യക്ഷി 3 [താർക്ഷ്യൻ]

Posted by

 

അന്ന് എന്റെ അപ്പന്റെ ആട്ടു കേട്ട് പേടിച്ച് കിളി പോയത് ഞാൻ മാത്രം ആയിരുന്നില്ല; പൊടി കുഞ്ഞായിരുന്ന സോഫിയെടെ രണ്ടു പൂച്ചക്കണ്ണി മക്കളും കൂടി ആയിരുന്നു. മൂത്തത് എന്നേക്കാൾ പ്രായം ഉണ്ടായിരുന്നതിനാലും ഇതിലും വലിയ തെറികൾ കുടുംബക്കാരെ അടുത്ത് നിന്നും നാട്ടുകാരെ അടുത്തു നിന്നും ധാരാളം കേട്ടിട്ടുള്ളതിനാലും നിസ്സംഗയായി നിന്നു. എന്നാൽ ഇളയത് പേടിച്ച് ഓടി, ആളുമാറി ചെന്ന് വട്ടം ചുറ്റി കെട്ടി പിടിച്ചത് ലക്ഷ്മി ടീച്ചറുടെ കാലിൽ ആയിരുന്നു. അതോടെ അതുവരെ മിണ്ടാതിരുന്ന അമ്മ, ആ കുഞ്ഞിനെ എടുത്ത് മാറോട് അടക്കി  ഈണത്തിൽ നീട്ടി വിളിച്ചു.

“കോശിച്ചാ”…

ആ ഒറ്റ വിളിയിൽ ഞങ്ങടെ തോട്ടത്തിൻ്റെ കിഴക്കേ അതിരിൽ ഒരു കൊച്ചു കൂര പൊങ്ങി. ആവശ്യം വേണ്ട വീട്ടു സാധനങ്ങൾക്കും കുഞ്ഞുങ്ങൾക്ക് വേണ്ട പോഷകാഹാരത്തിനുമെല്ലാം ആയി ദമ്പിടി ഒരുപാട് ചിലവുള്ള സമയം ആയതിനാൽ കരഞ്ഞ് നിന്ന കുഞ്ഞിനെ ചേർത്ത് പിടിച്ച്, ലക്ഷ്മി ടീച്ചർ തന്റെ താലിമാലയുടെ ലോക്കറ്റ് മാത്രം കടിച്ചെടുത്തു ഊരിമാറ്റി ആ മാല അങ്ങ് കുഞ്ഞിന്റെ കഴുത്തിലേക്ക് ഇട്ടു കൊടുത്തു…

അന്ന് ഞാൻ തീരുമാനിച്ചു… എന്നെങ്കിലും ഞാൻ ഒരു കോടീശ്വരൻ ആയാൽ, ശങ്കരാചാര്യർ പണ്ട് ഭാരതത്തിൻ്റെ നാല് അതിരിൽ മഠങ്ങൾ സ്ഥാപിച്ചത് പോലെ ലക്ഷ്മി ടീച്ചർക്ക് ഞാൻ നാല് അമ്പലങ്ങൾ പണിയും..!! കാരണം കുട്ടി ആയ എൻ്റെ കണ്ണുകൾ പോലും നിറച്ച ഒരു കാഴ്ച ആയിരുന്നു അത്…

പക്ഷെ അന്ന് ഈ കാഴ്‌ച കണ്ട് പിശുക്ക് രക്തത്തിൽ ഉള്ള എൻ്റെ അപ്പൻ അബ്രഹാം കോശിയുടെ കണ്ണ് തള്ളിയ ഒരു തള്ളൽ… ആ കണ്ണൊരു ടെലസ്‌കോപ്പ് ആയിരുന്നെങ്കിൽ നെപ്റ്റ്യൂണിലെ കുഴികക്കൂസ് വരെ വ്യക്തമായി അതിനകത്തൂടെ കണ്ടേനെ !!

 

സോഫിയ ചേച്ചിയുടെ കഥ ഇവിടെ അവസാനിച്ചു എന്ന് കരുതിയെങ്കിൽ തെറ്റി… ഇനിയാണ് ആരംഭിക്കുന്നത് !

തോട്ടത്തിൻ്റെ കിഴക്കൻ അതിരിൽ വെച്ച്കെട്ട് കൂരയും കഷ്ടപ്പെട്ട് പണിയെടുത്ത് കാശ് കൂട്ടി വെച്ച് രണ്ട് മൂന്ന് കറവ പൈക്കളെയും വാങ്ങി ഞങ്ങടെ വീട്ടിൽ നിന്ന് കിട്ടുന്ന അരിയും മറ്റും ആയി തട്ടി മുട്ടി ഏതാണ്ട് സോഫിയ ചേച്ചിയുടെയും കുഞ്ഞുങ്ങളുടെയും അവരുടെ അമ്മച്ചി മറിയ ചേടത്തിയുടെയും ജീവിതം ഒന്ന് നേരെ നിൽക്കാൻ തുടങ്ങി. സർവ്വ സമയവും ദൈന്യത മുറ്റി നിന്ന അവരുടെയെല്ലാം മുഖത്ത് പുഞ്ചിരി വിരുന്ന് വന്ന കാലം…

Leave a Reply

Your email address will not be published. Required fields are marked *