സുരേഷ് അവളെത്തന്നെ നോക്കി പറഞ്ഞു
ചടങ്ങുകളെല്ലാം ആരംഭിച്ചു,
രാജേന്ദ്രനും സാബുവും വേദിയിലെത്തി ജാതകം കൈമാറി, പിന്നെ പെണ്ണിനേയും ചെറുക്കനെയും വേദിയിലേക്ക് വിളിപ്പിച്ചു എല്ലാവരുടെയും അനുഗ്രഹം വാങ്ങി സദസ്സിനെ വന്ദിച്ചു
പരസ്പരം മോതിരം കൈമാറി, മോതിരം കൈമാറുമ്പോഴും നന്ദനും ശില്പയും പുച്ഛത്തോടെ വൃന്ദയെ നോക്കി,
അതുകണ്ട വൃന്ദ തലകുനിച്ചു നിന്നു,
ഒരു വർഷം കഴിഞ്ഞ് വിവാഹം നടത്താമെന്ന് തീരുമാനമായി,
ആ ചടങ്ങിന്എത്തിയവരിൽ ഭൂരിഭാഗം പേരുടെയും കണ്ണുകൾ വൃന്ദയിൽ തന്നെയായിരുന്നു…
ശ്യാമ വൃന്ദക്ക് മുഖം കൊടുക്കാതെ ഒഴിഞ്ഞുനടന്നു, വൃന്ദയും അത് മനസ്സിലാക്കി പുറത്തേക്ക് അധികം വന്നിരുന്നില്ല, എങ്കിലും അടുക്കളയിൽ വച്ച് ശ്യാമ വൃന്ദയെകണ്ടു,
ശ്യാമ അവളെ നോക്കി പിന്നീട് അവളെ തലോടി,
“മോളീയമ്മയോട് ക്ഷമിക്കണം, മോൾക്ക് ഞാനായിട്ട് ആശ തന്നു, പക്ഷേ വിധി ഇതായിപ്പോയി, എന്റെ മരുമകളായി അമ്മ മനസ്സാൽ ആഗ്രഹിച്ചതാ മോളേ… മോൾക്ക് അമ്മയോട് വിഷമമൊന്നുമില്ലല്ലോ…?”
ശ്യാമ അവളോട് പറഞ്ഞു
അവൾ പുഞ്ചിരിച്ചുകൊണ്ട് ഇല്ലന്ന് തലയാട്ടി
ശ്യാമ അവളുടെ നെറ്റിയിൽ ചുംബിച്ചിട്ട് നടന്നു നീങ്ങി
ചടങ്ങെല്ലാം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു,
••❀••
കുഞ്ഞിയോട് കൂട്ടുകൂടാൻ മറ്റുകുട്ടികൾ വന്നെങ്കിലും അവളെരോടും കൂട്ടുകൂടാൻ നിന്നില്ല എല്ലാരോടും മുഖം തിരിച്ചു, അവൾ പന്തലിനുള്ളിലെ കസേരയിൽ ഒരു ടെഡ്ഢിയുമായി ഒറ്റയ്ക്ക് ഇരിക്കുമ്പോഴാണ് കണ്ണൻ അവിടേക്ക് വന്നത്, അവളെക്കണ്ട് കണ്ണൻ ഒരു പുഞ്ചിരിയോടെ അവളെടുത്തു വന്നു…
“ഹലോ…”
അവൻ അവളോട് പറഞ്ഞു,
കുഞ്ഞി അവനെയൊന്ന് നോക്കിയിട്ട് ഗൗരവത്തിൽ മുഖം തിരിച്ചിരുന്നു
“കുഞ്ഞീന്നാണോ പേര്…???”
കണ്ണൻ ചോദിച്ചു, അപ്പോഴും അവളൊന്നും മിണ്ടിയില്ല, അവൾ പുച്ഛത്തോടെ ചുണ്ട് കോട്ടി മുഖം തിരിച്ചു
കണ്ണൻ ഒന്ന് പുഞ്ചിരിച്ചു
“ഇവിടെ കിഴക്കേവയലിലെ സന്ദീപിന്റെ വീട്ടിലൊരു ചൊറിയൻ പൂച്ചയുണ്ട്, പൊറൊത്തൊക്കെ ചൊറിയും പുണ്ണും വന്ന് നാറീട്ട്…. അതിന്റെ പേരാ കുഞ്ഞീന്ന്… അയ്യേ… ബ്വാ…”
കണ്ണൻ ഓർക്കാനിക്കുന്നപോലെ കാണിച്ചു,
കുഞ്ഞിയവനെ ദേഷ്യത്തോടെ തിരിഞ്ഞു നോക്കി,
“മര്യാദയ്ക്ക് പൊയ്ക്കോ ചെക്കാ… ഞാനെന്റെ ഏട്ടന്മാരോട് നീയെന്നെ കളിയാക്കീന്ന് പറഞ്ഞാ… അവര് നിന്നെ ഇടിച്ചു പപ്പടമാക്കും, പറഞ്ഞേക്കാം…”
കുഞ്ഞി ദേഷ്യത്തോടെ പറഞ്ഞു
“പിന്നേ… എന്റെകയ്യീക്കിട്ടിയാ നിന്റേട്ടന്മാരെ ഞാം ഇടിച്ചു പപ്പടമാക്കും…”