അവള്‍ക്കെന്തോ പറയാന്‍ തുടങ്ങിയിട്ട് സങ്കോചത്തോടെ എന്നെ നോക്കി. അവള് എന്റെ മുഖത്തേക്ക് പരുങ്ങലോടെ നോക്കിയിട്ട് ഒരു കാര്യം ചോദിയ്ക്കട്ടെയെന്നു ചോദിച്ചു. യെസ് യു കാന്‍ എന്ന് പറഞ്ഞു അവള്‍ക്കെന്താ ചോദിയ്ക്കാന്‍ എന്ന് ചിന്തിച്ചു. മടിച്ചു മടിച്ചു അവള് പറഞ്ഞു തുടങ്ങി, സര്.. അത്.. ആദ്യം മോശമായി പെരുമാറിയതിന് സോറി. സഹായിക്കാന്‍ വരുന്ന പല ആളുകളുടെയും ഉദ്ദേശം മറ്റു പലതുമാണ്. ഹസ്ബന്ഡ്ന്റെ കൂട്ടുകാര്‍ പോലും പലതവണ അങ്ങനെ സഹായിക്കാന്‍ വന്നിട്ടുണ്ട്. അതുകൊണ്ട് എനിക്കിപ്പോള്‍ എല്ലാരോടും ദേഷ്യമാണ്. അതുകൊണ്ടാണ് പെട്ടന്ന്. സോറി. സര്‍നെ ഇന്സല്റ്റ് ചെയ്യാന്‍ വേണ്ടി അല്ല. എന്റെ ഒരു മാനസിക അവസ്ഥയില്‍ അങ്ങനെ സംഭവിച്ചതാണ്. പപ്പയോടും, സര്‍ന്റെ അച്ഛനോടും ഒന്നും പറയല്ലേ.
ഞാന്‍ അതുകേട്ട് മറുപടി ഒന്നും പറഞ്ഞില്ല. അവള് പറയുമ്പോള്‍ കണ്ണുകളുടെ ചലനവും വാക്കുകളുടെ ഭംഗിയും കേട്ട് അങ്ങനെ ഇരുന്നു. അവള് വീണ്ടും പറഞ്ഞു തുടങ്ങി. അവള് പറയുമ്പോള്‍ ഇടയ്ക്കിടെ ഇംഗ്ലീഷ് കടന്നു വരുന്നുണ്ട്. വളരെ ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കുന്നു. നല്ല ആക്സന്റ്. ഒരു നാട്ടിന് പുറത്തെ കുട്ടി ഇങ്ങനെ സംസാരിക്കുന്നതു കൌതുകമുണ്ടായി. അവളുടെ കണ്ണുകളുടെ ഭംഗി എന്നെ വീണ്ടും വീണ്ടും കോര്‍ത്ത് വലിക്കുന്ന പോലെ തോന്നി. മുഖത്ത് നിന്നും കണ്ണെടുക്കാന്‍ കഴിയുന്നില്ല.
ഒരു ചാര്‍ട്ടര്‍ ഫ്ലൈറ്റ് എന്ന് പറയുമ്പോള്‍ കൊറേ പൈസ ആകില്ലേ? അത്ര പൈസ ഒന്നും ഉണ്ടാകില്ല എന്റെ കയ്യില്‍. ഹസ്ബന്‍ഡ് ആണ് നേരത്തെ വിളിച്ചത് പുള്ളി നാട്ടിലേക്കു ഒരു ടിക്കറ്റ് റെഡിയാക്കാന്‍ ട്രൈ ചെയ്യുന്നത് എന്ന് പറഞ്ഞു. എനിക്ക് തന്നെ എന്താണ് ചെയ്യുക എന്ന് അറിയാത്ത അവസ്ഥ ആണ്. എനിക്ക് സര്‍നെ ഒരുപാടു ബുദ്ധിമുട്ടിക്കാന്‍ ഇഷ്ടമില്ല. എനിക്ക് മറ്റന്നാള്‍ മിഡ്നൈറ്റ്നു മുന്‍പ് അവിടെ ഇറങ്ങിയില്ലെങ്കില്‍ എന്റെ വിസ കാന്‍സല്‍ ആകും. അതുകൊണ്ട് രണ്ടു ദിവസം കഴിഞ്ഞു പോയിട്ട് കാര്യമില്ല. അവിടെ എത്തിയാലും ഇത്രയും ദിവസം ക്വാറന്റൈന് ഉണ്ടല്ലോ. അതും നല്ല കോസ്റ്റ്ലി ആണല്ലോ. സൊ ഞാന്‍ തിരികെ നാട്ടില്‍ പോകുന്നതാണ് നല്ലതെന്ന് തോന്നുന്നു. ഇതു പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു. വേഗം മുഖം കുനിച്ചു കയ്യിലിരുന്ന ടിഷ്യുകൊണ്ട് കണ്ണ് തുടച്ചു ദൂരേക്ക് നോക്കിയിരിപ്പായി.