“എങ്ങനാ പറ്റിയെ…??”
ആരോ ചോദിക്കുന്നത് കേട്ടു
“അവൻതന്നെ തള്ളിയിട്ടതായിരിക്കും…”
കൂട്ടത്തിൽ ശില്പ പറഞ്ഞു, എല്ലാരും അവളെ നോക്കി, നളിനി രൂക്ഷമായി അവളെ നോക്കി
“അവൾട നാവ് ചവിട്ടിപിഴുതെടുക്കാൻ ആരുമില്ലെടാ അവിടെ… ആ പയ്യനും ആ നായയും ഇല്ലാരുന്നേ കാണാരുന്നു…”
പ്രായമായ ജോലിക്കാരൻ ദേഷ്യത്തോടെ പറഞ്ഞു
ശില്പ ജാള്യതയോടെ നിന്നു
എല്ലാവരും കുഞ്ഞിയെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി
കണ്ണൻ വല്ലാതെ ക്ഷീണിച്ചിരുന്നു, വൃന്ദ അവനെ ചേർത്തുപിടിച്ച് ദേവടത്തേക്ക് നടന്നു,
വൈകിട്ടായപ്പോഴേക്കും കണ്ണന് ചെറുതായി പനിക്കുന്നുണ്ടായിരുന്നു,
വൃന്ദ അവന് പാരസെറ്റമോൾ കൊടുത്ത് കിടത്തി, പനിക്കാപ്പി ഇട്ടുകൊടുത്ത് അവനെക്കൊണ്ട് കുടുപ്പിച്ചിട്ടാണ് വൃന്ദ കാവിൽ വിളക്ക് വയ്ക്കാൻ പോയത്,
കാവിൽനിന്നും വന്ന് ദേവടത്തും വിളക്ക് വച്ച് തിരിച്ചു വന്നപ്പോ കണ്ണൻ കട്ടിലിൽ മൂടിപ്പുതച്ചു കിടക്കുന്നണ്ടായിരുന്നു വൃന്ദ അവന്റെ നെറ്റിയിലും കഴുത്തിലും കൈവച്ചു നോക്കി, നേരത്തേക്കാളും ചൂട് കുറവുണ്ട്, അവൾ അവനെ ഒന്നുകൂടെ പുതപ്പിച്ചിട്ട് അടുക്കളയിലേക്ക് പോയി…
കുഞ്ഞിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു… വല്ലാതെ പേടിച്ചിരുന്നു, മാത്രമല്ല അവൾക്ക് നല്ല പനിയുണ്ടായിരുന്നു, കൂടാതെ ശരീരത്തിൽ എവിടെയൊക്കെയോ ഇടിച്ചു ചെറിയ മുറിവുകളും നിലിച്ച പാടുകളും ഉണ്ടായിരുന്നു,
എന്തോ കാര്യത്തിന് ദൂരെയുള്ളസ്ഥലത്തേക്ക് പോയിരുന്ന വിശ്വനാഥനും മാധവനും കുഞ്ഞീടെ കാര്യമറിഞ്ഞു അവിടുന്ന് തിരിച്ചിട്ടുണ്ട്,
ഹോസ്പിറ്റലിൽ രുദ്രും ഭൈരവും സീതാലക്ഷ്മിയും ഉണ്ടായിരുന്നു
രാത്രി കണ്ണന് കഞ്ഞി കൊടുത്ത് ഒരു ഗുളികയും കൊടുത്ത് കണ്ണനെ ചേർത്തുപിടിച്ച് വൃന്ദ കിടന്നു,
എപ്പോഴോ ഒരു ഞെരക്കം കേട്ട് വൃന്ദ കണ്ണ് തുറന്നു, കണ്ണൻ ഉറക്കത്തിൽ എന്തെക്കെയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു, അവൾ അവന്റെ നെറ്റിയിൽ കൈവച്ചു നോക്കി തിളയ്ക്കുന്ന ചൂട്, അവന്റെ ശ്വാസത്തിൽ പോലും ചൂട് അറിയുന്നുണ്ടായിരുന്നു,
“എ… എനിക്ക്… വ.. ഉണ്ണിയേ… ച്ചി…”
കണ്ണൻ പിറുപിറുത്തു പറഞ്ഞു
വൃന്ദ എഴുന്നേറ്റ് പാത്രത്തിൽ തണുത്ത വള്ളം കൊണ്ടുവന്ന് തുണി മുക്കി അവന്റെ ദേഹം തുടച്ചു, കണ്ണൻ വല്ലാതെ ഞരങ്ങുന്നുണ്ടായിരുന്നു,
എന്നിട്ടും അവന് പനി കുറയുന്നുണ്ടായിരുന്നില്ല… വൃന്ദയ്ക്ക് വല്ലാതെ പേടിയായി
വൃന്ദ ശില്പയുടെ റൂമിന്റെ വാതിലിൽ ചെന്ന് മുട്ടി, കുറച്ചു കഴിഞ്ഞപ്പോൾ ശില്പ ഉറക്കച്ചടവോടെ വന്ന് വാതിൽ തുറന്നു