വേറൊരുത്തി ശില്പയോട് ചോദിച്ചു
“വിലകുറഞ്ഞാലെന്താ ചേച്ചി… ഈ ഡ്രെസ്സിലും ഇവള് തിളങ്ങുന്നത് കണ്ടില്ലേ…”
ശ്രേയ വൃന്ദയെ നോക്കിക്കൊണ്ട് പുച്ഛത്തോടെ പറഞ്ഞു
“ചേച്ചിക്കൊരു നല്ല ഒരു പട്ടുസാരി വാങ്ങിക്കൊടുക്കമായിരുന്നു, ഇതിപ്പോ ധാവണിയുമുടുത്ത്… സൊ ബാഡ്….”
കവിത അവളെ കളിയാക്കി
വൃന്ദ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു,
ശില്പ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു
“നിശ്ചയത്തിന് നീ ഏറ്റോം മുൻപിൽ നിന്ന് കാണണം… ഇത് എന്റാഗ്രഹമല്ല നന്ദേട്ടൻ പറഞ്ഞതാ…”
ശില്പ പരിഹസിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു
“എന്താവിടെ…???”
നളിനി ചോദിച്ചുകൊണ്ട് അവിടേക്ക് വന്നു
“വന്നല്ലോ രക്ഷക…”
ശില്പ പരിഹാസത്തോടെ പറഞ്ഞു
“ശില്പ… നീയെന്താ ഇവിടെ….. അങ്ങോട്ട് ചെല്ല് അവിടെയെല്ലാരും നിന്നെ അന്വേഷിക്കുന്നു.. ചെല്ല്…”
നളിനി ശില്പയോട് പറഞ്ഞു, ശില്പ അവളെയൊന്ന് നോക്കിയിട്ട് കൂട്ടുകാരാടൊപ്പം മുൻവശത്തേക്ക് പോയി,
നളിനി തല കുനിച്ചു നിന്ന വൃന്ദയെ ഒന്ന് നോക്കി അവളുടെ കണ്ണുകൾ തുടച്ചുകൊടുത്തു, പിന്നീട് പുഞ്ചിരിച്ചു അവളുടെ ഡ്രെസ്സെല്ലാം ഒന്നകൂടെ നേരെയാക്കിക്കൊടുത്തു, കണ്ണിൽനിന്നും അല്പം കണ്മഷി കൈകൊണ്ടെടുത്ത് വൃന്ദയുടെ ചെവിക്കുപിറകിൽ തൊട്ടു,
“നീയും പൊയ്ക്കോ…”
നളിനി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, വൃന്ദ പതിയെ അടുക്കളയിലേക്ക് പോയി,
••❀••
ദേവടത്തെ മുറ്റത്തിട്ട പന്തലിൽ ആൾക്കാർ നിറഞ്ഞു ബന്ധുക്കളും സുഹൃത്തുക്കളുമായി എല്ലാവരും എത്തിയിരുന്നു,
അപ്പോൾ ഗേറ്റ് കടന്ന് മുറ്റത്തേക്ക് ഒരു ഗ്രെ കളർ റേഞ്ച് റോവർ ഓട്ടോബയോഗ്രാഫി ഒഴുകിവന്നു നിന്നു,
കോ ഡ്രൈവർ സീറ്റിൽനിന്ന് വിശ്വനാഥൻ പുറത്തേക്കിറങ്ങി, തന്റെ തറവാട് മൊത്തത്തിൽ ഒന്ന് നോക്കി
അപ്പോഴേക്കും തറവാട്ടിലുള്ളവർ പന്തലിനടുത്തായി നിരന്നു
ഡോറു തുറന്ന് സീതാലക്ഷ്മിയും പുറത്തിറങ്ങിയിരുന്നു,
അവർ മുന്നോട്ട് നടന്നു, വിശ്വനാഥൻ നേരേ അവരെ നോക്കി നിന്ന നളിനിക്കരികിലായി ചെന്ന് നിന്ന്, പതിയെ വിളിച്ചു
“മോളേ നളിനി…”
നളിനി ഒരു നിമിഷം വിശ്വനാഥനെ സൂക്ഷിച്ചു നോക്കി പിന്നീട് കണ്ണുകൾ തിളങ്ങി, എന്നിട്ട് അയാളെ കെട്ടിപ്പിടിച്ചു
“വിശ്വേട്ടൻ…”
അവർ പതിയെ മന്ത്രിച്ചു കൊണ്ട് കണ്ണീർ പൊഴിച്ചു
“എവിടായിരുന്നു ഏട്ടൻ ഇത്രേം നാളും, ഏട്ടനിവിടുന്ന് പോയതിനു ശേഷം ഒരു ദിവസം പോലും അച്ഛൻ ഏട്ടനെക്കുറിച്ചു പറയാതിരുന്നിട്ടില്ല, ഏട്ടനെ എവിടെല്ലാം അന്വേഷിച്ചു, അച്ഛൻ മരണ സമയത്തും ഏട്ടനെയൊർത്തു കരഞ്ഞിട്ടുണ്ട് അറിയാമോ…”