ആദ്യമായി കോളേജിൽ പോകുന്നതിന്റെ എല്ലാ ഉത്ക്കണ്ഠയോടെയും ആണ് ഞാനും കോളേജിൽ പോയത്.. ചുറ്റുമുള്ളമുഖങ്ങളിൽ നിറഞ്ഞു നിൽക്കുന്ന അപരിചിതത്വം എന്നെ വല്ലാതെ വേട്ടയാടി. സ്വതവേ അന്തർമുഖിയായ ഞാൻ ആ തുരുത്തിൽ ഒറ്റപ്പെട്ടത് പോലെ തോന്നി.
കൈയിൽ ഒരു ബുക്കുമായി അമ്പതിനോട് അടുത്ത് പ്രായമുള്ള തലയിൽ കഷണ്ടി കയറിയ സാർ കയറി വന്നത് . ചൊടിയിൽ പുഞ്ചിരി ആണെങ്കിലും ആളുടെ കണ്ണുകളിൽ തളം കെട്ടിനിൽക്കുന്ന നിരാശ എന്തോ എന്റെ ഉള്ളിൽ നോവുണർത്തി.
ചിത്രവർദ്ധൻ ഞങ്ങളുടെ കെമിസ്ട്രി അദ്ധ്യാപകൻ. അദ്ദേഹത്തിന്റെ ക്ലാസുകൾക്ക് വേണ്ടിയുള്ളതായി കോളേജിലേ എന്റെ പോക്കുവരവുകൾ. അദ്ദേഹത്തെ ഒന്ന് കാണാൻ ഓരോ ഇടവേളകളിലും ഞാൻ സ്റ്റാഫ് റൂമിന് ചുറ്റും റോന്ത് ചുറ്റുമായിരുന്നു.
അദ്ദേഹത്തെ കാണാത്ത ദിവസങ്ങളിൽ എന്നിൽ ഉടലെടുക്കുന്ന നിരാശയെ എന്ന് മുതൽ ആണ് ഞാൻ ഭയക്കാൻ തുടങ്ങിയത്. മാഷിന്റെ ക്ലാസ്സിൽ എന്നും ഒന്നാമതെത്തി ആ മനുഷ്യന്റെ ഉള്ളിൽ പ്രിയപ്പെട്ട ശിഷ്യയുടെ സ്ഥാനം കണ്ടെത്തിയിരുന്നു ഞാൻ. എന്നിലെ മാറ്റം തിരിച്ചറിഞ്ഞത് തൊട്ടു ഞാൻ ഭയക്കാൻ തുടങ്ങി. എന്റെ കള്ളത്തരം മാഷിന് മനസ്സിൽ ആവുമോ എന്ന പേടി പിന്നീട് മാഷിന്റെ മുഖത്തു നോക്കുന്നതിൽ നിന്നും എന്നെ വിലക്കി.
തലവേദനയെടുത്തു ലൈബ്രറിയിൽ ആളൊഴിഞ്ഞ മൂലയിൽ ഡെസ്കിൽ തലവെച്ചു ഞാൻ കിടക്കുമ്പോൾ എന്റെ അരികിൽ വന്നു വേദന കുറഞ്ഞോ വേപഥുപൂണ്ട് ചോദിച്ച സാറിന്റെ കണ്ണിൽ കണ്ട വേദന ഉള്ളിൽ കുഴിച്ചുമൂടാൻ ഞാൻ ശ്രമിക്കുന്ന ആഗ്രഹങ്ങളെ വീണ്ടും വളർത്തി.. എന്നെ സ്വപ്നം കാണാനും കാണുന്ന സ്വപ്നങ്ങളെ താലോലിക്കാനും പഠിപ്പിച്ചത് സാർ ആണ്..
ചെയുന്നത് പാപമാണ് എന്ന് ഉള്ളിൽ നിന്ന് ഒരു പാതി അലമുറയിട്ടപ്പോളും മറുപാതി അതിനെ എതിർത്തു. എന്നെക്കാൾ മുപ്പതു വയസ് വ്യത്യാസമുള്ള ഒരു ഭാര്യയും രണ്ടുമക്കളുടെ അച്ഛനും ആയ ഒരാളോട് എനിക്ക് പ്രണയം തോന്നുക എന്ന് പറയുന്നത് എല്ലാവരുടെയും കണ്ണിൽ തെറ്റാണ്..
എന്തോ എന്റെ പ്രണയം മറ്റുള്ളവർക്ക് പറഞ്ഞു ചിരിക്കാൻ ഒരു നേരമ്പോക്ക് ആവാം എനിക്ക് അത് എന്റെ ജീവൻ ആണ്.. ഭാര്യയുമായി അകന്നു കഴിയുന്ന സാർ എന്നെ സ്നേഹിച്ചത് എന്ന് മുതൽ ആണ്..എന്റെ ഉള്ളിൽ പൂവിട്ട പ്രണയം ഞാൻ തുറന്നു പറഞ്ഞില്ലെങ്കിലും സാർ അത് മനസ്സിലാക്കിയിരുന്നു.. വാത്സല്യം കലർന്ന സ്നേഹം അതായിരുന്നു സാറിനു എന്നോട്..
സാർ കോളേജ് മാറി പോവുന്നു അറിഞ്ഞ ദിവസം എല്ലാവരോടും യാത്ര പറഞ്ഞു കോറിഡോറിലൂടെ നടന്നു നീങ്ങുന്ന സാറിനെ പുറകിൽ നിന്നും പുണർന്നു ഞാൻ എന്റെ ഇഷ്ടം പറയുമ്പോൾ മറ്റുള്ളവർ നോക്കിനിൽക്കുന്നത് ഒന്നും ഞാൻ ശ്രദ്ധിച്ചില്ല. എന്റെ കണ്ണുകളുമായി കോരുത്ത ആളുടെ കണ്ണിൽ നിറഞ്ഞു നിൽക്കുന്ന നോവ് എന്നെ വല്ലാതെ ഉലച്ചുകളച്ചു.