അയാളുടെ കണ്ണുകൾ ചുവന്നു, മുഖം എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ കടുത്തു
••❀••
കുട്ടികളെല്ലാം കളിക്കാനും മറ്റും തറവാടിനടുത്തുള്ള തൊടിന്റെ അരികിലേക്ക് പോകും അവിടെ നിറയെ മരങ്ങളും തൊട്ടടുത്തായി വയലും ഒരിക്കലും വറ്റാത്ത തോടുമുണ്ട്… തൊട്ടടുത്തുള്ള കുന്നിമലയിൽ നിന്നാണ് ആ തോട് ഉത്ഭവിക്കുന്നത് അതുകൊണ്ട് നല്ല തെളിഞ്ഞ തണുത്ത വെള്ളമാണ്,
ആരും കളിക്കാൻ കൂട്ടില്ലെങ്കിലും കണ്ണനും അവരോടൊപ്പം പോയി, കുട്ടികൾ കളിക്കുമ്പോ അവൻ അവിടെയുള്ള വലിയ മരത്തിന്റെ ചുവട്ടിൽ ചാരിയിരുന്ന് മറ്റുള്ള കുട്ടികൾ കളിക്കുന്നത് കണ്ടുകൊണ്ടിരുന്നു, തൊട്ടടുത്തായി കുട്ടൂസൻ കിടന്നിരുന്നു, ഐഡനും റോണും അവനെ വിളിച്ചെങ്കിലും അവനെ കളിക്കാൻ കൂട്ടില്ലെന്നറിവുന്നതുകൊണ്ട് അവൻ പോയില്ല,
അപ്പോഴാണ് കുഞ്ഞി ഒരു ടെഡ്ഢിയുമായി അവിടേക്ക് വരുന്നത് കണ്ണൻ കണ്ടത്, കണ്ണന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു അവൻ കുഞ്ഞികാണാതെ, മരത്തിന്റെ പിന്നിൽ മറഞ്ഞു നിന്നു അവളെടുത്തെത്തിയതും കണ്ണൻ കുഞ്ഞിയെ നോക്കി ഈണത്തിൽ നീട്ടി വിളിച്ചു
“മ്യാവൂ…. മ്യാവു… കുഞ്ഞിപ്പൂച്ചേ… മ്യാവൂ… ചൊറിയൻ പൂച്ചേ… മ്യാവൂ…”
കുഞ്ഞി ദേഷ്യത്തോടെ ചുറ്റും നോക്കി,
“കുഞ്ഞിപ്പൂച്ചേ…. ചൊറിയൻ പൂച്ചേ… മ്യാവൂ… മ്യാവൂ…”
കണ്ണൻ വീണ്ടും പറഞ്ഞു
“വേണ്ടാട്ടോ ചെക്കാ… ഞാൻ ഏട്ടന്മാരോട് പറയും… സത്യായിട്ടും പറയും… വീട്ടിലും പറയും… നെനക്ക് തല്ലും കിട്ടും…”
അവൾ ചുറ്റും നോക്കി ദേഷ്യത്തോടെ പറഞ്ഞു,
കണ്ണൻ പതിയെ മരത്തിന്റെ മറവിൽ നിന്ന് പുറത്തുവന്ന് അവളെ നോക്കി കളിയാക്കിചിരിച്ചു
അതുകണ്ട് കുഞ്ഞിക്ക് ദേഷ്യം വന്നു, അവൾ അവനരികിലേക്ക് ധൃതിയിൽ നടന്നതും കാല് വഴുതി തോടിലേക്ക് വീണു വീഴ്ചയിൽ അവളുടെ ടെഡി തോട്ടിലൂടെ ഒഴുകിപ്പോയി,
അതുകൂടിക്കണ്ടപ്പോൾ അവൾക്ക് ദേഷ്യവും സങ്കടവും വന്നു, അപ്പോഴേക്കും അതുകണ്ട് മറ്റുള്ള കുട്ടികൾ അവളുടെ അടുത്തേക്ക് വന്നു, അവളെ കൈപിടിച്ച് കരയ്ക്ക് കയറ്റി… അവളുടെ ദേഹത്തും ഡ്രെസ്സിലും ചെളി പുരണ്ടു
അവൾ ദേഷ്യത്തോടെ കണ്ണനെ നോക്കി അവനടുത്തു ചെന്ന് എല്ലാംകണ്ട് അന്തംവിട്ടു നിൽക്കുന്ന കണ്ണനെ നെഞ്ചിൽ പിടിച്ചു പുറകിലേക്ക് തള്ളി… കണ്ണൻ പുറകിലേക്ക് മലർന്നടിച്ചു വീണു,
കുട്ടൂസൻ മുരണ്ടുകൊണ്ട് മുന്നോട്ടാഞ്ഞു കണ്ണൻ അവനെ ഒന്ന് തടവി അപ്പോൾ അവൻ ഒന്നടങ്ങി കണ്ണനെനോക്കി വാലാട്ടി