അവൻ പരിഭ്രമത്തോടെ പറഞ്ഞു
“എന്റെകൂടെ കളിക്കോ…?”
“കളിക്കാം…”
“സത്യം…??”
“സത്യം…”
കണ്ണൻ പറഞ്ഞു
കുഞ്ഞി കണ്ണനെവിട്ട് പുറംകൈകൊണ്ട് കണ്ണ് തുടച്ചു,
പിന്നീട് മാവിന്റെ ചുവട്ടിലിരുന്ന സമ്മാനപ്പൊതി എടുത്തു കണ്ണന് നേരേ നീട്ടി, കണ്ണൻ ഒന്നും മനസ്സിലാകാതെ പൊതിയേയും അവളെയും മാറി മാറി നോക്കി
“മേടിക്ക് കണ്ണേട്ടാ…”
കുഞ്ഞി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, കണ്ണനും ഒന്ന് പുഞ്ചിരിച്ചിട്ട് സമ്മാനപ്പൊതി വാങ്ങി
“തുറന്നുനോക്ക്…”
സമ്മാനം തിരിച്ചും മറിച്ചും നോക്കുന്ന കണ്ണനെ നോക്കികൊണ്ട് കുഞ്ഞി പറഞ്ഞു
കണ്ണൻ പതിയെ സമ്മാനം തുറന്നു
ഒരു ചോക്ലേറ്റ് ബോക്സ്, അതിനു മുകളിൽ ഒരു ചിത്രം വെള്ളപേപ്പറിൽ ഭംഗിയായി വരച്ചു വച്ചിട്ടുണ്ട്, ഒരു പെൺകുട്ടിയെ തോളിലിരുത്തി പറക്കുന്ന സൂപ്പർമാന്റെ ചിത്രം, തൊട്ടടുത്ത് അതിനൊപ്പം പറക്കുന്ന ചിറകുള്ള ഒരു നായ, സൂപ്പർമാന്റെ മുഖം കണ്ണന്റെ മുഖം പോലെയും പെൺകുട്ടി കുഞ്ഞിയെപോലെയും ആണ് വരച്ചിരിക്കുന്നത്, താഴെ ചുവപ്പുനിറത്തിൽ
“മൈ സൂപ്പർഹീറോ…കണ്ണേട്ടൻ”
എന്നെഴുതിയിരിക്കുന്നു, കണ്ണന്റെ മുഖം സന്തോഷംകൊണ്ട് വിടർന്നു
“എന്താ സൂപ്പർഹീറോ…?? “
അവൻ ചോദിച്ചു
“നമ്മളെ ആപത്തുകളിൽനിന്നും രക്ഷിക്കുന്ന ആളാണ് സൂപ്പർഹീറോ… ഇപ്പൊ കണ്ണേട്ടനാ എന്റെ സൂപ്പർഹീറോ…”
കുഞ്ഞി ആവേശത്തോടെ അവനെ ചേർന്ന് നിന്ന് പറഞ്ഞു
കണ്ണൻ ബോക്സ് തുറന്ന് ഒരു ചോക്ലേറ്റ് എടുത്ത് കുഞ്ഞിയുടെ വായിൽ വച്ചുകൊടുത്തു, കുഞ്ഞി തിരിച്ചും കൊടുത്തു,
“ഇതാരാ വരച്ചത് കുഞ്ഞിയാണോ…??”
“അല്ല… ഏട്ടനെക്കൊണ്ട് ഞാൻ വരപ്പിച്ചതാ…”
കുഞ്ഞി വായിലെ ചോക്ലേറ്റ് ഒരു സൈഡിലേക്കൊതുക്കിക്കൊണ്ട് പറഞ്ഞു
“കുഞ്ഞിക്ക് ഞാനൊരു സമ്മാനം തരട്ടേ…??”
കണ്ണൻ അവളുടെ മുഖത്ത് നോക്കിക്കൊണ്ട് ചോദിച്ചു
“എന്ത് സമ്മാനാ കണ്ണേട്ടാ…??”
“അതൊക്കെയുണ്ട്…വാ…”
കണ്ണൻ അത്രയും പറഞ്ഞ് കുഞ്ഞിയുടെ കയ്യിൽപിടിച്ചു അകത്തേക്കോടി,
“ആഹാ… രണ്ടുപേരുടേം പിണക്കം തീർന്ന് കൂട്ടായോ…”
അവരെക്കണ്ട ലത ചിരിച്ചുകൊണ്ട് ചോദിച്ചു
കുഞ്ഞിയും കണ്ണനും നാണത്തോടെ പുഞ്ചിരിച്ചു
പിന്നീട് അകത്തേക്ക് കയറിഓടി
കണ്ണൻ തന്റെ മുറിയിലെത്തി അവനെന്തോ എടുത്ത് പിറകിൽ പിടിച്ചു, കുഞ്ഞീടെ മുന്നിലെത്തി
“കുഞ്ഞി… കണ്ണടയ്ക്ക്….”
കണ്ണൻ പറഞ്ഞു
കുഞ്ഞി കണ്ണടച്ചു
“ഇനി കൈനീട്ട്…”
കുഞ്ഞി പതിയെ കൈനീട്ടി, കണ്ണൻ കയ്യിലിരുന്ന അവളുടെ റ്റെഡി അവളുടെ കയ്യിൽ വച്ചുകൊടുത്തു, കുഞ്ഞി പതിയെ കണ്ണ് തുറന്നു,