അപ്പോള്‍ എന്‍റെ ഫോണ്‍ വീണ്ടും അടിക്കാന്‍ തുടങ്ങി. അച്ഛനാണ് , ഫോണ്‍ എടുത്തപ്പോള്‍ അച്ഛന്‍ ആശങ്കയോടെ ജിന്‍സിയുടെ ഫോണ്‍ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു. തോമാച്ചന്‍ അകെ വിഷമിച്ചിരിക്കുന്നു. ഞാന്‍ പറഞ്ഞു അച്ഛാ ഞാന്‍ ജിന്‍സിയെ കണ്ടു. ഇവിടെ ഉണ്ട്, വേണമെങ്കില്‍ ഫോണ്‍ കൊടുക്കാം എന്ന് പറഞ്ഞു. ഞാന്‍ ഫോണ്‍ അവള്‍ക്കു കൊടുത്തു. അവള്‍ ഫോണ്‍ വാങ്ങി എന്തൊക്കെയോ സംസാരിച്ച ശേഷം ഫോണ്‍ തിരികെ തന്നപ്പോള്‍ തോമാച്ചന്‍ ആയിരുന്നു ലൈനില്‍. അദ്ധേഹം എനിക്ക് നല്ലത് വരും എന്നൊക്കെ പറഞ്ഞു ഫോണ്‍ വച്ച്. ഞാന്‍ സംശയത്തോടെ അവളെ നോക്കിയപ്പോള്‍, അവളുടെ ഫോണ്‍ കയ്യില്‍ എടുത്തു അത് സ്വിച് ഓഫ് ചെയ്തു വച്ചിരിക്കുന്നു എന്ന് കാണിച്ചു തന്നു. എന്തിനാണെന്ന് ഞാന്‍ ചോദിക്കും മുന്നേ അവള്‍ ഇങ്ങോട്ട് പറഞ്ഞു. സാം വിളിച്ചാല്‍ നെഗറ്റിവ് ആണ് പറയുക. എന്നെ കുറെ കുറ്റവും പറയും. അതുകൊണ്ട് ഓഫ് ചെയ്തു വച്ചതാണ് എന്ന് പറഞ്ഞപ്പോള്‍ അവളുടെ ചിരിച്ച മുഖം വീണ്ടും വാടിയിരുന്നു.
എന്‍റെ ഫോണ്‍ വീണ്ടും റിംഗ് ചെയ്തു. ട്രാവല്‍ കമ്പനിയില്‍ നിന്നും ആണ്. ജിന്‍സിയുടെ സീറ്റ് ഓക്കേ ആയി എന്നാണ് പറഞ്ഞത്. ടേക്ക് ഓഫ് രാത്രി 12.20 ആണ്. 7pm മണിക്ക് ഒരു പ്രത്യേക കൌണ്ടറില്‍ എത്തണം എന്ന നിര്‍ദേശം നല്‍കി. ബോഡിംഗ്, ചെകിംഗ്, ഇമിഗ്രേഷന്‍ എല്ലാം അവിടെ പറഞ്ഞു തരും എന്ന് പറഞ്ഞു. ഫോണ്‍ കട്ട് ചെയ്തു ജിന്‍സിയുടെ നേര്‍ക്ക് നോക്കിയിട്ട് ഞാന്‍ കണ്ഗ്രാറ്റ്സ് പറഞ്ഞു. അവള്‍ അതിശയത്തോടെ എന്നെ നോക്കിയപ്പോള്‍ ഞാന്‍ പറഞ്ഞു. എടൊ താന്‍ രാത്രി ഫ്ലൈറ്റില്‍ പറക്കുന്നു. എല്ലാം ഓക്കേ ആണ്. അവള്‍ ഞെട്ടലോടെ സീറ്റില്‍ നിന്നും എണീറ്റു. വിശ്വാസം വരാതെ എന്നെ നോക്കി. ഞാന്‍ പതിയെ കണ്ണിറുക്കി ഒന്ന് ചിരിച്ചു.
സത്യമാണോ സര്‍ ? എന്ന് അവള്‍ വീണ്ടും ചോദിച്ചു. സര്‍ വിളി കേട്ട് ഞാന്‍ രൂക്ഷമായി ഒന്ന് നോക്കിയപ്പോള്‍ അവള്‍ തോള്‍ ചലിപ്പിച്ച് അയ്യോ സോറി എന്ന് പറഞ്ഞു. ആ സമയത്ത് അവള്‍ക്കു കൊച്ചു കുട്ടികളുടെ ഭാവമായിരുന്നു. മാസ്കിന്‍റെ ഉള്ളില്‍ കൂടി ആണെങ്കിലും അല്പമെങ്കിലും സന്തോഷമുള്ള ഒരു മുഖഭാവം അവളില്‍ അപ്പോള്‍ മാത്രമാണ് കണ്ടത്.