടൻ്റെ കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞെഴുകുന്നുണ്ടായിരുന്നു …
ഏറെ ദിവസമായി മീനുവിനെ പുറത്തേയ്ക്ക് ഒന്നും കാണാതിരുന്നപ്പോൾ … ഓല കീറുകൾ വിരലുകളാൽ അടുക്കി ഓലമെടയുന്ന അമ്മയുടെ അരികിലേയ്ക്ക് എത്തി കുട്ടൻ ചോദിച്ചു …
അമ്മ … മീനൂട്ടിയ്ക്ക്എന്താ പറ്റിയെ ..?
“ഓളു .. വല്യ കുട്ടിയായി ഇനി മീനുൻ്റ കൂടെ ഓടാനും ,ചാടാനും ഒന്നു നിൽക്കണ്ടാട്ടോ …”
അതുകേട്ട മാത്രയിൽ അമ്മയുടെ വിലക്കിനെ അവഗണിച്ച് വീട്ടിലെ മുല്ലവള്ളിയിൽ പൂവിട്ട ഒരു പിടി മുല്ലപ്പൂക്കൾ കോർത്ത് എടുത്ത് മീനുവിൻ്റെ മുറിയുടെ ജാലകത്തിലൂടെ മീനുവിൻ്റെ കൈകളിൽ വച്ച് കൊടുക്കുമ്പോൾ മുല്ലപ്പൂവിനേക്കാൾ സൗന്ദര്യം ഋതുമതി യായ മീനുവിൻ്റെ നാണം നിറഞ്ഞ പുഞ്ചിരിക്കുണ്ടായിരുന്നു …
കാലമേറെ കടന്ന് പോയി .. കൗമാരത്തിൻ്റെ കാനന ചോലയിൽ നീരാടി മീനുവും, യൗവനത്തിൻ്റെ പടിവാതിലിൽ കടന്നു കുട്ടനും..…
അങ്ങനെ ഒരു ദിവസം പറമ്പിൽ നിറഞ്ഞ് നിൽക്കുന്ന വാഴത്തോട്ടങ്ങൾക്കിടയിലൂടെ കുട്ടനോടൊപ്പം കൈപിടിച്ച് മീനു നടന്നപ്പോൾ … കുലച്ച് നിൽക്കുന്ന കണ്ണൻ കുലയുടെ കൂമ്പിൽ നിന്ന് അടർത്തിയെടുത്ത പൂവിതളിൽ നിന്നും തേൻകണം മീനുവിൻ്റെ നാവിലേയക്ക് ഇറ്റിച്ചു കൊടുത്തപ്പോൾ ..കുട്ടൻ്റെയും മീനുവിൻ്റെയും കണ്ണുകളിൽ ആദ്യാനുരാഗത്തിൻ്റെ വിത്തുകൾ മുളച്ചത് അവർ തിരിച്ചു അറിഞ്ഞു …