കുറച്ചുകഴിഞ്ഞ് സീതലക്ഷ്മിയും ഭൈരവും രുദ്രും അവരടുത്തേക്ക് ചെന്നു
അപ്പോഴും കണ്ണൻ തിണ്ണയിരിക്കുന്ന വൃന്ദയുടെ മടിയിൽ കിടന്ന് തേങ്ങുന്നുണ്ടായിരുന്നു
അതുകണ്ട അവർക്ക് വല്ലാതെ വിഷമം തോന്നി
അവരെക്കണ്ട വൃന്ദയും കണ്ണനും പെട്ടെന്നെഴുന്നേറ്റു
“അയ്യേ… കണ്ണനിപ്പോഴും കരയാണോ… ഛേ നാണക്കേട്… നമ്മള് ആമ്പിള്ളേര് കരയാൻ പാടില്ല…”
രുദ്ര് അവനെ എടുത്തുയർത്തിക്കൊണ്ട് പറഞ്ഞു,
“ഞാനല്ല കുഞ്ഞിയെ തള്ളിയിട്ടത്… കുഞ്ഞി കാല് വഴുതി വീണതാ…”
കണ്ണൻ എങ്ങലടിയോടെ പറഞ്ഞു “അത് ഞങ്ങക്കറിയാലോ… ഉണ്ണിയേച്ചീടെ കണ്ണൻ നൊണപറയില്ലെന്ന്…”
രുദ്ര് വൃന്ദയെ നോക്കികൊണ്ട് പറഞ്ഞു
സീതാലക്ഷ്‌മി വൃന്ദയെ അലിവോടെ തലോടി,
“മോൾക്ക് കുഞ്ഞിയോടും ഞങ്ങളോടുമൊക്കെ ദേഷ്യമായിരിക്കും… ഞങ്ങൾക്കറിയാം…”
സീതാലക്ഷ്മി പറഞ്ഞു
“അയ്യോ… സീതാമ്മേ അവര് കുഞ്ഞുങ്ങളല്ലേ… എനിക്കെന്റെ കണ്ണനെപോലെതന്നാ കുഞ്ഞിയും, ഞങ്ങളിത് അപ്പോഴേ മറന്നു…”
സീതയുടെ കൈ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.
“സാരോല്ല മോളേ എല്ലാം ശരിയാവും…”
സീതാലക്ഷ്മി പറഞ്ഞു
വൃന്ദ ഒന്ന് പുഞ്ചിരിച്ചു,
“കുഞ്ഞി പാവമാ… ഒരു സ്ഥലത്തൂന്ന് മറ്റോരിടത്തേക്ക് മാറിയത്കൊണ്ടാ ഈ വാശി,,, വൃന്ദ ക്ഷമിക്കണം…”
ഭൈരവും വൃന്ദയോട് പറഞ്ഞു
“ഇല്ലേട്ടാ… ഞങ്ങളതൊക്ക അപ്പോഴേ കളഞ്ഞു, പിന്നേ തല്ല് ഇതാദ്യമൊന്നുമല്ല ഞങ്ങക്ക്…”
വൃന്ദ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു
സീതാലക്ഷ്മിയും ഭൈരവും രുദ്രും വിഷമത്തോടെ പരസ്പരം നോക്കി.
••❀••
അന്ന് കാവിലെത്തി തൊഴുത് പുറത്തിറങ്ങുമ്പോൾ, കാക്കാത്തിയമ്മ അവരെക്കാത്ത് അവിടുണ്ടായിയുന്നു, കണ്ണൻ ഇന്ന് നടന്ന കാര്യങ്ങളെല്ലാം അവരോട് പറഞ്ഞു, അവരത് ഒരു ചെറിയ പുഞ്ചിരിയോടെ കേട്ടിരുന്നു,
“മോന് ദേഷ്യണ്ടോ ആ കുട്ടിയോട്…??”
കാക്കാത്തിയമ്മ അവനോട് ചോദിച്ചു
“മ്.. ഹ്.. ഇല്ല… കുഞ്ഞി പാവാ, കുഞ്ഞീടെ ഏട്ടന്മാരും പാവാ… ഏട്ടന്മാർക്ക് എന്നോട് നല്ല സ്നേഹാ…”
കണ്ണൻ പറഞ്ഞു
വൃന്ദ കൗതുകത്തോടെ അവൻ പറയുന്നത് കേട്ട് നിന്നു,
“അപ്പൊ ആ കുട്ടീടെ പിണക്കം തീർക്കണ്ടേ…??”
“മ്…”
“അതിന് കാക്കാത്തിയമ്മ ഒരൂട്ടം തരട്ടേ… മോനത് ആ കുട്ടിക്ക് കൊടുത്താൽ ആ കുട്ടീടെ പിണക്കം മാറും…”
“എന്താത്…??”
കാക്കാത്തിയമ്മ സഞ്ചിയിൽനിന്ന് ഒരു ടെഡി എടുത്ത് കണ്ണന് കൊടുത്തു, അത് കണ്ട കണ്ണന്റെ മിഴികൾ വിടർന്നു
“ഇത് കുഞ്ഞീടെ, തോട്ടിലൂടെ ഒഴുകിപ്പോയ പാവയല്ലേ…?? കാക്കാത്തിയമ്മക്ക് ഇതെവിടുന്ന് കിട്ടി…??”