ചേച്ചിക്ക് അവളുടെ കൂടെ കോളേജില്‍ പഠിച്ച ഒരാളെ ഇഷ്ടമായിരുന്നു. നല്ല ഫാമിലി ഒക്കെ ആയതിനാല്‍ രണ്ടു വീട്ടുകാര്‍ക്കും എതിര്‍പ്പില്ലാതെ കല്യാണം തീരുമാനിച്ചു. ചേച്ചിയുടെ കല്യാണം നടക്കുമ്പോൾ ഞാൻ ബാംഗ്ലൂർ പഠിക്കുകയാണ്. വലിയ കുഴപ്പമില്ലാതെ ജീവിതം പോകുന്നതായിരുന്നു. ബാംഗ്ലൂരിൽ തന്നെയുള്ള ഒരു പയ്യനുമായി എനിക്കിഷ്ടം ഉണ്ടായിരുന്നു. ഞാന്‍ ആദ്യമായും അവസാനമായും പ്രേമിച്ചത് അവനെയായിരുന്നു. എന്റെ വീട്ടിലും അവനെക്കുറിച്ച് അറിയാം അവർക്കും എതിർപ്പൊന്നും ഇല്ലായിരുന്നു. പഠിത്തം കഴിഞ്ഞാൽ കല്യാണം കഴിക്കാം എന്ന് കരുതി ഇരിക്കുമ്പോഴാണ് ചേച്ചിയുടെ ഹസ്ബൻഡ്ഒരു കേസിൽപ്പെടുന്നത്. ഒരു കേസ് അല്ലായിരുന്നു കുറെ കേസുകൾ. അവയിൽ പലതിലും ചേച്ചിയും പ്രതിയായി. പലയിടത്തും ബിസിനസ് എന്നൊക്കെ പറഞ്ഞു ചേച്ചിയെ കൊണ്ട് ഒപ്പിടിവിച്ചിരുന്നു. പലതും ആളുകളെ പറ്റിക്കുന്ന തരത്തില്‍ ഉള്ള കാര്യങ്ങള്‍ ആയിരുന്നു എന്ന് കേസ് ആയപ്പോഴാണ് ഞങ്ങള്‍ അറിയുന്നത്. തെളിവുകള്‍ ഒക്കെ എതിരായിരുന്നു. അങ്ങനെ ചേച്ചിയെയും അവനെയും റിമാന്‍ഡ് ചെയ്തു.
ഞങ്ങള്‍ എന്ത് ചെയ്യണം എന്നറിയാതെ നിന്ന ദിവസങ്ങള്‍ ആയിരുന്നു ആദ്യം. ഇങ്ങനെ ഒന്നും പരിചയം ഇല്ലല്ലോ. പപ്പ ആകെ തകര്‍ന്നു. പപ്പക്ക് എങ്ങനെയും ചേച്ചിയെ രക്ഷിക്കണം എന്ന് ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ എന്ത് പറയാന്‍. ഒന്നും അറിയില്ലല്ലോ. സുഹൃത്തുക്കള്‍ വഴി ഏതോ നല്ല വക്കീലിനെ ഏര്‍പ്പാടാക്കി. കുറെ പൈസ മുടക്കി ചേച്ചിക്ക് ജാമ്യം കിട്ടി. 14 കേസുകള്‍ ഉണ്ടായിരുന്നു ചേച്ചിയുടെ പേരില്‍. പപ്പ ഞങ്ങള്‍ക്ക് ഉള്ളതെല്ലാം എടുത്തു കേസ് നടത്തി. കുറെ സാക്ഷികളെ ഒക്കെ കണ്വിന്സ് ചെയ്തു. പരാതിക്കാരെ സെറ്റില്‍ ചെയ്തു. പുതിയ കേസുകള്‍ ഉണ്ടാകാതിരിക്കാന്‍ എന്തൊക്കെയോ ചെയ്തു. എനിക്കൊന്നും അറിയില്ല മാഷെ. അവസാനം ഞങ്ങളുടെ പൈസയും, ഉണ്ടായിരുന്നു കുറെ സ്ഥലങ്ങളും എല്ലാം വിറ്റ് തീര്‍ന്നു. ചേച്ചിയെ കേസില്‍ നിന്നും രക്ഷിച്ചു. അവള്‍ ഡിവോഴ്സ് ആയി. എക്സാം സമയം ആയതിനാല്‍ ഞാന്‍ മിക്കവാറും ബംഗ്ലൂര്‍ ആയിരുന്നു.
അവിടെ എന്‍റെ ലവര്‍ ഈ വിവരം എല്ലാം അറിഞ്ഞു അവന്‍റെ വീട്ടുകാര്‍ ബന്ധം സമ്മതിക്കില്ല എന്ന് പറഞ്ഞു. ഞാന്‍ അകെ തകര്‍ന്നു. എങ്കിലും അവന്‍ ആയിരുന്നു ഒരു ആശ്വാസം. ഇടയ്ക്കു എല്ലാം ഒന്ന് പറയാന്‍ ആരെങ്കിലും വേണ്ടേ. എന്നാല്‍ അതിനു ശേഷം അവന്‍റെ പെരുമാറ്റം അല്പം വ്യത്യസ്തമായി. ആവശ്യമില്ലാതെ ബോഡിയില്‍ ഒക്കെ തൊടാന്‍ തുടങ്ങി. ഞാന്‍ എന്‍റെ പ്രശ്നത്തില്‍ ഉള്ളില്‍ അത് ശ്രദ്ധിച്ചില്ല. ഒരിക്കല്‍ അവന്‍ എന്നെ പബ്ബില്‍ പോകാന്‍ വിളിച്ചു. ഞാന്‍ പോയില്ല. അത് കാരണം അവന്‍ കുറെനാള്‍ എന്നോട് മിണ്ടിയില്ല.