“വാ മോളേ…”
സീതലക്ഷ്മി അവളെ അരികിലേക്ക് വിളിച്ചു
“മോളെന്താ സാരിയുടുത്തിട്ട്… ചുരിദാറൊന്നുമില്ലേ…?”
സീതലക്ഷ്മി ചോദിച്ചു
“അത് ശിൽപ്പേച്ചി…”
കണ്ണൻ എന്തോ പറയാൻ വന്നതും വൃന്ദ അവന്റെ വായ പൊത്തിപ്പിടിച്ചു
അതുകണ്ട് പിന്നീടാരും അവളോട് ഒന്നും ചോദിച്ചില്ല… അവളെ കാറിലേയ്ക്ക് കയറ്റി
ഇതെല്ലാം കോപംകൊണ്ട് എരിയുന്ന മിഴികളോടെ ശില്പ നോക്കി നിൽക്കുന്നുണ്ടായിരുന്നു,
••❀••
കാറിലിരിക്കുമ്പോഴും വൃന്ദയുടെ മിഴികൾ രുദ്രിനെ തേടിച്ചെന്നു, എന്നാൽ രുദ്ര് ഒരു നോട്ടംകൊണ്ട് പോലും അവളെ കാടാക്ഷിച്ചില്ല, അവൻ കോഡ്രൈവർ സീറ്റിലിരിക്കുന്ന ഭൈരവിനോട് എന്തെക്കെയോ സംസാരിച്ചു ചിരിക്കുന്നുണ്ടായിരുന്നു
സീതാലക്ഷ്മി അവളോട് പറയുന്നതൊന്നും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല
‘ഇയാളെന്താ… ഇങ്ങനെ മസിലുപിടിക്കുന്നെ… ഞാനെത്രപ്രാവശ്യം ചിരിച്ചു… എന്റെ മുഖത്തോട്ട് നോക്കിക്കൂടെ… മൊരടൻ…
ഇന്നലെ എന്തായിരുന്നു ഡയലോഗ്, ഉണ്ണിയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല, ഉണ്ണിയെന്റെ ജീവനാണ്, ജീവിതമാണ്… എന്നിട്ടിപ്പോ എന്നെയൊന്നു നോക്കുന്ന പോലുല്ല…
എനിക്കും അതുപോലെയാണെന്ന് ഞാൻ പറയാതെ പറയുന്നില്ലേ, എന്നെയൊന്നു മനസ്സിലാക്കിക്കൂടെ… കടുവ…’
വൃന്ദ മുഖം കൂർപ്പിച്ചു രുദ്രിനെ നോക്കി മനസ്സിൽ പറഞ്ഞു,
പോകുന്ന വഴിക്ക് കിച്ചയുടെ വീട്ടിൽ കയറി, കിച്ചയെക്കൂടി കൂടെക്കൂട്ടാൻ അവർ തീരുമാനിച്ചിരുന്നു,
അവർ ചെല്ലുമ്പോൾ കിച്ചയുടെ അച്ഛൻ ശ്രീകുമാർ അവിടുണ്ടായിരുന്നു, അയാൾ അവരെ സ്വീകരിച്ചിരുത്തി പരസ്പരം പരിചയപ്പെട്ടു,
വൃന്ദയെയും കണ്ണനെയും അയാൾ ചേർത്തു പിടിച്ചു വിശേഷങ്ങൾ ചോദിച്ചു, ചോദിച്ചതിനെല്ലാം അവർ ആവേശത്തോടെ ഉത്തരം പറയുന്നത്, മറ്റുള്ളവർ കൗതുകത്തോടെ നോക്കി നിന്നു,
സീതാലക്ഷ്മി കിച്ചയുടെ അമ്മയുടെ കൂടെ അകത്തേക്ക് പോയി, കണ്ണനും കുഞ്ഞിയും വൃന്ദയും കിച്ചയുടെ മുറിയിലേക്ക് നടന്നു,
ഉമ്മറത്ത് ബാക്കിയുള്ളവർ ഇരുന്ന് സംസാരിച്ചു
വളരെകുറച്ചു സമയം കൊണ്ടുതന്നെ ശ്രീകുമാറും വിശ്വനാഥനും മാധവനുമൊക്കെ നല്ല കമ്പനിയായി…
“നമുക്ക് പുറത്തേക്ക് ഒന്ന് നടന്നാലോ…?”
വിശ്വനാഥൻ ചോദിച്ചു
അവർ മൂന്നുപേരും കൂടി പുറത്തേക്കിറങ്ങി
മാധവനും വിശ്വനാഥനും വൃന്ദയെയും കണ്ണനെയും മീനാക്ഷിയെയുമൊക്കെപ്പറ്റി ചോദിച്ചു… ശ്രീകുമാർ എല്ലാത്തിനും കൃത്യമായി ഉത്തരം കൊടുത്തു
“ഞാനൊരു കാര്യം പറയാം… ദേവടം ഗ്രൂപ്പിൽ നടക്കുന്നത് മുഴുവൻ കള്ളക്കളിയാണ്… പതിനല് സ്ഥാപനങ്ങളുണ്ടായിരുന്നതാണ്, നിങ്ങളുടെ ഭാഗത്തിൽ ഉള്ളതുൾപ്പെടെ, ഇന്നത് നാലെണ്ണമായി… ആ രാജേന്ദ്രന്റെ കൈകടത്തൽ കാരണമാണ് ഇതെല്ലാം പൂട്ടിപ്പോയത്… ഇപ്പൊ ആകെ ലാഭത്തിലോടുന്നത് ദേവടം ഓയിൽ മില്ലും ഡയറി ഫാംമും മാത്രമാണ്… കാരണം അതിൽ തൊടാൻ അയാൾക്ക് പറ്റില്ല…”