ചിരി മാഞ്ഞു പോയ മുഖത്ത് വിഷാദം തളം കെട്ടിയിരുന്നു. എന്നെ കെട്ടിപ്പിടിച്ച ചമ്മല്‍ കൂടി ഉള്ളതിനാല്‍ അവള്‍ എന്തോ പറയാന്‍ തപ്പിതടയുന്നു. ഞാന്‍ ഇടയ്ക്കു കേറി പറഞ്ഞു അവിടെ എത്തിയിട്ട് മെസേജ് അയക്കണം. അവള്‍ തലയാട്ടി. താങ്ക്സ് എന്ന് പറഞ്ഞു തിരികെ നടന്നു. അല്‍പദൂരം പോയ ശേഷം അവള്‍ തിരികെ എന്‍റെ അടുക്കലേക്കു വേഗം വന്നു.
അടുത്തെത്തിയ അവള്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു മാഷിന് ഓര്‍മ ഉണ്ടോ ? വളരെ ചെറുപ്പത്തില്‍ ഒരിക്കല്‍ ഞങ്ങള്‍ പപ്പയുടെ കൂടെ വീട്ടില്‍ വന്നിട്ടുണ്ട്. ചെങ്കല്ല് കൊണ്ടുള്ള ഒരു കൊച്ചു വീട്ടില്‍ പടിയില്‍ മാഷിന്‍റെ അച്ഛന്‍ പറിച്ചു തന്ന മല്‍ബറി പഴങ്ങള്‍ തിന്നുകൊണ്ട് ഇരിക്കുമ്പോള്‍ മാഷിന്‍റെ കയ്യിലിരുന്ന പഴങ്ങള്‍ വേണമെന്ന് പറഞ്ഞു എന്‍റെ അനിയത്തി വാശി പിടിച്ചപ്പോള്‍ മാഷ് അത് അവള്‍ക്കു കൊടുത്തു. എന്‍റെ പപ്പയുടെ കൂട്ടുകാരന്‍റെ ആ മകനെ വീണ്ടും ഇവിടെ വച്ച് കാണുമെന്നു കരുതിയില്ല. ഇങ്ങനെ ഒരവസരത്തില്‍ എനിക്ക് സഹായമാകും എന്ന് കരുതിയില്ല. അന്ന് അനിയത്തിക്ക് മല്‍ബറി പഴങ്ങള്‍ കൊടുത്ത മനസ് ഇത്ര വലിയ ഒരു കാര്യം എനിക്ക് ചെയ്യുമെന്ന് ഒരിക്കലും ചിന്തിച്ചില്ല. നിങ്ങള്‍ വലിയവന്‍ ആണ്. ആ ചെറിയ വീട്ടില്‍ നിന്നും നിങ്ങള്‍ എത്ര ഉയരത്തില്‍ എത്തി എന്നെനിക്കറിയില്ല. പക്ഷെ അന്നും ഇന്നും നിങ്ങളുടെ മനസ് വളരെ ഉയരത്തില്‍ ആണ്. എന്നെ വിളിച്ച ചീത്ത ഇപ്പോള്‍ ഞാന്‍ എന്ജോയ് ചെയ്യുന്നു. അത് ഞാന്‍ അര്‍ഹിച്ചിരുന്നു. മറക്കില്ല. എല്ലാ കടവും ഞാന്‍ വീട്ടും. നിങ്ങള്‍ ആണ് ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും നല്ല ആണ്. അത്രയും പറഞ്ഞു അവള്‍ കാലില്‍ പൊങ്ങി എന്‍റെ കവിളില്‍ ഒരു ഉമ്മ നല്‍കിയ ശേഷം വേഗം തിരിഞ്ഞു നടന്നു. ഞാന്‍ തരിച്ചു നിന്ന് പോയി.
ഞാന്‍ അത്ര നല്ലവനായ ആണല്ല എന്ന് പറയണം എന്നുണ്ടായിരുന്നു. ഞാന്‍ നല്ലവന്‍ ആണോ എന്ന് ഞാന്‍ തന്നെ ഒരു നിമിഷം ചിന്തിച്ചു പോയി. ഒരിക്കലും അല്ല എന്നറിയാം. നടന്നു പോകുന്ന അവള്‍ പറഞ്ഞ കാര്യങ്ങള്‍ എനിക്ക് ഓര്‍മയില്ലായിരുന്നു. അവളുടെയോ അനിയത്തിയുടെയോ മുഖം എന്‍റെ മനസ്സില്‍ ഇല്ല. തോമാച്ചനെ ഓര്‍മയുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് തോമാച്ചനെ കണ്ടിട്ടുണ്ട്. ജീവിതത്തിന്‍റെ പാച്ചിലിനിടയില്‍ എപ്പഴെങ്കിലും അവരെ കണ്ടതായി ഓര്‍ക്കാന്‍ ശ്രമിച്ചു കൊണ്ട് ഞാന്‍ നിന്നു. അപ്പോഴും അവളുടെ ഉമ്മ കവിളില്‍ നല്‍കിയ കുളിര്‍ എന്‍റെ ശരീരം മുഴുവന്‍ പടര്‍ന്നു കയറുന്നത് ഞാനറിഞ്ഞു.