“സാധാരണ ഞാൻ അഞ്ചു പേരെയാണ് തല്ലാറുള്ളത്, ഇതിപ്പോ നാലുപേരെ കിട്ടിയുള്ളൂ, ആ വെഷമം ഇപ്പൊ മാറി… വാ.. ആരാ ആ ഭാഗ്യവാൻ…”
ഭൈരവ് വലതുകൈ ചുരുട്ടി ഇടതു കൈപ്പത്തിയിൽ ഇടിച്ചുകൊണ്ട് എഴുന്നേറ്റു,
“ചെല്ല് ചേട്ടാ… ഇടിച്ചവനെ icu ൽ ആക്ക്…”
കിച്ച പ്രോത്സാഹിപ്പിച്ചു
ഫ്രീക്കൻമാർ മുഖത്തോട് മുഖം നോക്കി
“അത് പെങ്ങളെ… ഞങ്ങൾ ശബരിമലയ്ക്ക് പോകാൻ മലയിട്ടുപോയി ഇല്ലേൽ കാണാർന്ന്… മാത്രോല്ല ഞങ്ങക്ക് അത്യാവശ്യമായിട്ട് എവിടേക്കോ പോകാനുണ്ട്… അപ്പൊ കാണാം പെങ്ങളെ…”
അവർ പതിയെ വലിഞ്ഞു.
അതുകണ്ട് എല്ലാവരും പൊട്ടിച്ചിരിച്ചു, വൃന്ദ ചിരിക്കുമ്പോഴും രുദ്രിനെ നോക്കി, അതുകണ്ട് അവൻ ചിരി നിർത്തി മുഖത്ത് ഗൗരവം വരുത്തി…
“മൊരടൻ…”
അവൾ ആത്മഗതം പറഞ്ഞു.
“നല്ല കിടിലൻ ചേട്ടൻ അല്ലേ…? സിനിമ നടനെ പോലുണ്ട്…”
രണ്ട് സെയിൽസ് ഗേൾ പരസ്പരം രുദ്രിനെപ്പറ്റി സംസാരിക്കുന്നത് കേട്ട വൃന്ദയിൽ കുശുമ്പ് നിറഞ്ഞു, അതുകണ്ട് ഭൈരവ് വൃന്ദയുടെ അടുത്തെത്തി,
“എന്താണ് ഒളിച്ചുനിന്ന് രക്തം ഊറ്റിക്കുടിക്കുന്നത്…? ഇതിന്റെ വല്ല കാര്യോം ണ്ടോ…? ഒരൊറ്റ വാചകം അവന്റെ മുഖത്ത് നോക്കി പറഞ്ഞാമതി, രുദ്രേട്ടാ ഐ ലവ് യു… കാര്യം കഴിഞ്ഞു…”
വൃന്ദ അവനെ നോക്കി
“ഇല്ലേ… ദേ നോക്ക്, ഇവിടുള്ള സകല പിടക്കോഴികളുടെയും നോട്ടം അവന്റെ മേലാണ്… മനുഷ്യന്റെ കാര്യമാണ് ചിലപ്പോ അവൻ നിങ്ങളുടെ സ്വപ്നവും തന്നെയുമൊക്കെ മറന്നെന്നു വരും…”
വൃന്ദ ചുറ്റും നോക്കി,
‘ഭൈരവേട്ടൻ പറഞ്ഞപോലെ ഒട്ടുമിക്ക പെൺപിള്ളേരുടെയും നോട്ടം കുഞ്ഞിടേട്ടന്റെ മേലാണ്, ഇവറ്റകൾക്ക് വീട്ടിൽ ചോദിക്കാനും പറയാനുമൊന്നും ആരുമില്ലേ, അല്ലങ്കിൽ തന്നെ അവരെ പറയുന്നതെന്തിനാ, ഇങ്ങേർക്ക് ആ ഷർട്ടിന്റെ മുകളിലത്തെ ബട്ടണെങ്കിലും ഇട്ടൂടെ, വെറുതെ മസിലെല്ലാം നാട്ടുകാരെ കാണിക്കാതെ…’
അവൾ കുശുമ്പോടെ നെറ്റി ചുളിച്ച് ചുണ്ട് കൂർപ്പിച്ചു മനസ്സിൽ പറഞ്ഞു,
“ആഹ്…”
ഭൈരവിന്റെ നിലവിളി കേട്ടാണ് അവൾ അവനെ നോക്കിയത്, അപ്പോഴാണ് അവളിത്രനേരവും കുറുമ്പോടെ രുദ്രിനെ നോക്കികൊണ്ട് ഭൈരവിന്റെ കയ്യിൽ നുള്ളിപ്പിടിച്ചിരിക്കുകയായിരുന്നുവെന്ന് അറിഞ്ഞത്, അവൾ കൈ പിൻവലിച്ചു,
“അയ്യോ… സോറി ഏട്ടാ… ഞാനറിഞ്ഞില്ല… സോറി… നോക്കട്ടെ കൈ…”
അവൾ അവന്റെ കൈ പിടിച്ചു നോക്കികൊണ്ട് പറഞ്ഞു