നളിനി എന്തൊക്കെയോ പതം പറഞ്ഞു
“പറ്റിപ്പോയി മോളേ, വാശിയായിരുന്നു, ചെയ്യാത്ത കുറ്റത്തിന് അച്ഛൻ ശിക്ഷിക്കുമ്പോ, മനസ്സ് നൊന്തുപോയി…”
അയാൾ സങ്കടത്തോടെ പറഞ്ഞു
“സാരോല്ല എന്നായാലും വിശ്വേട്ടൻ എത്തീലോ…”
നളിനി അയാളുടെ കവിളിൽ തഴുകിക്കൊണ്ട് പറഞ്ഞു
“ഇന്നെന്താ ഇവിടെ വിശേഷം…??”
വിശ്വൻ ചുറ്റും നോക്കി ചോദിച്ചു,
ഇപ്പോഴും അവിടെ അവരെത്തന്നെ നോക്കി നിൽക്കുന്നവർക്ക് അതാരാണെന്ന് ഒരൂഹവും കിട്ടിയില്ല…
“ഇന്നെന്റെ മോൾടെ വിവാഹ നിശ്ചയമാ… ഞാൻ വിളിക്കാം അവളെ, ഏട്ടന് എന്റെ ഭർത്താവിനേം മോളേം പരിചയപ്പെടേണ്ടേ…”
നളിനി സന്തോഷത്തോടെ ഒറ്റ വാക്കിൽ പറഞ്ഞ, കൂട്ടത്തിൽ നിന്നും ശില്പയെയും രാജേന്ദ്രനെയും വിളിച്ചു,
“രാജേട്ടാ… എന്റെട്ടൻ…. പണ്ട് നാടുവിട്ടുപോയ വിശ്വേട്ടൻ… മോളേ നിന്റമ്മാവനാടി…”
അവരോടായി നളിനി പറഞ്ഞു
ശില്പ അത്ഭുതത്തോടെ അയാളെ നോക്കി, രാജേന്ദ്രൻ ചിരിച്ചുകൊണ്ട് കൈകൊടുത്തു…
“ഇന്നിവളുടെ എൻഗേജ്മെന്റാ… നല്ല ദിവസം നോക്കിത്തന്നാ അളിയൻ എത്തിയത്….”
ചിരിച്ചുകൊണ്ട് രാജേന്ദ്രൻ പറഞ്ഞു,
വിശ്വൻ ശില്പയെ ഒന്ന് തലോടി…
“എന്താ മോൾടെ പേര്…?? “
“ശില്പ…”
അവൾ മറുപടി പറഞ്ഞു
“മീനാക്ഷീടെ മക്കൾ…??”
അയാൾ നളിനിയോട് ചോദിച്ചു
“ഇവിടുണ്ട് ഞാൻ വിളിക്കാം… ഉണ്ണിമോളേ… കണ്ണാ…”
അവൾ അകത്തേക്ക് നോക്കി വിളിച്ചു, രണ്ടുപേരും മുന്നോട്ട് വന്നു, കണ്ണൻ വൃന്ദയുടെ കയ്യിൽ മുറുകെ പിടിച്ചിരുന്നു, വിശ്വനാഥൻ പുഞ്ചിരിയോടെ അവരെ നോക്കി അടുത്തെത്തിയപ്പോ വാത്സല്യത്തോടെ രണ്ട് പേരെയും ചേർത്തുപിടിച്ചു
“എന്റെ മീനാക്ഷീടെ മക്കൾ…”
അയാളുടെ കണ്ണുകൾ നിറഞ്ഞു
“അമ്മേടെ ഭംഗി മുഴുവൻ കിട്ടീരിക്കുന്നത് ഇവൾക്കാ… അല്ലേ നളിനി… മീനാക്ഷിക്കുപോലും അമ്മേടെ നിറം കിട്ടിയിട്ടില്ല…”
വിശ്വനാഥൻ സ്നേഹത്തോടെ അവളെ നോക്കി നളിനിയോട് പറഞ്ഞു, അതുകേട്ട ശില്പയുടെ മുഖം വലിഞ്ഞു മുറുകി,
നളിനി പുഞ്ചിരിയോടെ തലയാട്ടി
“എന്താ നിങ്ങളുടെ പേര്…?”
കണ്ണനോട് ഒരു പുഞ്ചിരിയോടെ ചോദിച്ചു
“കണ്ണൻ…”
“വൃന്ദ…”
രണ്ടുപേരും പറഞ്ഞു
“ഏട്ടനാരേം പരിചയപ്പെടുത്തീല്ലല്ലോ…”
നളിനി പുഞ്ചിരിയോടെ സീതാലക്ഷ്മിയെ നോക്കി പറഞ്ഞു
“അത് മറന്നു…
ഇതെന്റെ ഭാര്യ സീതലക്ഷ്മി ഞങ്ങൾക്ക് രണ്ടുമക്കൾ…”
വിശ്വനാഥൻ കാറിലേക്ക് നോക്കി കയ്യാട്ടി
ഡോർ തുറന്ന് രുദ്ര് കുഞ്ഞിയുമായി പുറത്തിറങ്ങി,
തിളങ്ങുന്ന വെള്ളാരംകല്ലുകൾ പോലുള്ള കണ്ണുകളും നീളം കുറഞ്ഞു പോണി ടൈൽ കെട്ടിയിരിക്കുന്ന മുടിയും ചുവന്ന ഫ്രോക്കും അവളെ ഒരു പാവക്കുട്ടിയെപ്പോലെ തോന്നിച്ചു.