മീനാക്ഷി കല്യാണം 6 [നരഭോജി]

Posted by

 

തുല്യമായ ഇടവേളകളിൽ തോണിയിൽ നിന്ന് ഉത്ഭവിക്കുന്ന ഓളങ്ങൾ പുഴയുടെ അനന്തതയിൽ ലയിച്ചില്ലാതെയായി. പതിയെ മടിയോടെ ഉദിച്ചുയർന്നു കൊണ്ടിരുക്കുന്ന സൂര്യൻ അലസ്യത്തിൽ ചുവന്നു തുടുത്തിരിക്കുന്നു. അതിൻ്റെ പ്രഭ പുഴയോളങ്ങളിൽ  തീർക്കുന്ന പ്രതിഫലനങ്ങളിൽ  മുഴുകിയിരുന്ന മീനാക്ഷി   ഇടയ്ക്കെപ്പോഴോ തലയുയർത്തിയത് എൻ്റെ മുഖത്തേക്കായിരുന്നു.  ഇതൊന്നുമറിയാതെ ഞാൻ അപ്പോഴും അവളെ നോക്കിയിരിക്കുകയാണെന്ന് മനസ്സിലായപ്പോൾ നാണം അരിച്ചെത്തി ആ മിഴികൾ താഴ്ന്നടഞ്ഞു. ഇത് പ്രണയമല്ലെങ്കിൽ പിന്നെയെന്താണ്. 

 

അവൾ ഞാനിരിക്കുന്ന പടകിലേക്ക് കടന്നിരുന്നു. തോളിൽ തലചായ്ച്ചു.  ഇതൊന്നും തന്നെ  ശ്രദ്ധിക്കാതെ  നിഷ്‌ഠുരനായ വള്ളക്കാരൻ പനാമാ ബീഡിയും പുകച്ച് തള്ളിക്കൊണ്ട് പിന്നോട്ട് തുഴയനക്കി. ആ പുകചുരുളുകളെ പിന്നിലുപേക്ഷിച്ചു കൊണ്ട് വെള്ളത്തിൽ ഓടുന്ന തീവണ്ടി കണക്കെ വള്ളം മുന്നോട്ട് നീങ്ങി.എല്ലാം പിറകിലുപേക്ഷിക്കുന്നത് തന്നെയാണ് മുന്നോട്ട് പോകാൻ ഏറ്റവും നല്ലത്. നമ്മളെല്ലാം തോണിയല്ലാതെ പോയി. അല്ലെങ്കിൽ തോണിക്കാരനോളം മരവിച്ച ജീവിത ദർശനം ഇല്ലാതെപോയി.

 

ഇത്രയും വളഞ്ഞ് മൂക്കു പിടിക്കണ്ട യാതൊരു വിധ ആവശ്യവുമില്ല. ഷൊർണ്ണൂര് തീവണ്ടിയിറങ്ങി. ബസ്സിലിവിടെ വരെ വരണ്ടി വന്നു. കാലം തെറ്റിയ മഴ. ട്രാക്കിലെല്ലാം വെള്ളം കയറി. പല റൂട്ടിലും തീവണ്ടി പിടിച്ചിട്ടിരിക്കുകയാണ്. ഇല്ലെങ്കിൽ കുറുമാലിക്കപ്പുറം നാട്ടിൽ നിറുത്തുന്ന ഏതെങ്കിലും ഒരു തീവണ്ടിയിൽ സ്ഥാനം പിടിക്കാമായിരുന്നു.

 

ഓളങ്ങൾക്കും കാറ്റിനും പതിവില്ലാത്ത വാത്സല്യം. കുറുമാലി അമ്മ തന്നെയാണ് അവൾക്ക് എന്നെയറിയാം. സമാധാനിപ്പിക്കാൻ നോക്കുന്നതാവും പാവം.

 

തെങ്ങും, തെങ്ങോലകളും, മാവും, വിളഞ്ഞ നേല്ലോലകളും, ഉറക്കച്ചട മാറാത്ത സുന്ദരിയെന്നോണം നാടും മഞ്ഞിൻ്റെ മറനീക്കി തെളിഞ്ഞ് വന്നു. 

 

കരയിലേക്ക് ബാഗും തൂക്കി ചാടിയിറങ്ങി ഞാൻ മീനക്ഷിക്കിറങ്ങാൻ കൈനീട്ടി. അവൾ പതിയെ എൻ്റെ കൈപിടിച്ചിറങ്ങി. കണ്ണെല്ലാം കരഞ്ഞ് കരഞ്ഞ് വീർത്തിരിപ്പുണ്ട്. 

 

ഞാൻ ഒരു ഒഴുക്കൻമട്ടിൽ കുറുമാലിപ്പുഴയെ നോക്കി അവൾക്കു മുകളിൽ ജഡ കെട്ടിയ വാർമുടിയെന്ന കണക്കെ മഴമേഘങ്ങൾ കൂടുകൂട്ടുന്നുണ്ട്. പെയ്യാൻ കാത്തു നിൽക്കുന്ന മഴ. ആ ഭീകരത അന്തരീക്ഷത്തിലും കണ്ണാടി കണക്കെയുള്ള പുഴയിലും പ്രതിഫലിക്കുന്നുണ്ട്. ഭീകരതയോട് എന്നും ഒരു കമ്പം മനുഷ്യന് മനസ്സിൽ ബാക്കി കിടപ്പുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *