മീനാക്ഷി കല്യാണം 6 [നരഭോജി]

Posted by

 

ഞാൻ കിട്ടിയ ബോണസ് ആസ്വദിച്ച് പിന്നാലെ നടന്നു. എൻ്റെ ലോകം മുഴുവൻ ഇപ്പോൾ അവളാണ്. ഈ മൂടികെട്ടിയ ലോകത്തിനപ്പുറം എനിക്കൊരു അനന്തമായ ആകാശവും, ക്ഷീരപഥങ്ങളും, അതിൽ താരാഗണളുമില്ല. ശൂന്യം.

 

മീനാക്ഷി …, അവൾക്ക് എന്നെകുറിച്ച് എല്ലാമറിയാം. മനസ്സിൽ എന്ത് വിചാരിക്കുന്നു, എന്ത് വിചാരിക്കാൻ സാധ്യതയുണ്ട് എന്ന് പോലുമറിയാം. എനിക്കവളെ കുറിച്ചൊരു ചുക്കും അറിയില്ല. എങ്കിലും ഒന്നറിയാം, എനിക്കവളെ ജീവനാണെന്നറിയാം. 

 

ഞാനവളെ നോക്കി. പൂത്തുലഞ്ഞ പറങ്കിമാവുകൾ അവളുടെ മുഖത്ത് നിഴൽചിത്രങ്ങൾ വരച്ചു കൊണ്ടിരുന്നു. പകലുകളിൽ രാത്രി മറന്നിട്ടുപോയ ഇരുൾചേലയുടെ കഷണങ്ങളെന്നപോലെ. 

 

എന്തെ ഞാൻ ഇന്നുവരെ ഇവളെ കണ്ടില്ല. ഒരിക്കൽ പോലും കണ്ടിട്ടില്ല, കേട്ടിട്ടേയുള്ളു. വൈകുന്നേരങ്ങളിൽ അമ്മയുടെ കാലുഴിഞ്ഞ് കൊടുക്കുമ്പോൾ, പലപൊട്ടും നുറുങ്ങുകളും. അമ്മയുടെ കുഞ്ഞുകൂട്ടുകാരി. പ്രണയം തോന്നാൻ മാത്രം സമയമുണ്ടായിരുന്നില്ല. നാട്, നാടകം, കൂട്ടുകാർ, രാവിലെ ഇറങ്ങിയാൽ രാത്രി വളരെ വൈകും തിരിച്ചെത്താൻ. യാതൊരു പണിയും ഇല്ലാത്ത സമയത്തായിരുന്നു എനിക്ക് തീരെ സമയമില്ലാതിരുന്നത്, ഇപ്പൊ പിന്നെയും സമയമുണ്ട്. ഓർത്തപ്പോൾ എനിക്ക് തന്നെ ചിരിവന്നു.

 

രാഘവമാമൻ ഡൽഹിയിലെ ജോലി വിട്ട്, ഇവിടെ വന്നിട്ടും അധികം നാളായിട്ടുണ്ടാവില്ല. അവളെ കണ്ടാൽ ചെറുപ്പം തൊട്ടേ പുറത്ത് വളർന്ന കുട്ടിയാണെന്ന് പറയുകയേയില്ല. അന്നൊക്കെ നാട്ടിൽ എവിടെ തിരിഞ്ഞാലും മീനാക്ഷിയുടെ ഭംഗിയെ പറ്റി ആരെങ്കിലുമൊക്കെ പറഞ്ഞ് കേൾക്കാം. പക്ഷെ അത്രയും വലിയ പരാജയം ആയിരുന്ന എനിക്ക്, ഇനിയൊരു പെണ്ണിൻ്റെ വായിന്ന് നിരസനം കൂടി കേൾക്കാൻ ഉള്ള ത്രാണിയിണ്ടായില്ല, അതുകൊണ്ട് ആ ഭാഗത്തേക്ക് ചിന്തപോയില്ല. എങ്കിലും കണണംന്ന് ഉണ്ടായിരുന്നു. അമ്മയ്ക്ക് അത്ര ഇഷ്ടം ഉള്ള സ്ഥിതിക്ക് കണ്ണടച്ച് തന്നെ പറയാം എനിക്കും ഇഷ്ടവുംന്ന്. ഇഷ്ടം ഉണ്ടാവണത് മനസ്സിലാണല്ലോ. അതുകൊണ്ടെന്നെ, എപ്പഴേലും അവളെ വേറെ ഏതേലും ബഡുക്കൂസ് പയ്യൻമാർക്ക് ആലോചിക്കണ കാര്യം പറയുമ്പോൾ, ഒരിക്കപോലും കണ്ടിട്ടില്ലെങ്കിലും നെഞ്ചില് ചെറുതായിട്ട് കൊളുത്തിവലിക്കണ പോലെ ഒരു വേദന തോന്നും. 

 

എന്തായാലും ഒരുവട്ടം കാലചക്രം കറങ്ങി തിരിഞ്ഞു വന്നപ്പോൾ അവളെന്നെയും നയിച്ച് എനിക്ക് മുമ്പെ നടപ്പുണ്ട്. ഇനിയൊരു വട്ടം കൂടി അതിന്റെ തിരിച്ചിലിനപ്പുറം ആലോചിക്കാനേ കഴിയുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *