“മതി… പോയി വേഷം മാറി വാ… അവരെല്ലാം എത്താറായി…”
വൃന്ദ ചിരിയോടെ പറഞ്ഞു, കണ്ണൻ രണ്ട് ചുവട് നടന്നിട്ട് തിരികെ വന്നു വൃന്ദയുടെ കയ്യിൽ പിടിച്ച് അവളെ താഴ്ത്തി അവളുടെ മുഖത്തിന് നേരെ നോക്കി പതിയെ പുഞ്ചിരിച്ചു
“ഉണ്ണിയേച്ചിക്ക് നന്ദേട്ടനെ ഇഷ്ടായിരുന്നോ…?? ഞാൻ കാരണാണോ നന്ദേട്ടനെ കല്യാണം കഴിക്കാൻ പറ്റാഞ്ഞത്…??”
കണ്ണൻ വൃന്ദയോട് വിഷമത്തോടെ ചോദിച്ചു
അവളൊന്ന് ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി പിന്നീട് പുഞ്ചിരിച്ചു,
“ഉണ്ണിയേച്ചിയ്ക്ക് ഈ ലോകത്തേറ്റവും ഇഷ്ടോള്ളത് എന്റെ കണ്ണനെയാണ്, മോൻ കഴിഞ്ഞേ എനിക്കാരുമുള്ളു….
നന്ദേട്ടൻ ശിൽപേച്ചിക്കുള്ളതാണ്,
പിന്നെ കാക്കാത്തിയമ്മ പറഞ്ഞത് മോൻ കേട്ടില്ലേ, ഉണ്ണിയേച്ചിക്ക് ഒരു രാജകുമാരൻ വരും, ഏഴ് കുതിരക്കളെ പൂട്ടിയ തേരിൽ തലയിൽ കിരീടം വച്ച രാജകുമാരൻ, ഉണ്ണിയേച്ചിയേം കണ്ണനേം നല്ലോലെ സ്നേഹിക്കുന്ന രാജകുമാരൻ… മോൻ വെഷമിക്കണ്ട കേട്ടോ…. ചെല്ല് പോയ് ഡ്രസ്സ് മാറി വാ…”
അവൾ പുഞ്ചിരിയോടെ കണ്ണനെ പറഞ്ഞു വിട്ട്കൊണ്ട് എഴുന്നേറ്റു,
കണ്ണൻ ഡ്രസ്സ് മാറി വന്നു, വൃന്ദ കണ്ണന്റെ മുടി ചീകി മുഖത്ത് കുറച്ചു പൗഡർ ഇട്ടുകൊടുത്ത് അവന്റെമുഖത്തേക്ക് നോക്കി
“ഇപ്പൊ എന്റെ കണ്ണൻ സുന്ദരനായി… മോൻ കുരുത്തകേടൊന്നും കാണിക്കരുത്, ആരോടും വഴക്കിനും പോകരുത്, ആരെന്തുപറഞ്ഞാലും ഒരു വഴക്കിനും നിക്കരുത് കേട്ടോ…”
അവന്റെ കവിളിൽ ഉമ്മകൊടുത്തുകൊണ്ട് പറഞ്ഞു, അതിനവൻ ചിരിച്ചുകൊണ്ട് തലയാട്ടി,
കണ്ണൻ പുറത്തേക്കോടി, വൃന്ദ മുറിയുടെ പുറത്തിറങ്ങിയതും ശില്പയും കൂട്ടുകാരും കാവ്യയും കവിതയും ശ്രേയയും കൂടി അവിടേക്ക് വന്നു, ഒഴിഞ്ഞു പോകാൻ ശ്രമിച്ച വൃന്ദയെ ശില്പ കൈ നീട്ടി തടഞ്ഞു,
“ദാ നിക്കുന്നു നിങ്ങൾ അന്വേഷിച്ച ആള്… പണ്ടത്തെ സ്കൂളിലെ ബ്യൂട്ടി ക്വീൻ…”
ശില്പ കൂട്ടുകാരെ നോക്കിപ്പറഞ്ഞു
“ആഹാ… ഇവള് പിന്നേം അങ്ങ് തുടുത്തു കൂടുതൽ സുന്ദരിയായല്ലോ, ചുമ്മാതല്ല നാട്ടിലെ ആമ്പിള്ളേര് ഇവൾടെ പിറകെ നടക്കുന്നത്… ഇവിടേക്ക് വരുന്നന്ന് പറഞ്ഞപ്പോ എന്റെ ഏട്ടനും തിരക്കി ഇവൾടെ കാര്യം… അന്ന് നമ്മുടെ വിവേക് സാർ ഇവള്ടെ കണ്ണിനെക്കുറിച്ച് കവിതയെഴുതിയത് ഓർമയില്ലേ…”
ഒരു കൂട്ടുകാരി മുന്നോട്ട് നിന്ന് പറഞ്ഞു
“സൗന്ദര്യ റാണിയെന്ന് പറഞ്ഞിട്ട് ഈ വെലകുറഞ്ഞ ഡ്രെസ്സാണോ നീയിവൾക്ക് വാങ്ങിക്കൊടുത്തത്… കഷ്ടം…കഷ്ടം…”