രാത്രി 12.20 നു ജിന്‍സിയുടെ ഫ്ലൈറ്റ് പുറപ്പെട്ടപ്പോള്‍ നാലഞ്ച് മണികൂര്‍ ഉള്ളില്‍ തന്നെ പോകാന്‍ ഉള്ള സെറ്റപ്പ് റെഡിയാകും എന്ന് കരുതിയില്ല. വെളുപ്പിന് നാലരക്ക് ഒരുപാടു ആശങ്കയോടെ ഒരു പ്രൈവറ്റ് ജെറ്റില്‍ മൂന്നാല് പേര്‍ക്കൊപ്പം കയറുമ്പോള്‍ എപ്പോള്‍ ഹോംഗ്കോങ്ങില്‍ എത്തും എന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല. ആ ഫ്ലൈറ്റ് വേഗം തന്നെ മറ്റൊരു എയര്‍പോര്‍ട്ടില്‍ ഇറങ്ങി. അവിടെ നിന്നാണു ഞങ്ങള്‍ക്കുള്ള ഫ്ലൈറ്റ്. അതികം വൈകാതെ ഫോര്‍മാലിറ്റിസ് തീര്‍ത്തു വെളുപ്പിനെ ഏഴു മണിക്ക് വിമാനം കയറി. അന്നൊരു ചൊവ്വാഴ്ചയായിരുന്നു.
വ്യാഴാഴ്ച രാത്രി പത്തുമണിയോടെ Quarantine അറേഞ്ച് ചെയ്ത അപ്പാര്ട്ട്മെന്റില്‍ എത്തുമ്പോള്‍ ഒരിക്കലും ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്ത ഒരു യാത്രയായിരുന്നു കഴിഞ്ഞത്. വേറെ ബുദ്ധിമുട്ട് ഇല്ലെങ്കിലും അത്ര നേരം വിമാനത്തില്‍ മാത്രം ഇരിക്കുക എന്നത് ആദ്യത്തെ അനുഭവം ആയിരുന്നു.മലേഷ്യ ഉള്‍പ്പെടെ പല സ്ഥലങ്ങളില്‍ ലാന്‍ഡ് ചെയ്തും ടേക്ക് ഓഫ് ചെയ്തുമായിരുന്നു യാത്ര.
ഇടയ്ക്കു എവിടെയോ വച്ച് ജിന്‍സിയുടെ മെസേജ് വന്നിരുന്നു. അവള്‍ ബുധന്‍ രാവിലെ എത്തിയെന്നുണ്ടായിരുന്നു മെസേജില്‍. നന്ദി ഒക്കെ ഉണ്ടായിരുന്നു എങ്കിലും അവസാന വരികള്‍ ദുരൂഹമായി തോന്നി.
“ഇനി നമ്മള്‍ ഒരിക്കലും കാണാതിരിക്കുന്നതാണ് മാഷെ നല്ലത്.” കടം എല്ലാം വീട്ടും. ഒന്നും വിചാരിക്കല്ലേ മാഷെ. സോറി.
അവള്‍ പറ്റിച്ചല്ലോ എന്ന് ചിന്തിക്കാന്‍ തോന്നിയില്ല. കണ്ഫ്യുഷന്‍ ആയെങ്കിലും റിപ്ലെ ചെയ്യാന്‍ തോന്നിയില്ല.
നല്ല ക്ഷീണം ഉള്ളതിനാല്‍ ഞാന്‍ കുളിച്ചു വന്നു അച്ഛനും, വൈഫിനും, അന്‍സാറിനും എത്തിയെന്ന വിവരം മെസേജ് അയച്ച ശേഷം ബെഡ്ഡിലേക്ക് മറിഞ്ഞു. കിടന്നപ്പോള്‍ ജ്യോക്ക് കൂടി മെസേജ് അയക്കാം എന്നോര്‍ത്തത്. അവള്‍ക്കും എത്തിയ വിവരം മെസേജ് ചെയ്തു കിടന്നു. നല്ല ക്ഷീണം കാരണം വേഗം ഉറങ്ങിപ്പോയി.
റൂമിലെ ഫോണ്‍ അടിക്കുന്നത് കേട്ടാണ് രാവിലെ ഉണര്‍ന്നത്. ഉറക്കചടവോടെ ഫോണ്‍ ചെവിയില്‍ വച്ചു. അപ്പുറത്ത് ജ്യോ ആയിരുന്നു. സര്‍ രാത്രി മുതല്‍ വിളിക്കാന്‍ ശ്രമിക്കുന്നു. നിങ്ങളുടെ ഫോണ്‍ സ്വിച് ഓഫ് ആണ്. ഗസ്റ്റ് ഇന്നലെ രാത്രി റൂമില്‍ ബോധം കെട്ടു കിടക്കുകയായിരുന്നു. എനിക്കൊന്നും മനസിലായില്ല.
ഹലോ ജ്യോ, കാം ഡൌണ്‍. എനിക്കൊന്നും മനസിലായില്ല. ആര് ഹോസ്പിറ്റലില്‍, ഏതു ഗസ്റ്റ്.? നീ കൂള്‍ ആയി കാര്യം പറ.