ഞാന്‍ അവളുടെ നേര്‍ക്ക് തിരിഞ്ഞു വിളിച്ചു ജിന്‍സി…
അവള്‍ നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി മുഖമുയര്‍ത്തി എന്നെ നോക്കി. ഒരുപാടു സംഘര്‍ഷം അനുഭവിക്കുന്നു എന്നവളുടെ മുഖം പറയുന്നുണ്ട്.
ഞാന്‍ പറഞ്ഞു തുടങ്ങി… ജിന്‍സി ഞാന്‍ ഈ ദുബായില്‍ ഒന്നര വര്‍ഷത്തോളം ഒരു പ്രതീക്ഷയും ഇല്ലാതെ അലഞ്ഞിട്ടുണ്ട്. ചില ദിവസങ്ങളില്‍ ഫുഡ് പോലും കഴിക്കാന്‍ പൈസ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നിങ്ങളുടെ അവസ്ഥ എത്രയോ ഭേദമാണ്. നിങ്ങള്‍ക്കൊരു ജോലി ഉണ്ട് സാലറി ഉണ്ട്. അവിടെ വരെ എത്തിപ്പെടുന്നതില്‍ ഉള്ള തടസമാണ് മുന്നില്‍. അതിനും നിങ്ങള്‍ക്ക് മുന്നില്‍ ഒരു പ്രതീക്ഷ ഉണ്ട്. അതുകൊണ്ട് ടെന്‍ഷന്‍ ആകണ്ട. കരയേണ്ട കാര്യമില്ല. ഒരുറപ്പ് ഞാന്‍ തരാം വിസ കാന്‍സല്‍ ആകും മുന്‍പ് ജിന്‍സിയെ അവിടെ എത്തിക്കാന്‍ എന്നെക്കൊണ്ട് കഴിയുന്ന എല്ലാ കാര്യവും ചെയ്യാന്‍ ഞാന്‍ ശ്രമിക്കും. ഇത് പറഞ്ഞ ശേഷം അവളുടെ കൈപത്തിയില്‍ പിടിച്ചു ഒന്നമര്‍ത്തിയ ശേഷം മറ്റേ കൈകൊണ്ടു ആശ്വസിപ്പിക്കുന്ന പോലെ കയ്യില്‍ തട്ടി. എന്‍റെ മനസ്സില്‍ ഒരു ഐഡിയ വന്നിരുന്നു ഇത് പറയുമ്പോള്‍. അവള്‍ കണ്ണ് നീരിനുള്ളില്‍ കൂടി എന്നെ നോക്കിയെങ്കിലും മുഖത്തെ ഭാവം മാറിയില്ല. ഞാന്‍ പിടിച്ചിരിക്കുന്ന കയ്യിലേക് ഒന്ന് നോക്കി. വേഗന്നു ഞാന്‍ പിടി വിട്ട് വീണ്ടും പറഞ്ഞു, ജിന്‍സി എഴുനേറ്റ് ഒന്ന് കൂടി മുഖം കഴുകി വരൂ. അപ്പോഴേക്കും ഞാന്‍ ഒരു കോള്‍ ചെയ്യട്ടെ. ഞാന്‍ എണീറ്റ് ഫോണ്‍ എടുത്തു വീണ്ടും ഫ്ലൈറ്റ് ഓഫിസില്‍ വിളിച്ചു. എപ്പഴും ഫോണ്‍ എടുക്കുക ഒരാള്‍ തന്നെ ആണെന്ന് മനസിലായി. ഞാന്‍ അയാളോട് എന്‍റെ ഐഡിയ പറഞ്ഞു. എനിക്ക് രണ്ടു ദിവസം കഴിഞ്ഞു പോയാല്‍ മതി. എന്‍റെ സീറ്റ് മറ്റൊരാള്‍ക്ക് കൊടുക്കാന്‍ സാധിക്കുമോ. പെട്ടന്ന് അയാള്‍ പറ്റില്ല എന്ന് പറഞ്ഞു. എന്നിട്ട് അതിനുള്ള ബുദ്ധിമുട്ട് അയാള്‍ പറഞ്ഞു. RTPCR മുതലുള്ള സാങ്കേതിക തടസം, അതുമല്ലതെയുള്ള പേപ്പര്‍ വര്‍ക്ക്. അവിടെ ഇറങ്ങാനുള്ള പെര്‍മിഷന്‍. ഇങ്ങനെ കുറെ നൂലാമാലകള്‍ അയാള്‍ പറഞ്ഞു. ഞാന്‍ അയാളോട് സമാധാനത്തോടെ RTPCR വാലിഡ് ആണെന്നും വിസ ഉള്ള ആളാണ് എന്നും പറഞ്ഞു. പറ്റുമെങ്കില്‍ ഇത് ശരിയാക്കിയാല്‍ വളരെ ഉപകാരം ആണെന്ന് പറഞ്ഞു. അയാള്‍ ഉറപ്പു തന്നില്ലെങ്കിലും നോക്കാം എന്ന് പറഞ്ഞു. ഞാന്‍ അര മണിക്കൂര്‍ കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞു കട്ട് ചെയ്തു. തിരികെ ജിന്‍സിയെ നോക്കിയപ്പോള്‍ അവള്‍ അതെ ഇരുപ്പു തന്നെയാണ്. അടുത്തെത്തി പഴയ സ്ഥലത്ത് ഇരിപ്പുറപ്പിച്ചു. സര്‍ എന്ന് വിളിച്ചു അവളെന്തോ പറയാന്‍ തുടങ്ങി. എന്നെ സഹിച്ചതിന് നന്ദിയുണ്ട്. സഹായിക്കാന്‍ മനസ് കാണിച്ചതിനും താങ്ക്സ്. സര്‍ വിചാരിക്കുന്ന മാത്രം അല്ല എന്‍റെ പ്രശ്നങ്ങള്‍. അതൊന്നും ഇവിടെ പറയേണ്ട കാര്യമല്ല എന്നറിയാം. അവ പറയാന്‍ എനിക്ക് താല്പര്യം ഇല്ല. മുഖം കഴുകിയാല്‍ കരച്ചില്‍ മാറി ചിരി വരുമൊന്നു അറിയില്ല. ആദ്യമായാണ് എന്നെ ഒരാള്‍ ഇങ്ങനെ സഹായിക്കാം എന്ന് പറയുന്നത്. അതും ഇത്ര വലിയൊരു സഹായം. സാറിനെ ഞാന്‍ ചെറുപ്പത്തില്‍ കണ്ടിട്ടുണ്ട്. വളര്‍ന്ന ശേഷവും ചില തവണ കണ്ടിട്ടുണ്ട്. എനിക്ക് പോകാന്‍ സാധിച്ചാലും ഇല്ലെങ്കിലും ഈ കാണിച്ച മനസ്സ് മറക്കില്ല. അത് പറഞ്ഞു അവള്‍ വീണ്ടും തേങ്ങി. കണ്ണുനീര്‍ തുടച്ചു നോട്ടം മാറ്റി.