രാത്രികളിൽ അത് സ്വപ്നങ്ങളായും പകലുകളിൽ അത് പകൽക്കിനാവുകളായും അവളെ അത് ശല്യം ചെയ്തു.ആദ്യമൊക്കെ അവളുടെ നിയന്ത്രണങ്ങൾ പൊട്ടിച്ച് വന്നിരുന്ന പകൽക്കിനാവുകൾ പിന്നെ പിന്നെ ഇടയ്ക്കിടെ ആയി. അവസാനം അവൾ അതിന് കീഴടങ്ങി. അവൾക്ക് തോന്നുമ്പോഴും അല്ലാത്തപ്പോഴുമെല്ലാം അവൾ ശോഭയെ ഓർത്തു. തുണിയുടുത്തും ഇല്ലാതെയും കെട്ടിമറഞ്ഞും ഒക്കെ. ചെയ്യുന്നതെന്തോ തെറ്റാണ് എന്നറിയാമെങ്കിലും അവർക്കത് ചെയ്യാതിരിക്കാൻ കഴിയുമായിരുന്നില്ല. തനിയ്ക്ക് ഇനിയൊരിയ്ക്കലും ശോഭേച്ചിയെ പഴയതുപോലെ കാണാൻ കഴിയില്ലെന്ന് അവൾക്കുറപ്പായിരുന്നു.
“തന്റെ ചിന്തകൾ തെറ്റായിരിക്കാം, പക്ഷേ തനിക്കിനി അഭിനയിക്കാൻ കഴിയില്ല. ഇനിയൊന്നും പഴയതുപോലെയാവില്ല,” അവളോർത്തു. “എത്രകാലം ഇങ്ങനെ ഒഴിഞ്ഞുമാറി നടക്കും. തിരിച്ചുചെല്ലുമ്പോൾ ശോഭേച്ചിയെ കണ്ടാൽ തന്റെ മനസ്സിന്റെ നിയന്ത്രണം പോകുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. ആ ഹോസ്റ്റലിൽ താമസിയ്ക്കുമ്പോൾ ശോഭേച്ചിയെ കാണാതെ പറ്റുമോ. ഒരിയ്ക്കലുമില്ല. ശോഭേച്ചിയെ മറക്കണമെങ്കിൽ ഹോസ്റ്റൽ മാറണം, ” അവൾ തീരുമാനിച്ചുറപ്പിച്ചു. അപ്പോൾ തന്നെ നെറ്റിൽ നോക്കി ആദ്യം കണ്ട ഹോസ്റ്റലിൽ വിളിച്ച് താമസം ശരിയാക്കി. ഏതു ഗുദാമായാലും വേണ്ടില്ല അവിടെനിന്ന് മാറിയാൽ മതി എന്ന നിലയായിരുന്നു അവൾക്ക്. എല്ലാം തീരുമാനിച്ചുകഴിഞ്ഞപ്പോൾ അവൾ ശോഭേച്ചിയെ അവസാനം കണ്ട രംഗം വീണ്ടുമോർത്തുപോയി. അവൾ കുറ്റബോധം കൊണ്ട് നീറി, ” എന്റെ തെറ്റ് മറയ്ക്കാൻ,
അല്ലെങ്കിൽ എന്റെ മനസ്സിനെ നിയന്ത്രിയ്ക്കാൻ പറ്റാത്തത് കൊണ്ട് എന്നെ മകളെപ്പോലെ സ്നേഹിച്ച ഒരു സ്ത്രീയെ ആട്ടിയകറ്റി. എന്താണ് കാര്യമെന്നുപോലുമറിയാതെ വിഷമിയ്ക്കുന്നുണ്ടാവും ആ പാവം.” താൻ എന്തൊരു ക്രൂരതയാണ് ചെയ്തത് എന്ന തോന്നൽ അവളെ കുത്തിനോവിച്ചു. അവൾക്ക് എല്ലാം ചേച്ചിയോട് ഏറ്റുപറഞ്ഞ് ഒന്നു പൊട്ടിക്കരയണം എന്ന് തോന്നി. താമസം മാറുന്ന കാര്യം എന്തായാലും അറിയിക്കണം. ഇനിയൊരിക്കലും കാണില്ലെങ്കിൽ പിന്നെ എല്ലാം തുറന്നുപറഞ്ഞു മാപ്പ് ചോദിയ്ക്കാൻ അവൾ തീരുമാനിച്ചു.
അവർ അത്രയെങ്കിലും അർഹിക്കുന്നുണ്ട് എന്നവൾക്ക് തോന്നി. അവൾ ഫോണെടുത്തു. അതിൽ ശോഭ മൂന്നുദിവസം മുൻപ് അയച്ച ലാസ്റ്റ് മെസ്സേജ് വായിക്കാതെ കിടപ്പുണ്ടായിരുന്നു, “എന്താ മോളേ നിനക്ക് പറ്റിയത്? ചേച്ചി എന്തെങ്കിലും തെറ്റ് ചെയ്തോ?” അശ്വതിയുടെ കണ്ണിൽ നിന്ന് കണ്ണീർ ധാരധാരയായി ഒഴുകി. “ഇല്ല ചേച്ചീ, അങ്ങനെയൊന്നുമില്ല. എല്ലാം ഞാൻ കാരണമാണ്. സോറി ,” അവൾ മനസ്സിൽ പറഞ്ഞു.