കണ്ണൻ അത്ഭുതത്തോടെ ചോദിച്ചു
കാക്കാത്തിയമ്മ അതിന് മറുപടി പറയാതെ പുഞ്ചിരിച്ചു.
••❀••
വൃന്ദ അവളുടെ മുറി അടിച്ചുവാരി പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് വാതിൽക്കൽ രണ്ടു കൈകളും കട്ടളയിലൂന്നി അവളെത്തന്നെ നോക്കി വല്ലാത്ത ഭാവത്തിൽ നിൽക്കുന്ന ശ്രീജേഷിനെ വൃന്ദ കാണുന്നത് അവന് പിറകിലായ് ബാക്കിയുള്ളവരും നിന്നിരുന്നു, ആരോഹിന്റെ കയ്യിൽ ബാൻഡേജ് ചുറ്റിയിരുന്നു, നിശ്ചയദിവസം ഭൈരവ് കൈ മുറുക്കിയപ്പോഴുണ്ടായതാണ് ആ ബാൻഡേജ്, വൃന്ദ ഒരു പേടിയോടെ ചൂലും കയ്യിൽപിടിച്ചു നിന്നു
“നിനക്കിപ്പോ പുതിയ രക്ഷകരൊക്കെ വന്നല്ലോ…? പക്ഷേ നിന്നെ എന്റെ കയ്യീന്ന് രക്ഷിക്കാൻ ആരും വരില്ല, നിന്റെ സമയമടുത്തു എത്രേം പെട്ടെന്ന് നിന്റെ പപ്പും പൂടയും പറിച്ച് നിന്നെ എന്റേതാകിയില്ലെങ്കിൽ… ഇപ്പൊ ഇതെന്തൊരു വാശിയാ… അന്ന് നിന്നെ രക്ഷിക്കാൻ ആരും വരില്ല നിന്റെ കാവിലമ്മ പോലും… അവന്മാരോട് പറഞ്ഞേക്ക് എന്നോട് ചെയ്തതിന് പണി ഉടനെ കിട്ടുമെന്ന്…”
അവളെ ഒന്നുകൂടി ഇരുത്തി നോക്കിയിട്ട് അവർ വെളിയിലേക്കിറങ്ങി പോയി,
വൃന്ദ ആശ്വാസത്തോടെ നിശ്വസിച്ചു.
••❀••
പിറ്റേന്ന് കുട്ടികളെല്ലാം തോടിനടുത്തു നിൽക്കുമ്പോൾ, ആരോ കുന്നിമലയുടെ മുകളിലെ പാറക്കുളത്തിനെക്കുറിച്ചും അതിലെ വലിയ ചുഴിയെക്കുറിച്ചും പറയുന്നത് കണ്ണൻ കേട്ടു, അവര് അവിടേക്ക് പോകാനുള്ള പദ്ധതിയാണെന്നറിഞ്ഞ കണ്ണൻ അവരെ വിലക്കി
“അങ്ങോട്ട് ആരും പോകരുത്… അതില് ചുഴിയുണ്ട്, കൂടാതെ വഴുക്കലും, കാലുതെറ്റിയാ പിന്നേ പൊടിപോലും കിട്ടില്ല…”
കണ്ണൻ വിളിച്ചു പറഞ്ഞു,
എല്ലാവരും അവനെ പുച്ഛിച്ചു, എല്ലാവരും പോകാൻ തീരുമാനിച്ചു, കുഞ്ഞിയെയും കൂടെകൂട്ടി, അവര് കുന്നിമലയിലേക്ക് നടന്നു, കണ്ണനും അവരുടെ പിന്നാലെ നടന്നു
മലയുടെ മുകളിൽ നിന്നാൽ ആ ഗ്രാമം മുഴുവൻ കാണാം, മലയ്ക്ക് അടുത്തായി ചെറിയ ഒരു കാടുണ്ട് അവിടെനിന്ന് ഒരരുവി ഒഴുകി വരുന്നുണ്ട്, അത് മലയ്ക്ക് മുകളിൽ തന്നെയുള്ള ഒരു വലിയ പാറക്കുളത്തിലാണ് വന്ന് നിറയുന്നത് പിന്നീട് താഴെക്കൊഴുകും, ആ കുളത്തിന്റെ കിടപ്പ് താഴേക്ക് ചരിഞ്ഞായതിനാൽ അതിലെ വെള്ളത്തിന് വല്ലാത്തൊഴുക്കാണ്, മധ്യത്തായി ചുഴിയുണ്ടെന്ന് പറയപ്പെടുന്നു, കൂടെ അടിയൊഴുക്കും, പണ്ട് ചെറിയൊരു കുളമായിരുന്നു പിന്നീട് പാറ പൊട്ടിക്കാനും മറ്റും അനുവാദം കിട്ടിയതിനു ശേഷം അതിന്റെ വിസ്താരം കൂടി കുറച്ചുകൂടി ഭീകരമായി