പിന്നീട് ഇവൾ ജനിച്ചപ്പോൾ ആദ്യം കയ്യിൽ വാങ്ങിയത് അവനായിരുന്നു,
‘എന്റെ കുഞ്ഞി…’
എന്ന് പറഞ്ഞ് അവൻ കരഞ്ഞു… ഞങ്ങളും അങ്ങനാ വിശ്വസിക്കുന്നേ, ഞങ്ങളുടെ കുഞ്ഞി വീണ്ടും ജനിച്ചതാ… അതുകൊണ്ടാ ഇവൾക്ക് കുഞ്ഞിയെന്ന് പേരിട്ടതും…”
രുദ്ര് മുഖം അമർത്തി തുടച്ചിട്ട് സൺഗ്ലാസ് എടുത്തു വച്ചു…
കിച്ചയും വൃന്ദയും കേട്ടതൊന്നും വിശ്വസിക്കാനാവാതെ കണ്ണീരോടെ ഭൈരവിനെ നോക്കി
“ഇതൊന്നും നിങ്ങളറിഞ്ഞതായി ഭാവിക്കണ്ട… അവനെയാരും സഹതാപത്തോടെ നോക്കുന്നത് ഞങ്ങൾക്കാർക്കും ഇഷ്ടമല്ല അവൻ ഞങ്ങളുടെയെല്ലാം പ്രീയപ്പെട്ടവനാ…”
ഒരു പുഞ്ചിരിയോടെ രുദ്ര് പറഞ്ഞു,
തന്നെ നോക്കിയിരിക്കുന്ന വൃന്ദയെയും കിച്ചയെയും കണ്ട് ഭൈരവ് കുഞ്ഞിയെയും കണ്ണനെയും കൊണ്ട് അവരുടെ അടുത്തേക്ക് വന്നു, ആ സോഫയിൽ കിച്ചയ്ക്കടുത്തായി വന്നിരുന്നു, അവൻ കിച്ചയെ നോക്കി ചിരിച്ചു
“ദേ… ഒട്ടിയിരിക്കാതെ കൊറച്ചെങ്ങോട്ട് മാറിയിരുന്നേ…”
കിച്ച മുഖത്ത് കലിപ്പ് ഭാവം വരുത്തിക്കൊണ്ട് പറഞ്ഞു
“ഇത് നിന്റെ തറവാട്ടു സ്വത്തൊന്നുമല്ലല്ലോ, ഇതിൽ ആർക്ക് വേണെലുമിരിക്കാം…”
അവനും കലിപ്പിൽ തന്നെ പറഞ്ഞു
“ദേ… പറഞ്ഞിട്ടുണ്ട്… എന്നെ എടീന്നും നീയെന്നും വിളിക്കരുതെന്ന്…”
അവൾ അവന് നേരെ കൈചൂണ്ടി
“ഓ… മ്പ്രാ….”
കൈ കെട്ടിക്കൊണ്ട് ഭൈരവ് പറഞ്ഞു
“any problem…?”
അവരുടെ ഭാവം കണ്ട് അവിടുണ്ടായിരുന്ന രണ്ട് ഫ്രീക്കൻ കോഴികൾ കിച്ചയോട് ചോദിച്ചു
“ഏയ്.. ഒന്നൂല്ല ചേട്ടാ…”
അവൾ അവരോട് പറഞ്ഞു, എന്നിട്ടും അവിടെനിന്നും പോകാതെ ചിക്കി ചികയുന്ന കോഴികളെ എങ്ങനെ ഓടിക്കും എന്ന് കിച്ച ആലോചിച്ചു
“അത് ചേട്ടാ… ഇയാളെന്റെ പിറകെ നടന്ന് ശല്യം ചെയ്യാൻ തുടങ്ങിയിട്ട് കുറെ നാളായി… അത് ചോദിക്കാനായി ചെന്ന എന്റെ നാല് കരാട്ടെ ആങ്ങളമാരെ ഇയാൾ ഒറ്റക്ക് തല്ലി പരുവമാക്കി ഹോസ്പിറ്റലിൽ icu ൽ ആക്കി… ഇന്നോ നാളെയോ എന്ന് പറഞ്ഞ് കിടക്കുകയാ അവർ… അത് ചോദിക്കാൻ വന്നപ്പോ ഇയാൾ എന്നെ വഴക്ക് പറയുന്നു… നിങ്ങളൊന്ന് ചോദിക്ക് ചേട്ടാ ഇയാളോട്…”
കിച്ച വിഷമത്തോടെ അവരോട് പറഞ്ഞു
അത് കേട്ട് ഫ്രീക്കന്മാർ ഒന്ന് ഞെട്ടി, അവർ ഭൈരവിനെ ആകമാനം നോക്കി ഉമിനീരിറക്കി, അതെല്ലാം കണ്ട് രുദ്രും വൃന്ദയും കണ്ണനും കുഞ്ഞിയുമെല്ലാം ചിരി കടിച്ചു പിടിച്ചു, ഭൈരവ് വലത് കൈ ഒന്ന് ചുരുട്ടിപ്പിടിച്ച് ഇടത് കൈപത്തിയിൽ ഇടിച്ചു, അവന്റെ മസിലുകൾ ഒന്നുകൂടി ഉരുണ്ടു, ഫ്രീക്കന്മാർ പരസ്പരം നോക്കി,