രുദ്ര് കിച്ചയോട് ചോദിച്ചു,
എന്താണെന്ന ഭാവത്തിൽ കിച്ച അവന്റെ മുഖത്തേക്ക് നോക്കി
“ഭൈരവിനെക്കുറിച്ച് എന്താ തന്റെ അഭിപ്രായം…?”
അവൻ ചോദിച്ചു
“അതെന്താ രുദ്രേട്ടാ അങ്ങനെ ചോദിച്ചത്…? എനിക്ക് പുള്ളിയെപ്പറ്റി നല്ല അഭിപ്രായമാ…”
കിച്ച പറഞ്ഞു, വൃന്ദയും അവരുടെ സംഭാഷണം ശ്രദ്ധിക്കുന്നുണ്ടായിരുന്നു
“അല്ല,,, അവന് തന്നോട് ഒരു താല്പര്യമുണ്ട്, അത് തനിക്കറിയാം എന്നാണ് എന്റെ വിശ്വാസം… പിന്നെ അവനോട് തനിക്കുമൊരു സ്പാർക്കുണ്ടെന്ന് എനിക്ക് തോന്നി…”
അതിന് അവളൊന്നും മിണ്ടാതെ പുഞ്ചിരിച്ചു
“അവനൊരു പാവമാണ്, സ്വന്തക്കാരെന്ന് പറയാൻ ആരുമില്ലാത്ത ഒരുത്തൻ… പക്ഷേ ഞങ്ങളുടെയെല്ലാം ഏറ്റവും പ്രീയപ്പെട്ടവൻ…”
“ആരുമില്ലാവനോ… അപ്പൊ മാധവനങ്കിൾ…?”
കിച്ച അമ്പരപ്പോടെ ചോദിച്ചു, അതേ അമ്പരപ്പ് വൃന്ദയുടെ മുഖത്തുമുണ്ടായിരുന്നു
“മ്… പറയാം… ഞാനെന്റെ ഏട്ടാമത്തെ വയസ്സിലാണ് അവനെ ആദ്യം കാണുന്നത്… സ്കൂളിലേക്ക് പോകുമ്പോൾ ടൗണിൽ സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കരികിലേക്ക് ഒരു മുഷിഞ്ഞ കാവിമുണ്ടിൽ പൊതിഞ്ഞ് തോളിലൂടെ തൂക്കിയിട്ടിരിക്കുന്ന അവന്റെ രണ്ടുവയസ്സുകാരി കുഞ്ഞനുജത്തിയുമായി പോസ്റ്ററുകളും പാട്ട് പുസ്തകങ്ങളും മറ്റും വിൽക്കാൻ ഓടി നടക്കുന്ന എന്റെ ഭൈരവിനെ… ആകെ മുഷിഞ്ഞു നാറിയ വസ്ത്രങ്ങളുമണിഞ്ഞു വെട്ടാതെ ചെമ്പിച്ച മുടിയുമായി ദയനീയമായ നോട്ടത്തോടെ ഓരോ വാഹനങ്ങൾക്ക് നേരെയും പ്രതീക്ഷയോടെ ഓരോന്നും വിൽക്കാൻ നിൽക്കുന്ന അവനെ…
പിന്നീടും അവനെക്കണ്ടു, പറ്റുന്ന ജോലികളെല്ലാം ചെയ്യുന്ന അവനെ… അപ്പോഴേ എനിക്ക് അവന്റെ മുഖം മനസ്സിൽ മായാതെ കിടന്നു… ഓരോ ദിവസവും ടൗണിലെത്തുമ്പോ ഞാനവനെ തിരയും,
പിന്നെയും കണ്ടു… വിശന്ന് അലറിക്കരയുന്ന കുഞ്ഞുപെങ്ങളുടെ മുഖം കണ്ട് കയ്യിലുള്ള ഓരോ സാധനങ്ങളും വിൽക്കാൻ വിശപ്പും ക്ഷീണവും വകവെയ്ക്കാതെ ഓടി നടക്കുന്ന അവനെ,
ഒരിക്കൽ കണ്ടു ഏതോ വണ്ടിയിടിച്ചിട്ട് കാലുമുഴുവൻ ചോരയും മുറിവുമായി പേടിച്ചു വിരണ്ടിരിക്കുന്ന കുഞ്ഞുപെങ്ങളെ മാറോട് ചേർത്തുപിടിച്ചു വേദനകൊണ്ട് അലറിക്കരയുന്ന എന്റെ ഭൈരവിനെ…”
രുദ്ര് നിറഞ്ഞു വന്ന കണ്ണുനീർ കൈകൊണ്ട് തുടച്ചു, കിച്ചയുടേയും വൃന്ദയുടെയും കണ്ണുകളും നിറഞ്ഞൊഴുകി,
“ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടന്ന അവനെ, അന്ന് ആ കാറിലുണ്ടായിരുന്ന അപ്പയും മാധവനങ്കിളും ചേർന്ന് ഞങ്ങളുടെ കാറിലേക്ക് കയറ്റി ആശുപത്രിയിലെത്തിച്ചു, അന്നാ കാറിൽ വച്ച് വേദനകാരണം എന്നെ ചുറ്റിപ്പിടിച്ചു കരഞ്ഞ അവനെ ഇപ്പോഴും എനിക്കോർമ്മയുണ്ട്, അവന്റെ കരച്ചിൽ കേട്ട് പേടിച്ച് വിരണ്ടിരിക്കുന്ന അവന്റെ അനുജത്തിയെ… അല്ല ഞങ്ങളുടെ കുഞ്ഞിയെ… അവളുടെ പേടിച്ചരണ്ട മുഖവും എനിക്കോർമ്മയുണ്ട്…”