“ഞാൻ…വെറുതെ… വെ… വെള്ളം കുടിക്കാൻ…”
നളിനി ഒന്നും മിണ്ടാതെ അയാളെത്തന്നെ നോക്കി നിന്നു, അയാൾ പതിയെ പുറത്തിങ്ങി റൂമിലേക്ക് നടന്നു
“ജയേട്ടൻ ഒന്ന് നിന്നേ…”
നളിനി വിളിക്കുന്ന കേട്ട് അയാൾ കറണ്ട് അടിച്ചപോലെ നിന്നു, നളിനി അയാൾക്കരികിലേക്ക് നടന്നു
“രാത്രി അതും ഈ സമയത്ത് ഈ ഭാഗത്തേക്കുള്ള വരവും ലോഹ്യം ചോദിക്കലും ഒന്നും വേണ്ട… പകലൊന്നും ഈ മാന്യനെ കണ്ടിട്ടില്ലല്ലോ… ഇനിയിതാവർത്തിച്ചാ… അറിയാലോ എന്നെ…”
നളിനി താക്കീതുപോലെ പറഞ്ഞു
“അല്ല… നളിനി… ഞാൻ…”
അയാൾ വിക്കി, നളിനി കയ്യിയുയർത്തി തടഞ്ഞു
“ജയേട്ടൻ ചെല്ല്…”
നളിനി പറഞ്ഞു, അയാൾ വേഗത്തിൽ നടന്ന് പോയി
നളിനി വൃന്ദക്കരികിലേക്ക് വന്നു, തല താഴ്ത്തി കണ്ണീർ പൊഴിച്ചു നിൽക്കുന്ന അവളെ നോക്കി
“നീയും ചെല്ല്… പിന്നെ രാത്രി വൈകിയുള്ള അടുക്കളപ്പണി നാളെമുതൽ വേണ്ട…”
“അത്… ഞാൻ… ദോശമാവ് എടുത്തുവയ്ക്കാൻ…” അവൾ പറഞ്ഞു
“നാളെ മുതൽ പുറത്ത് മില്ലേന്ന് ആട്ടിക്കൊണ്ടൊരാൻ ഏർപ്പാടക്കാം… പോയി കിടക്ക്…”
നളിനി അവളെ മുറിയിലേക്ക് പറഞ്ഞു വിട്ട് അടുക്കള അടച്ച് തന്റെ മുറിയിലേക്ക് പോയി.
വൃന്ദ മുറിയിലെത്തി ഒന്നുമറിയാതെയുറങ്ങുന്ന കണ്ണനെ നോക്കി അവനെ ഒന്ന് നോക്കി പതിയെ നെറ്റിയിൽ ഉമ്മവച്ചു, അവനെ ചേർത്ത് പിടിച്ച് അവൾ കിടന്നു,
അവൾ പണ്ടത്തെ കാര്യങ്ങളാലോചിച്ചു,
‘തനിക്കന്ന് പതിനാലോ പതിനഞ്ചോ വയസു വരും, ചെറിയച്ഛൻ… കാവിലെ ഉത്സവത്തിന് നാട്ടിലെത്തുമ്പോൾ അയാൾ തന്നോട് പെരുമാറുന്നതും സംസാരിക്കുന്നതും ആരോചകമായി തോന്നുന്നത് അപ്പോഴാണ്, അയാൾ ഒന്നും രണ്ടും പറഞ്ഞടുത്തു വരും, ദേഹത്ത് മനഃപൂർവമല്ലാത്തപോലെ രീതിയിൽ തട്ടുകയും ഉരസുകയുമൊക്കെ ചെയ്യും, ആദ്യമൊന്നും കാര്യമാക്കിയില്ല, പിന്നീട് മനസ്സിലായി അയാൾ നല്ലുദ്ദേശത്തോടെയല്ല അടുത്ത് വരുന്നത് എന്ന്, പിന്നീട് അയാളെ കാണുമ്പോൾ ഒഴിഞ്ഞു നടക്കാൻ തുടങ്ങി, ആരോടും പറഞ്ഞില്ലെങ്കിലും മുത്തശ്ശിയത് മനസ്സിലാക്കി അയാളെ വിലക്കി, പിന്നീട് വലിയ കുഴപ്പമൊന്നുമില്ലായിരുന്നു, മുത്തശ്ശിയുടെ മരണശേഷം വീണ്ടും… ആരും ചോദിക്കാനില്ലാത്ത രണ്ട് ജീവനുകളല്ലേ…
അതെ പോലെ തന്നെ ശ്രീജേഷ്… പണ്ട് നാട്ടിലെത്തുമ്പോ തന്നോട് സൗഹൃദത്തോടെ അടുത്തുവരും, താനും സ്വന്തം ഏട്ടനെപ്പോലെ കണ്ടു,
പിന്നൊരിക്കൽ തന്റെ അലക്കാനിട്ട വസ്ത്രങ്ങൾ മുഖത്തേക്ക് ചേർത്ത് നിൽക്കുന്നത് കണ്ട് അറപ്പ് തോന്നി അയാളോട്,