“ഞാൻ ഞാൻ കാണിച്ചു തരാം…”
കുഞ്ഞി ദേഷ്യത്തോടെ പറഞ്ഞ് കരഞ്ഞുകൊണ്ട് ദേവടത്തിലേക്ക് നടന്നു, അതിനു പിന്നിലായി മറ്റുള്ള കുട്ടികളും,
കണ്ണനും എഴുന്നേറ്റു എല്ലാവർക്കും പിന്നാലെ പേടിയോടെ നടന്നു
കണ്ണൻ ദേവടം ഗേറ്റ് കടന്ന് ചെല്ലുമ്പോൾ എല്ലാവരും ഉമ്മറത്തു അവനെയും കാത്തെന്നപോലെ നിൽക്കുന്നുണ്ടായിരുന്നു, രാജേന്ദ്രൻ ചൂരലുമായി നിൽക്കുന്നത് കണ്ട അവന്റെ നെഞ്ചോന്ന് ആളി, വൃന്ദ നെഞ്ചിൽ കൈവച്ച് ഭയത്തോടെ മാറി നിൽക്കുന്നുണ്ടായിരുന്നു, അവനെക്കണ്ട രാജേന്ദ്രൻ അലറുന്നപോലെ വിളിച്ചു
“കണ്ണാ… ഇവിടെവാടാ…”
കണ്ണൻ ഭയത്തോടെ അയാൾക്കരികിലേക്ക് പതിയെ ചുവടുവച്ചു, വൃന്ദ കണ്ണന്റെ അരികിലേക്ക് നടന്നു,
“എന്തിനാടാ ആ കുഞ്ഞിനെ തോട്ടിൽ തള്ളിയിട്ടത്…”
“അല്ല… ഞാനല്ല… കുഞ്ഞി കാല് വഴുതിവീണതാ…”
കണ്ണൻ പേടിയോടെ പറഞ്ഞു
അയാൾ അവിടുണ്ടായിരുന്ന കുട്ടികളെ നോക്കി
“നിങ്ങളല്ലേ പറഞ്ഞത് ആ കുട്ടിയെ ഇവൻ തോട്ടിൽ തള്ളിയിട്ടെന്ന്…??”
അയാൾ ദേഷ്യത്തിൽ ചോദിച്ചു
“മ്… ആ കുട്ടിയെ ഇവൻ തള്ളിയിട്ടതാണ്, ഞങ്ങൾ കണ്ടതാ…”
കൂട്ടത്തിൽ ഒരു പെൺകുട്ടി ഉറക്കെ വിളിച്ചു പറഞ്ഞു
“ശരിയാ… ഞങ്ങൾ കണ്ടതാ…”
ബാക്കിയുള്ളവരും ആ കുട്ടിക്ക് പിന്നാലെ വിളിച്ചു പറഞ്ഞു
അതുകേട്ട കണ്ണന്റെ കണ്ണുകൾ നിറഞ്ഞു, അവൻ ദയനീയമായി എല്ലാവരെയും നോക്കി,
“അല്ല വല്യച്ഛ… ഇവര് നൊണ പറയുന്നതാ… ഞാനല്ല കുഞ്ഞിയെ തള്ളിയിട്ടത്…”
കണ്ണൻ പേടിയോടെ കരഞ്ഞുകൊണ്ട് പറഞ്ഞു
“അല്ല… ഇവൻ തള്ളിയിട്ടതാ ഞങ്ങള് കണ്ടതാ…”
മറ്റുള്ള കുട്ടികൾ വിളിച്ചുപറഞ്ഞു
അതുകേട്ട് രാജേന്ദ്രൻ ദേഷ്യത്തോടെ കണ്ണനെ നോക്കി, കണ്ണൻ ഭീതിയോടെ നിന്നു
“ഛീ… നൊണ പറയുന്നോടാ…”
രാജേന്ദ്രൻ അലറിക്കൊണ്ട് അവന്റെ കയ്യിൽപിടിച്ചു തൂക്കിയെടുത്ത് ചൂരലുകൊണ്ട് അവന്റെ തുടയിൽ ആഞ്ഞടിച്ചു,
കണ്ണൻ നിലവിളിച്ചു കൊണ്ട് ‘ഞാനല്ല… ഞാനല്ല…’ എന്ന് വിളിച്ചു പറഞ്ഞു
അപ്പോഴാണ് കുഞ്ഞിയുടെ നനഞ്ഞ ഡ്രസ്സ് മാറ്റി കുഞ്ഞിയെയും കൊണ്ട് സീതലക്ഷ്മിയും നളിനിയും അവിടേക്ക് വന്നത്…
കണ്ണനെ തല്ലുന്നത് കണ്ട് കുഞ്ഞി പേടിച്ച് സീതലക്ഷ്മിയേ കെട്ടിപ്പിടിച്ചു,
വൃന്ദ പെട്ടെന്നോടി വന്ന് അവനെ തല്ലാതിരിക്കാൻ രാജേന്ദ്രന്റെയും കണ്ണന്റെയും ഇടയിൽ കയറിനിന്നു അയാൾ അവളെ തള്ളി തഴെയിട്ടു, എന്നിട്ട് കണ്ണനെ വീണ്ടും തല്ലി,
പുറത്തുപോയിരുന്ന രുദ്രും ഭൈരവും അപ്പോൾ കാറിൽ അവിടെയെത്തിയിരുന്നു അവർക്കൊന്നും മനസ്സിലാകാതെ നോക്കി