‘ ഡാ പൊട്ടാ, ഞാന്‍ പറയുന്നത് വല്ലതും കേള്‍ക്കുന്നുണ്ടോ?’
‘ ഉണ്ട് ചേച്ചീ, ചേച്ചി പറഞ്ഞോളൂ’
‘ നീ ഇങ്ങോട്ട് വരുമ്പോള്‍, ആ വളവിന് മുന്‍പില്‍ ഒരു വലിയ വീട് കണ്ടിട്ടുണ്ടോ?’
‘ ഉവ്വ്, ശ്രീലകം, ഒരു കൊട്ടാരം പോലുള്ള വീടല്ലേ…’
‘ അതേ, അത് തന്നെ’
ആ വീട് ആ വഴി ഒരു തവണ പോകുന്ന ആരും മറക്കില്ല. ഏക്കറ് കണക്കിന് പുരയിടത്തിന് ഒത്ത നടുക്ക് ഒരു വലിയ വീട്. ഏറെ പഴക്കമുള്ള ഒരു കൊട്ടാരം പോലുള്ള വീട്. വീട്ട് മുറ്റത്ത് വലിയ കാറുകള്‍. പുല്‍ത്തകിടി. വലിയ കോടീശ്വരന്റെ ആസ്തിയാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകും.
‘ ഇവളുടെ അച്ഛന്‍ രാജേന്ദ്രന്റെതാണ് ആ വലിയ കൊട്ടാരം. വിദേശത്തും നാട്ടിലുമെല്ലാമായി വ്യാപിച്ച് കിടക്കുന്ന ശ്രീലകം ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇല്ലേ, അതിന്റെ ഉടമയായിരുന്നു രാജേന്ദ്രന്‍’
ശ്രീലകം ഗ്രൂപ്പിനേയും അതിന്റെ ഉടമയായ രാജേന്ദ്രനെയും അറിയാത്ത മലയാളികളുണ്ടാകില്ല. കേരളത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ്സ് ഗ്രൂപ്പുകളിലൊന്നാണത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിദേശത്ത് വെച്ച് നടന്ന ആക്‌സിഡന്റില്‍ ശ്രീലകം രാജേന്ദ്രനും ഭാര്യയും മരണപ്പെട്ട വാര്‍ത്തയും ഓര്‍മ്മ വന്നു.
ഇരുന്ന ഇരിപ്പില്‍ നിന്ന് അറിയാതെ ഞാനൊന്ന് എഴുന്നേറ്റ് പോയി. ഇത്രയും വലിയ കുടുംബത്തിലെ കുട്ടിയാണ്. ആദ്യമായിട്ടാണ് ഇതുപോലൊരാളുടെ അടുത്തിരിക്കുന്നത് തന്നെ. ഞാനാകെ വല്ലാതായി.
‘ മിനിഞ്ഞാന്ന് രാത്രി ഒരു പന്ത്രണ്ട് മണിയോടെ കോളിംഗ് ബെല്ലടിക്കുന്നത് കേട്ടാണ് ഞാന്‍ വാതില്‍ തുറന്നത്. നോക്കിയപ്പോള്‍ ഇവള്‍ മുന്നില്‍ നില്‍ക്കുന്നു. ഭയന്നാണ് കയറി വന്നത്. ഞാനെന്തെങ്കിലും ചോദിക്കുന്നതിന് മുന്‍പ് തന്നെ ഓടി അകത്ത് കയറി, സ്വാഭാവികമായും എനിയ്ക്ക് അപകടം മണത്തു. വേഗം തന്നെ വാതിലടച്ച് കുറ്റിയിട്ടു. ഇവളെ ആശ്വസിപ്പിച്ചു. ഒന്നും പറയാന്‍ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല ഇവള്‍. കുറച്ച് വെള്ളം കൊടുത്തു. ഒന്ന് റിലാക്‌സായ ശേഷം കാര്യങ്ങള്‍ ചോദിച്ചു’
ഒന്ന് നിര്‍ത്തിയ ശേഷം ചേച്ചി അവളുടെ അരികിലേക്ക് ചെന്നു. അവിടെ ഇരുന്നു.
‘ ഇവള്‍ മൊബൈല്‍ ഫോണില്‍ വാട്‌സാപ്പ് എനിക്ക് കാണിച്ച് തന്നു. ഇവളുടെ അച്ഛന്റെ അനിയന്‍, ശരത്ചന്ദ്രന്‍ എന്ന ശ്രീലകം ശരത് ആര്‍ക്കോ അയച്ച വാട്‌സ് ആപ്പ സന്ദേശമാണ്. ശരത്തിന്റെ ഫോണ്‍ ഉപയോഗിച്ച് കൊണ്ടിരിക്കെ മറ്റൊരു ഫോണില്‍ അടിയന്തരമായ കോള്‍ വന്നപ്പോള്‍ ഈ ഫോണ്‍ മേശപ്പുറത്ത് വെച്ച് പുറത്തേക്ക് പോയതായിരുന്നു. വാട്‌സ് ആപ്പ തുറന്ന് കിടക്കുന്നു. അതിനകത്ത് ഇവളുടെ ഫോട്ടോ ആര്‍ക്കോ അയച്ചത് കണ്ടപ്പോള്‍ ഇവള്‍ക്കെന്തോ സംശയം തോന്നി. ഉടന്‍ തന്നെ ആ ഫോട്ടോയും, മെസ്സേജും സ്വന്തം ഫോണിലേക്ക് ഫോര്‍വേഡ് ചെയ്തു. പിന്നെ റൂമില്‍ പോയി അത് ചെക്ക് ചെയ്തപ്പോഴാണ് ഇവള്‍ ഞെട്ടിപ്പോയത്’.