കണ്ണൻ കണ്ണിറുക്കിക്കൊണ്ട് ശ്രീജേഷ് പറഞ്ഞ അതേ ടോണിൽ ശ്രേയയോട് പറഞ്ഞു
വൃന്ദയുൾപ്പെടെ എല്ലാവരും ഞെട്ടി അവനെ നോക്കി,
ശ്രീജേഷിന്റെ മുഖം ദേഷ്യംകൊണ്ട് ചുവന്നു,
“ഡാ…”
ശ്രീജേഷ് അലറിക്കൊണ്ട് കണ്ണന് നേരെ അടുത്തു, അതുകണ്ട് വൃന്ദ കണ്ണനെ അവൾക്ക് പിന്നിലായി മറച്ചു പിടിച്ചു
“അനിയാ…”
ശാന്തമായ ഒരു വിളി കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി
അവരെ തന്നെ നോക്കി നിൽക്കുന്ന രുദ്രിനെയും ഭൈരവിനെയും കണ്ട് ശ്രീജേഷ് ഒന്ന് അറച്ചു,
ശ്രേയയും കവിതയും കാര്യമറിയാതെ അന്തംവിട്ട് നിന്നു
രുദ്രും ഭൈരവും അവർക്കരികിലേക്ക് വന്നു,
“എന്താ മക്കളെ ഇവിടെ റാഗിങ്ങാണോ…?”
ഭൈരവ് ചോദിച്ചു
“അത് ചോദിക്കാൻ നീയാരാ… വലിയ കൊമ്പത്തെ ആളാണെന്നുള്ള ഹുങ്ക് ഇവിടെ ചെലവാകൂല, ചേട്ടന്മാര് ചെല്ല്…”
മുന്നോട്ട് കയറിനിന്ന് ആരോഹ് പറഞ്ഞു
ഭൈരവ് അവന്റെ വലതുകൈപ്പത്തി പിടിച്ചു തന്റെ കൈക്കുള്ളിലാക്കി
“ചേട്ടന്മാര് സംസാരിക്കുമ്പോ എടേല് കേറരുത്… അതുപോലെ എനിക്കിഷ്ടമില്ലാത്ത ഒരു കാര്യം വേറെയില്ല… മനസ്സിലായോടാ…”
അവസാനത്തെ വാക്ക് ഒന്ന് കടുപ്പിച്ചു പറഞ്ഞുകൊണ്ട് അവന്റെ കൈ പിടിച്ചു ഞെരിച്ചു, ആദ്യമൊക്കെ പിടിച്ചുനിന്നെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ ആരോഹിന്റെ ശബ്ദം പതിയെ വെളിയിൽ വന്നു പിന്നീടത് ഉയർന്ന് വലിയ നിലവിളി ആയി, ഭൈരവ് ഇടതു കൈ കൊണ്ട് അവന്റെ വായ പൊത്തിപ്പിടിച്ചു എന്നിട്ടും അവൻ കൈ വിട്ടില്ല ആരോഹ് വേദനകൊണ്ട് അലറി വായ പൊത്തിപ്പിടിച്ചിരിക്കുന്നതിനാൽ ഒരമറൽ മാത്രമേ വെളിയിൽ വന്നുള്ളൂ, അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, കുറച്ചു കഴിഞ്ഞപ്പോൾ അവൻ കൈവിട്ടു ആരോഹിന്റെ കൈ നീലിച്ചു കിടന്നിരുന്നു,
“നീലിച്ചോ…? അപ്പൊ എല്ലിന് പൊട്ടലുണ്ടാവും… ഇനി പെൺകുട്ടികളോട് ആണത്തം കാണിക്കാൻ പോകുമ്പോഴും ചേട്ടന്മാരോട് തറുതല പറയുമ്പോഴും മോനിതോർക്കണം കേട്ടോ…”
ഭൈരവ് പറഞ്ഞതുകേട്ട് ആരോഹ് തലയാട്ടി
അപ്പോഴേക്കും മുന്നോട്ട് കയറിനിന്ന രുദ്ര് ശ്രീജേഷിനടുത്തേക്ക് നീങ്ങി അവന്റെ ബെൽറ്റിൽ പിടിച്ച് ഒന്നൂടെ അടുപ്പിച്ചു
“എന്താടാ… നെനക്ക് നിന്റെ പെങ്ങളെപ്പറഞ്ഞപ്പോ പൊള്ളിയോ…?”
ശ്രീജേഷിനോട് രുദ്ര് ചോദിച്ചു
“താൻ പോടോ… വലിയ ആള് കളിക്കല്ലേ… ഇത് സ്ഥലം വേറെയാ… ചെലപ്പോ ചേട്ടന്മാര് രണ്ടുകാലിൽ പോവില്ല….”
ശ്രീജേഷ് കലിപ്പോടെ അവനെ നോക്കി ഒരു സിനിമ ഡയലോഗ് പറഞ്ഞു കുതറി മാറി