വൃന്ദ അത് കണ്ട് തേങ്ങികരഞ്ഞു, ഭൈരവ് വിഷമത്തോടെ വൃന്ദയെ നോക്കി
“മോളേ… വെറും പാവമാ മോളേ ഇവൻ, സ്നേഹിക്കുന്നവർക്കുവേണ്ടി എന്തുചെയ്യും, ഇന്നേവരെ അവൻ ഒരു കാര്യത്തിനും ഇതുപോലെ വാശിപിടിച്ചിട്ടില്ല… മോളെന്നു വച്ചാൽ ഇവന് ജീവനാ… മോക്കറിയോ… എന്നും ഉറക്കമെഴുന്നേറ്റ് സ്വപ്നത്തിൽ കണ്ട അവന്റെ പെൺകുട്ടിയെപ്പറ്റി പറയുമ്പോൾ ഞാനവനെ കളിയാക്കിയിട്ടുണ്ട്… പക്ഷേ ഇവന്റെ പ്രതീക്ഷ കാണുമ്പോ സത്യത്തിൽ പേടി തോന്നിയിട്ടുണ്ട്.. അവനാ പെൺകുട്ടിയെയും തേടി നടക്കുമ്പോൾ ഇവന് ഭ്രാന്താണെന്ന് പോലും തോന്നിയിട്ടുണ്ട്… പിന്നെ ഒരു നിയോഗം പോലെ മോളേക്കണ്ടപ്പോ മോളുടെ സ്വപ്നത്തേക്കുറിച്ചറിഞ്ഞപ്പോ അത്ഭുതമായിരുന്നു… മോളോരിക്കലും ഇവനെ വിഷമിപ്പിക്കരുത്… മോളോട് യാചിക്കുകയാണ്… അവന് അതിനുള്ള അർഹതയുണ്ടെങ്കിൽ എന്റെ രുദ്രിന് അവന്റെ സ്നേഹം തിരികെ കൊടുത്തൂടെ… നിങ്ങൾക്ക് വേണ്ടി എന്റെ ജീവൻ ഞാൻ പകരം തരാം…”
ഭൈരവ് കൈകൂപ്പി യാചിച്ചു
അത് കണ്ട് വൃന്ദ അന്ന് ഞെട്ടി
“അയ്യോ… ഏട്ടാ അരുത്… എന്നോട് ഇങ്ങനൊന്നും പറയരുത്… അർഹതയില്ലാത്തത് കുഞ്ഞീടേട്ടനല്ല… എനിക്കാണ്… ശാപം കിട്ടിയ ഈ എനിക്ക്… എനിക്ക് പേടിയാണേട്ടാ ഞാൻ കാരണം കുഞ്ഞീടേട്ടന് എന്തെങ്കിലും സംഭവിക്കോ എന്ന്…”
അവൾ അവന്റെ കൈ കൂട്ടിപ്പിടിച്ചു എങ്ങലടിച്ചു
“മോളുടെ ജാതക ദോഷം അറിഞ്ഞു തന്നെയാണ് ഞാൻ പറയുന്നത്… ചിലപ്പോ ദൈവം നിങ്ങളുടെ രണ്ടുപേരുടെയും എല്ലാ ദോഷങ്ങളും മാറ്റാനായിരിക്കും നിങ്ങളെ ചേർത്ത് വയ്ക്കുന്നത്… ഇതെല്ലാം ഒരു നിമിത്തമായിരിക്കും… മോളാലോചിക്ക്… നല്ലൊരുത്തരം കണ്ട് പിടിക്ക്…”
ഭൈരവ് പറഞ്ഞു
വൃന്ദ അപ്പോഴും തേങ്ങികരഞ്ഞുകൊണ്ടിരുന്നു
“പിന്നെ ഇപ്പൊ നടന്നതെല്ലാം നമ്മള് മാത്രമറിഞ്ഞാ മതി കേട്ടോ…?”
അവൻ പറഞ്ഞു, അതിനവളൊന്ന് മൂളി
“എന്നാ മോള് പൊയ്ക്കോ… ഞാൻ കൊണ്ടാക്കണോ…?”
അവൾ വേണ്ടെന്ന് തലയാട്ടി, പിന്നീട് രുദ്രിനെ ഒന്ന് നോക്കി പതിയെ പുറത്തേക്ക് നടന്നു
‘ഒരു പെണ്ണിന് ഇത്രത്തോളം ഒരു പുരുഷൻ പ്രീയപ്പെട്ടവനാകുമോ എന്ന് എനിക്കറിയില്ല… ഈ നിമിഷവും ഞാൻ എന്റെ ജീവനെപ്പോലെ സ്നേഹിക്കുന്നുണ്ട് ആ മനുഷ്യനെ… പക്ഷേ ഞാൻ കാരണം ഒരു മുള്ളുപോലും ആ ദേഹത്തേൽക്കുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല… കാവിലമ്മേ എന്ത് ഭയങ്കരമായ വിധിയാണെന്റേത്…’
എല്ലാം ആലോചിച്ചു വൃന്ദയ്ക്ക് നെഞ്ച് പൊട്ടുമ്പോലെ തോന്നി, രുദ്ര് തന്റെ ആരോ ആണെന്ന തോന്നൽ അവളിൽ വർധിച്ചു കിടക്കാനായി വന്നപ്പോൾ അവളുടെ കണ്ണുനീർ തലയിണയെ നനച്ചു