തുളസിദളം 5 [ശ്രീക്കുട്ടൻ]

Posted by

കുറച്ചു കഴിഞ്ഞ് നളിനി കണ്ണനെ കാണാനായി അവനടുത്തേക്ക് ചെന്നു, കണ്ണൻ ഉറങ്ങുകയായിരുന്നു

“ഉണ്ണി… ഇപ്പൊ എങ്ങനുണ്ട് ഇവന്… പിന്നീട് പനിച്ചോ…??”

നളിനി കണ്ണനരികിൽ ഇരുന്നുകൊണ്ട് ചോദിച്ചു,

“ഇല്ല വല്യമ്മേ… ഇപ്പൊ കൊഴപ്പൊല്ല…”

വൃന്ദ പറഞ്ഞു

“ആന്റി ഒറ്റക്കാണോ വന്നത്…??”

കിച്ച മുഖം കൂർപ്പിച്ചുകൊണ്ട് നളിനിയോട് ഗൗരവത്തിൽ ചോദിച്ചു

“അല്ല രാജേട്ടനും ശില്പയുമുണ്ട്…”

“എന്നിട്ടവരെവിടെ…?? അവരെന്താ ഇവനെ കാണാൻ വരാഞ്ഞേ…? അപ്പുറത്തുകിടക്കുന്ന കുഞ്ഞിന്റെ അതേ ബന്ധം തന്നല്ലേ നിങ്ങൾക്ക് ഇവനും…??”

കിച്ച ഉറക്കെ ചോദിച്ചു

അവളുടെ സംസാരം കേട്ട് വൃന്ദ അന്തംവിട്ട് നോക്കിനിന്നു, പിന്നീടവൾ കിച്ചയുടെ കയ്യിൽ പിടിച്ചു വലിച്ചു, കിച്ചയുടെ സ്വരത്തിൽ ദേഷ്യം കലരുന്നുണ്ടായിരുന്നു

“ആന്റിയോട് എനിക്കൊരു ദേഷ്യവുമില്ല, പക്ഷേ എനിക്ക് ബാക്കിയുള്ളവരോട് കുറച്ചു കാര്യങ്ങൾ ചോദിക്കണം…”

അതും പറഞ്ഞ് കിച്ച റൂമിൽ നിന്നും ഇറങ്ങിപ്പോയി, പിറകെ അവളെ തടയാനെന്നവണ്ണം വൃന്ദയും

കിച്ച നേരേ ചെന്നത് കുഞ്ഞിയുടെ മുറിയിലേക്കായിരുന്നു, അവളെക്കണ്ടതും എല്ലാവരും ചോദ്യഭാവത്തിൽ അവളെ നോക്കി

“എന്താ മോളേ…??”

മാധവൻ അവളുടെ മുഖത്തെ ഭാവം ശ്രദ്ധിച്ചുകൊണ്ട് ചോദിച്ചു

അപ്പോഴേക്കും വൃന്ദയും അവിടേക്കോടിപ്പിടിച്ചെത്തി

“ഒന്നൂല്ലങ്കിളെ… ഞാനിവരെ കാണാൻ വന്നതാ… എനിക്ക് ചില കാര്യങ്ങൾ ഇവരോട് ചോദിക്കാനുണ്ടായിരുന്നു…”

രാജേന്ദ്രനെയും ശില്പയെയും നോക്കിക്കൊണ്ട് പറഞ്ഞു

“വേറൊന്നുമല്ല ഇവിടെ ഈ കുഞ്ഞിന്റെ അസുഖം അറിയാൻ വന്നവര് ഇതേപോലെ ഒരണ്ണം അപ്പുറത്തെ മുറീല് കെടക്കുന്നത് അറിഞ്ഞില്ലേന്ന് ചോദിക്കണം എന്ന് തോന്നി…

ഓ… അത് മറന്നുപോയി ഇന്നലെ രാത്രി ഇവള് വന്ന് വിളിച്ചപ്പോ തന്തേം മോളും പറഞ്ഞതാണല്ലോ… അവൻ ചാവുമ്പോ വിളിച്ചാ മതീന്ന്… അത് ഞാനോർത്തില്ല…”

അവളൊരുനിമിഷം നിർത്തിയിട്ടു രാജേന്ദ്രനെ നോക്കി തുടർന്നു,

നിങ്ങക്ക് മനസ്സാക്ഷീന്ന് പറയുന്ന ഒരു സാധനമുണ്ടോ…? ഒന്നുമില്ലേലും ഒരു കുഞ്ഞ് കുട്ടിയല്ലേ അത്… രാത്രി അതിനസുഖമാണെന്ന് പറഞ്ഞ് വിളിക്കുമ്പോ ഒന്ന് ചെന്ന് നോക്കാനെങ്കിലും തോന്നിയോ…”

കിച്ച ദേഷ്യം കൊണ്ട് വിറച്ചു, അവളെ അനുനയിപ്പിക്കാണെന്നാവണം വൃന്ദ പുറകിൽനിന്നും വിളിക്കുന്നുണ്ടായിരുന്നു, കിച്ച അതൊന്നും ശ്രദ്ധിക്കുന്നുണ്ടായില്ല

രാജേന്ദ്രനും ശില്പക്കും വലിയ കുറച്ചിൽ തോന്നി, അപ്പോഴേക്കും നളിനിയും അവിടേക്കെത്തിയിരുന്നു,

“അതെങ്ങനെ… ഇവറ്റകള് ചത്തുകാണാൻ കാത്തിരിക്കുവല്ലേ…

നിങ്ങളോട് എന്ത് തെറ്റാ ഇവര് ചെയ്തത്… ഒരു മാടിനെപ്പോലെ ആ വീട്ടിലെ ജോലികളെല്ലാം ചെയ്യുന്നില്ലേ… തന്തേം മോളും ഇവളുടെ കയ്യിലുള്ളതെല്ലാം തട്ടിപ്പറിച്ചില്ലേ ഇനിയെന്താ വേണ്ടേ…”

Leave a Reply

Your email address will not be published. Required fields are marked *