“വസുധ. നീയെന്താ പരാതിയില്ലാന്നു പറഞ്ഞെ.” വേഗത്തിൽ നടക്കുന്ന എന്റെ കൈയുംപിടിച്ചുകൊണ്ട് വിമല ചാടിത്തുള്ളി. അവളുടെ കണ്ണിൽ അമീറിനോടുള്ള ദേഷ്യം നല്ലപോലെയുണ്ട്.
“വേണ്ടടി, അവൻ…”
“നിന്നെപോലെയുള്ളവരാണ് ഇതുപോലെയുള്ള ആമ്പിള്ളേർക്ക് വളം വെക്കുന്നത്.”
“അങ്ങനെയൊന്നുല്ല. വാ നമുക്കൊരു ഓട്ടോ വിളിക്കാം. ഇപ്പൊ തന്നെ വൈകി.”
ഞാനും വിമലയും ഒരു ഓട്ടോയിൽ കയറി. വണ്ടിയോടിക്കുമ്പോ ഓട്ടോ ഡ്രൈവറുടെ തുടരെത്തുടരെയുള്ള കണ്ണാടിയിലൂടെയുള്ള നോട്ടം എന്നെ അലോസരപ്പെടുത്തി. ഞാനത് കാര്യമാക്കിയതുമില്ല. ഞാനല്ലേ എന്റെ മുന്നും പിന്നും ഉള്ള ഭാരം ചുമക്കുന്നത് ഇവമ്മാരുടെ നോട്ടം കാണുമ്പോ ഇത്തവർക്ക് ചുങ്കം കൊടുത്തു ചുമടെടുപ്പിച്ചത് പോലെയുണ്ട്.
ഹോസ്പിറ്റലിലെത്തി അരമണിക്കൂറായിട്ടും വല്ലാത്തൊരു അസ്വസ്‌ഥതയിരുന്നു. എന്തായിരുന്നു എനിക്ക് പറ്റിയതെന്ന് ഇത്ര നേരമായും എനിക്ക് മനസിലായില്ല. ശാന്തൻ ഡോക്ടറുടെ വായീന്നു നല്ല ഭേഷായിട്ട് കിട്ടുകയും ചെയ്തു. 12 ആം മുറിയിലെ പേഷ്യന്റിനു ഇൻജെക്ഷൻ എടുക്കാൻ പറഞ്ഞിട്ട് ഞാനത് മാറന്നു. സ്വസ്‌ഥമായി കുറച്ചു നേരം ഇരിക്കാനായി ഞങ്ങളുടെ റസ്റ്റ് റൂമിലേക്ക് നടന്നു.
അനന്തിക പഠിക്കാൻ മിടുക്കിയാണ്, അവളെകുറിച്ചോർത്തു ഞാൻ പാക്ക് ചെയ്ത ലഞ്ച് ബോക്സ്’തുറന്നു. വിമല വീണ്ടും ചോദിച്ചു.
“നീയിതു എന്താലോചിച്ചു കഴിക്കുന്നേ എന്ന്.” ഞാനൊന്നും പറഞ്ഞില്ല. ഊണ് പൂർത്തിയാക്കി ജോലി തുടങ്ങി. വൈകുന്നേരം ഞാൻ പതിവുപോലെ തന്നെ ഹോസ്പിറ്റലിൽ നിന്നുമിറങ്ങാൻ ഒരല്പം വൈകി. അനന്തിക ട്യൂഷനും കഴിഞ്ഞാണ് വീടുത്തുക. അവളെത്തും മുന്നേ എന്തെങ്കിലും ഉണ്ടാക്കി വെച്ചില്ലെങ്കിൽ പെണ്ണ് കലിതുള്ളും. എന്നെപോലെ തന്നെയാണ്. ചെറുപ്പത്തിൽ ഞാൻ വാശിക്കാരിയായിരുന്നു. കല്യാണത്തിന് ശേഷം എല്ലാം മാറി. ഭർത്താവിനെ അനുസരിക്കുന്ന നല്ല കുട്ടിയായി. പക്ഷെ അനന്തികയ്ക്ക് മൂന്നു വയസുള്ളപ്പോൾ അദ്ദേഹം കൂടെ ജോലി ചെയുന്ന പെൺകുട്ടിയുമായി അടുപ്പത്തിലാകുകയും, അവളെ ഗർഭിണിയാക്കി അവളോടപ്പം നാടുവിടുകയും ചെയ്തു.
പൂന്തോട്ടത്തിലെ മിക്ക ചെടികളും വാടിയിരിക്കുന്നു. അവനിതിനു നേരം എവിടെയാണ്. അല്ലേലും പെണ്പിള്ളേരുടെ പുറകെ നടക്കുമ്പോ, ഇതിനൊക്കെ സമയമുണ്ടോ? ഗേറ്റ് തുറന്നു ഉള്ളിലേക്ക് കടന്നതും, ഡ്യൂക്ക് ന്റെ ഓറഞ്ചു നിറമുള്ള ബൈക്ക് മാവിന്റെ ചുവട്ടിൽ പാർക്ക് ചെയ്തത് കണ്ടു.
കാലിന്റെ വേഗത ഒരല്പം കൂടിയത് യന്ത്രികമായിട്ടായിരുന്നു. കോണിപ്പടി കയറി മേലെ നിലയിലേക്ക് ചെല്ലുമ്പോ, താഴെ ടീവിയിൽ ഏതോ ഹിന്ദി പാട്ട് കേൾക്കാമായിരുന്നു. സേമിയ കൊണ്ട് ഉപ്മാവുണ്ടാക്കി. അനന്തികയ്ക്കതിഷ്ടമാണ്. പെട്ടെന്നെന്തോ മനസ്സിൽ ഒരു വിങ്ങൽ പോലെ. ജനലിലൂടെ പുറത്തേക്കൊരുനിമിഷം നോക്കി നിന്നു. ശ്വാസം നേരെ വിട്ടുകൊണ്ട് ഞാനിച്ചിരി ഉപ്മാ പ്ളേറ്റിലാക്കിക്കൊണ്ട് താഴേക്ക് നടന്നു. നടക്കുമ്പോ സാരി ഒന്നുടെ ശ്രദ്ധിക്കയുണ്ടായി.