അതുകേട്ട രുദ്ര് അവന്റെ മർമ്മത്ത് കൂട്ടിപ്പിടിച്ചു, ശ്രീജേഷിന്റെ കണ്ണുകൾ തുറിച്ചുവന്നു, രുദ്ര് ഒന്നുകൂടി അമർത്തി ഒന്ന് കുടഞ്ഞതിനു ശേഷം അവനെ വിട്ടു അവൻ മുട്ടിലിരുന്നു പിന്നീട് താഴേക്ക് മറിഞ്ഞുവീണു അവിടെക്കിടന്ന് പുളഞ്ഞു…
“ഈ ചേട്ടന്മാര് എവിടെയെങ്കിലും വന്നിട്ടുണ്ടേ രണ്ട് കാലിൽ തന്നെ പോയിട്ടുമുണ്ട്, അതുകൊണ്ട് അക്കാര്യത്തിൽ മോൻ വിഷമിക്കണ്ട… മനസ്സിലായോടാ…”
രുദ്ര് അവനോട് പറഞ്ഞു
“ഇവന്മാരേം കൊണ്ട് പൊയ്ക്കോടാ….”
ഭൈരവ് അലറി,
നാലുപേരും പുറത്തേക്ക് പോയി,
അതെല്ലാം കണ്ട കവിതയും ശ്രെയയും പതിയെ വലിഞ്ഞു,
“നീയാള് കൊള്ളാലോ, മിടുക്കൻ… ആണുങ്ങളായ ഇങ്ങനെ വേണം…”
ഭൈരവ് കണ്ണന്റെ തോളിൽ തട്ടി അഭിനന്ദിച്ചു
കണ്ണൻ ഒന്നും മിണ്ടിയില്ല
രുദ്ര് അപ്പോഴും തലകുനിച്ചുനിൽക്കുന്ന വൃന്ദയെത്തന്നെ നോക്കി നിൽക്കുകയായിയുന്നു
അപ്പോഴേക്കും കുഞ്ഞി ഓടിയെത്തി
“ഇടിക്ക് കുഞ്ഞേട്ടാ… ഇടിച്ചു അവനെ പപ്പടമാക്ക്…”
അവൾ വിളിച്ചു പറഞ്ഞു
അപ്പോഴാണ് തങ്ങളെന്തിനാണ് വന്നതെന്ന് ഓർമ്മ വന്നത്
അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു
“ഞങ്ങടെ കുഞ്ഞീനെ നീയാണോ കളിയാക്കിയേ…???”
ഭൈരവ് കണ്ണനോട് കപടഗൗരവത്തോടെ ചോദിച്ചു,
കണ്ണനൊന്നും മിണ്ടിയില്ല, വൃന്ദ കണ്ണനെ കൂർപ്പിച്ചു നോക്കി,
“കുഞ്ഞീനെ ചൊറിയൻ പൂച്ചയെന്ന് വിളിച്ചോ…??”
രുദ്ര് ചോദിച്ചു
“എന്നെ എലുമ്പാന്ന് വിളിച്ചു പിന്നെ ഇംഗ്ലീഷിൽ എന്തോ വിളിച്ചു…”
കണ്ണൻ പറഞ്ഞു
അവർ കുഞ്ഞിയെ നോക്കി, കുഞ്ഞി തലകുനിച്ചു
“നീ ഞങ്ങളെ ഇടിച്ചു പപ്പടമാക്കൂന്ന് പറഞ്ഞോ…??”
“അത്… അവളുടെ ഏട്ടന്മാരെക്കൊണ്ട് എന്നെ ഇടിച്ചു പപ്പടമാക്കൂന്ന് പറഞ്ഞു…”
കണ്ണൻ പറഞ്ഞു
“ആണോ കുഞ്ഞി… നീയിങ്ങനെയൊക്കെ പറഞ്ഞോ…?”
“മ്.. “
കുഞ്ഞി വിഷമത്തോടെ തലയാട്ടി
“മ്… ഇന്നത്തേക്ക് വെറുതെ വിട്ടിരിക്കുന്നു, ഇനിയിവൻ കുഞ്ഞീനെ വല്ലോം പറഞ്ഞാ അപ്പൊ കുഞ്ഞേട്ടനോട് പറഞ്ഞാ മതി, നമുക്ക് ഇടിച്ചു പപ്പടമാക്കാം…”
ഭൈരവ് കണ്ണനെ നോക്കി കണ്ണിറുക്കികൊണ്ട് കുഞ്ഞിയോട് പറഞ്ഞു
“മ്…”
കുഞ്ഞി ദേഷ്യത്തോടെ കണ്ണനെ നോക്കി ഒന്ന് മൂളി,
കണ്ണൻ അവളെനോക്കി ഇളിച്ചു കാണിച്ചു
വൃന്ദ കണ്ണനേം കൂട്ടി അകത്തേക്ക് നടന്നു, പോകുമ്പോൾ ഭൈരവിനടുത്ത് ചെന്ന് നിന്നു
“താങ്ക്സ്…”
അവൾ പതിയെ പറഞ്ഞു
“ആയിക്കോട്ടെ… ഒരെണ്ണം ഇവിടേം കൊടുത്തേക്ക്…”
രുദ്രിനെ നോക്കി അവൻ പറഞ്ഞു,